നിർമ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകൽ: പ്രതികൾ കുറ്റം സമ്മതിച്ചു

0
154

നിർമാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനുള്ള സുനിൽകുമാറിന്റെ പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പിടിയിലായവർ സമ്മതിച്ചു. ടെമ്പോ ട്രാവലർ ഡ്രൈവർ ഇ കെ സുനീഷ്, ക്ലീനർ എബിൻ, റമദ ഹോട്ടൽ പ്രതിനിധിയായി പരിചയപ്പെടുത്തിയ അഷ്‌റഫ്, ലഗേജ് കയറ്റിവയ്ക്കാൻ സഹായിച്ച ബിബിൻ എന്നിവരാണ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു. നാലുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സുനീഷ്, എബിൻ, ബിബിൻ, അഷ്‌റഫ് എന്നിവരെയുംകൊണ്ട് വ്യാഴാഴ്ച രാവിലെ അന്വേഷണ സംഘം എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ, പൊന്നുരുന്നി, ഗോകുലം പാർക്ക് എന്നിവിടങ്ങളിലെത്തിച്ച്  പ്രാഥമിക തെളിവെടുത്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതിന് വെള്ളിയാഴ്ച എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകും. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്താനുള്ള സുനിയുടെ പദ്ധതിയിൽ നാലുപേരും പങ്കാളികളായിരുന്നുവെന്ന് എസിപി കെ ലാൽജി പറഞ്ഞു.

ആറുവർഷം മുമ്പ് നടന്ന കേസിലെ പ്രധാന പ്രതി സുനിൽകുമാറിനെ ചോദ്യം ചെയ്തുവരികയാണ്. നടിയെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച ടെമ്പോ ട്രാവലർ തമിഴ്‌നാട്ടിലേക്ക് കടത്തിയതായാണ് സൂചന. ഇത് കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി സുനിയെ തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് സിഐ എ അനന്തലാൽ പറഞ്ഞു. റിമാൻഡ് ചെയ്യപ്പെട്ട നാലുപേരെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
ജോണി സാഗരിക നിർമിച്ച ‘ഓർക്കൂട്ട് ഒരു ഓർമക്കൂട്ട്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. എറണാകുളം സൗത്ത് റെയിൽവേസ്‌റ്റേഷനിൽ എത്തിയ നടിയെ ടെമ്പോ ട്രാവലറിൽ തട്ടിക്കൊണ്ടുപോകാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്. വാഹനം റൂട്ട്മാറി സഞ്ചരിച്ചതോടെ നിർമാതാവിനെയും ഭർത്താവിനെയും നടി ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോർട്ടിനു മുന്നിൽ നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here