ബി.ജെ.പി നേതാക്കൾ കോഴ വാങ്ങിയതിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷ ബഹളം. കേരളത്തിൽ നിന്നുള്ള സി.പി.എം എംപി എം.ബി. രാജേഷാണ് ഇത് സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ, സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ മേശയ്ക്ക് ചുറ്റുംകൂടി നിന്ന് അംഗങ്ങൾ പ്രതിഷേധിച്ചതോടെ സഭ ബഹളത്തിൽ മുങ്ങി. തുടർന്ന് 11.30 വരെ സഭ നിറുത്തി വയ്ക്കുന്നതായി സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു.
സ്വാശ്രയ മെഡിക്കൽ കോളജിന് കൂടുതൽ സീറ്റ് വാങ്ങി നൽകുന്നതിന് സംസ്ഥാന സഹകരണ സെൽ കൺവീനർ ആർ.എസ്. വിനോദാണ് 5.60 കോടി രൂപ കോഴ വാങ്ങിയത്.
ബി.ജെ.പി സംസ്ഥാന നേതാവായ എം.ടി രമേശിനും ഇതിൽ പങ്കുണ്ടെന്നാണ് കരുതുന്നത്. കേന്ദ്ര ഭരണത്തെ മറപറ്റി ബിജെപിയിലെ രണ്ട് ഗ്രൂപ്പുകളും കോഴ വാങ്ങുന്നുവെന്ന ആരോപണം ആദ്യം പുറത്തുകൊണ്ടുവന്നത് 24 കേരളയാണ്. ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരം ശ്രീശനും എ.കെ. നസീറും നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് തിരുവനന്തപുരം വർക്കല എസ്ആർ കോളേജ് ഉടമ ആർ. ഷാജിയിൽനിന്നും കോഴ കൈപ്പറ്റിയതായി തെളിഞ്ഞത്.