by വെബ് ഡസ്ക്
സംസ്ഥാന ബിജെപിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴി തുറന്ന മെഡിക്കല്‍ കോളേജ് അനുമതിക്കുള്ള കോഴയില്‍ ഉള്‍പ്പെട്ട സംസ്ഥാന ബിജെപി നേതാവ് കോഴ പണം കൈമാറിയത് ഹവാല റാക്കറ്റിലൂടെ. നോട്ടു നിരോധനം മൂലം കള്ളപ്പണവും ഹവാലയും ഇല്ലാതെ ആക്കും എന്ന് വീമ്പിളക്കിയ പ്രധാനമന്ത്രിയുടെ പാര്ട്ടിക്കാരന് തന്നെയാണ് ഹവാല റാക്കറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് എന്നതാണ് വസ്തുത. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള ഹവാല ഇടപാടുകാരിലൂടെയാണ് കോഴ പണം ഡല്‍ഹിയില്‍ എത്തിച്ചതെന്ന് ബിജെപി സംസ്ഥാന സഹകരണ സെല്‍ അധ്യക്ഷന്‍ ആര്.എസ്.വിനോദ് തന്നെ വെളിവാക്കിയിട്ടുണ്ട്.
കോളേജിന് അംഗീകാരം വാങ്ങിനല്‍കാമെന്ന് വാഗ്ദാനം നല്കി 5.60 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്ന് വര്‍ക്കല എസ്.ആര്. എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ആര്. ഷാജി പാര്‍ട്ടിനേതൃത്വത്തിന് മെയ് 19-ന് പരാതി നല്‍കിയിരുന്നു. നേതാക്കളായ കെ.പി. ശ്രീശന്, എ.കെ.നസീര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് അഴിമതി നടന്നതായി വ്യക്തമാക്കുന്നത്. പരാതിക്കാരന്റെയും ആരോപണ വിധേയരായവരുടെയും മൊഴിയെടുത്ത കമ്മിഷന് അതില്‍ നിന്നാണ് അഴിമതി നടന്നതായി കണ്ടെത്തുന്നത്.
ബി.ജെ.പി. സഹകരണ സെല്‍ കണ്‍വീനറായ ആര്.എസ്. വിനോദ് പണം കൈപ്പറ്റി ഡല്‍ഹിയിലെ സതീഷ് നായര്‍ എന്ന ഇടനിലക്കാരന് കൈമാറിയെന്നാണ് മൊഴികളില്‍നിന്ന് വ്യക്തമാകുന്നത്. പരാതിക്കാരനായ ആര്. ഷാജി, തന്റെ കണ്‍സള്‍ട്ടന്റായ വിനോദില്‍നിന്ന് തന്റെ അറിവോടെ തുക ആര്.എസ്. വിനോദിന് നല്‍കിയെന്നാണ് മൊഴി.പണം കൈപ്പറ്റിയതായി തുറന്നു പറയുന്ന ബിജെപി നേതാവ് അത് തന്റെ ബിസ്സിനസിന്റെ ഭാഗമാണ് എന്നാണു ന്യായീകരിക്കുന്നത്. ഡല്‍ഹിയിലുള്ള സതീഷ് നായര്‍ക്ക് പണം എത്തിച്ചത് പെരുമ്പാവൂരുള്ള ഹവാല ഇടപാടുകാരന് വഴി ആണെന്ന് കമ്മീഷന് മുന്‍പാകെ വിനോദ് തുറന്നു സമ്മതിക്കുന്നുണ്ട്.
ഡല്‍ഹിയിലുള്ള സതീഷ് നായര്‍ക്ക് മെഡിക്കല്‍ കൗണ്‍സിലില്‍ നല്ല ബന്ധമാണുള്ളതെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. അദ്ദേഹം വഴി കേരളത്തില്‍ മറ്റു മെഡിക്കല്‍ കോളേജുകള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതിനായാണ്, മുമ്പ് കോഴിക്കോട്ടുകാരനായ ഡോ. നാസര്‍ ചെര്‍പ്പുളശ്ശേരിയില്‍ തുടങ്ങാന്‍ പോകുന്ന മെഡിക്കല്‍ കോളേജിന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വഴി അഞ്ചുകോടി നല്കി അംഗീകാരം നേടിയെന്ന് പറയുന്നത്.പ്രധാന ആരോപണ വിധേയനായ ആര്.എസ്. വിനോദ്, റിച്ചാര്‍ഡ് ഹേ എം.പി.യുടെ പ്രൈവറ്റ് സെക്രട്ടറിയായ കണ്ണദാസ്, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സഹായി രാകേഷ് ശിവരാമന്, ഡല്‍ഹിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ തുടങ്ങിയവരില്‍ നിന്നാണ് കമ്മിഷന് പ്രധാനമായും മൊഴിയെടുത്തത്.