നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അഡ്വക്കേറ്റ് രാംകുമാറാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത്. എന്നാൽ ദിലീപിന് ജാമ്യം നൽകുന്നതിനെതിരെ പ്രോസിക്യൂഷൻ ശക്തമായി വാദിക്കും. ദിലീപിന് ഇപ്പോൾ ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുമെന്നാകും പ്രോസിക്യൂഷന്റെ വാദം. ദിലീപ് ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യും. ജൂലായ് 17നാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. സർക്കാർ നിലപാട് അറിയിക്കാൻ വേണ്ടിയാണ് ഹർജി ഇന്നത്തേയ്ക്ക് മാറ്റിയത്.ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നേരത്തെ, അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.