ബിജെപി കോഴ : എന്താ പിണറായി കേസില്ലേ ?

0
3873

by വെബ്‌ ഡെസ്ക്

കേന്ദ്രഭരണം മറയാക്കി ബിജെപി നേതാക്കള്‍ ഉള്‍പെട്ട മെഡിക്കല്‍കോളേജ് കോഴ വിവാദം പുറത്തുവന്നപ്പോഴും സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അത്ഭുതം സൃഷ്ടിക്കുന്നു. ബിജെപിയെ അടിക്കാന്‍ ഏറ്റവും നല്ല വടി കിട്ടിയിട്ടും വി.എസ്. അച്യുതാനന്ദന്‍ ഒഴികെയുള്ള സി.പി.എം നേതാക്കളോ മന്ത്രിമാരോ ആരും തന്നെ വിഷയത്തില്‍ ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല. എല്ലാ കാര്യത്തിലും ഇടപെട്ട് ഇടതു സര്‍ക്കാറിനെ പ്രതിരോധത്തില്‍ ആക്കുന്ന സി.പി.ഐയും മൗനംഭജിച്ചു എന്നതാണ് രസകരമായ വസ്തുത.

കോഴ വാങ്ങിയെന്ന് ബിജെപി സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചു കഴിഞ്ഞു, വാങ്ങിയ സംസ്ഥാന സഹകരണ കണ്വീനര്‍ വിനോദിനെ പുറത്താക്കി മുഖം രക്ഷിക്കുകയും ചെയ്തു. കേന്ദ്ര നേതൃത്വവും ആരോഗ്യ മന്ത്രിയും മെഡിക്കല്‍കോളേജ് സീറ്റ് ഉയര്‍ത്താന്‍ കോഴ നല്‍കിയ കേസില്‍ അന്വേഷണവും പ്രഖ്യാപിച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. ഒരു പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം വെച്ച് ഒതുക്കി തീര്‍ക്കേണ്ട ഒന്നല്ല ഈ കോഴ വിവാദം എന്ന് സി.പി.എം -സി.പി.ഐ നേതാക്കളും രഹസ്യമായി സമ്മതിക്കുന്നുണ്ട്. മെഡിക്കല്‍ കൌണ്‍സില്‍ നല്‍കുന്ന അംഗീകാരത്തില്‍ ആണ് കോഴ വിവാദം കരി നിഴല്‍ വീഴ്ത്തിയിരിക്കുന്നത്. കോഴ പണം ഡല്‍ഹിയില്‍ എത്തിച്ചത് ഹവാല വഴിയാണ് എന്ന് ബിജെപി അന്വേഷണ റിപ്പോര്‍ട്ടില്‍ പോലും ഉണ്ട്. പാലക്കാട്‌ മെഡിക്കല്‍കോളേജിലും സമാനമായ കോഴ ഉണ്ടായിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.   ആര്‍ക്കൊക്കെ കോഴ കിട്ടുന്നുവെന്ന് അന്വേഷിക്കേണ്ടതും, സത്യം വെളിവാക്കേണ്ടതും സര്‍ക്കാരിന്‍റെ കടമ അല്ലെ ?   ഇതില്‍ സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണം അനിവാര്യമാണ് എന്നത് പകല്‍ പോലുള്ള സത്യവും. എന്നിട്ടും പിണറായി സര്‍ക്കാര്‍ അനങ്ങിയിട്ടില്ല. എന്ത് കൊണ്ട് ? നേരത്തെ സംസ്ഥാന സര്‍ക്കാരിനെ ഉന്നം ഇട്ടു പുതിയ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരത്തെ കുറിച്ചും മറ്റുമുള്ള കാര്യങ്ങള്‍ സംശയകരമാണ് എന്ന തരത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപെട്ടിരുന്നതാണ്. അപ്പോള്‍ രാഷ്ട്രീയ കക്ഷി ഭേദമെന്യേ ഇത്തരം ഒരു സംശയം നിലനില്‍ക്കുന്നുണ്ട് എന്ന് വ്യക്തം.

ബിജെപിയെ പ്രതിരോധിക്കാന്‍ സി.പി.എമ്മിന് ഇതിലും നല്ല വടി ഇല്ല എന്നതാണ് സത്യം.  മൂന്നു കൊല്ലം തികച്ച മോഡി സര്‍ക്കാര്‍ തങ്ങളുടെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിച്ചത് അഴിമതി രഹിത ഇടപെടലുകള്‍ ആണ്. ഈ പ്രതിശ്ചായ ദേശീയ തലത്തില്‍ തന്നെ തകരും എന്നതിനാലും പാര്‍ലിമെന്റിലും ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചയായാല്‍ സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തില്‍ ആകുമെന്നും അറിയാവുന്നത് കൊണ്ടാണ് ഗ്രൂപ്പുകള്‍ തമ്മിലുള്ള കോഴ കേസിലെ ചെളിവാരിയെറിയല്‍ നിര്‍ത്തി വെക്കാന്‍ ദേശീയ നേതൃത്വം ആവശ്യപെട്ടതും കാര്യങ്ങള്‍ വിനോദിനെ മാത്രം ബലിയാടാക്കുന്ന തരത്തിലേക്ക് പരിണമിക്കുന്നതും. പാര്‍ലിമെന്റില്‍ എം.ബി രാജേഷ് ഈ വിഷയം ഉന്നയിച്ചത് ഒഴിച്ചാല്‍ സംസ്ഥാന തലത്തില്‍ ഈ വിഷയം ചര്‍ച്ചയായി നിലനിര്‍ത്താന്‍ ഇടതു പക്ഷം എന്ത് കൊണ്ടോ താല്പര്യം കാട്ടുന്നില്ല.പ്രത്യേകിച്ചും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ച ഈ മഹാസമ്പര്‍ക്ക പരിപാടി ഓഗസ്റ്റ് ഒന്നിനു തുടങ്ങുമ്പോള്‍ പോലും.മിസ്ഡ് കോളിലൂടെ കേരളത്തില്‍ ബി.ജെ.പി. അംഗത്വമെടുത്ത 21 ലക്ഷം പേരെ തിരഞ്ഞ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മുതല്‍ ബൂത്തുതല നേതാക്കള്‍വരെ വീടുകള്‍ കയറിയിറങ്ങുന്ന തരത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും വലിയ അടിത്തട്ടിലുള്ള പ്രവര്‍ത്തനം ആണ് തുടക്കം കുറിക്കാന്‍ പോകുന്നത്. ബിജെപി നിര്‍ണായകമായി കാണുന്ന ഈ പരിപാടി മുന്നില്‍ നില്‍ക്കുമ്പോഴും അവിടൊരു പ്രതിരോധം തീര്‍ക്കാന്‍ ഇടതു കക്ഷികള്‍ക്ക് ആകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

LEAVE A REPLY

Please enter your comment!
Please enter your name here