ബി.എസ്.പി അധ്യക്ഷ മായാവതിയുടെ രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു. നേരത്തെ മൂന്നുപേജ് അടങ്ങുന്ന രാജികത്ത് കൊടുത്തെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. രാജിക്കത്ത് നിര്ദ്ദിഷ്ടരൂപത്തില് അല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് രാജി നിരസിച്ചത്. രാജി വെയ്ക്കാനുള്ള കാരണം അംഗങ്ങളെ ധരിപ്പിക്കേണ്ടരീതിയില് ആയിരിക്കണമെന്ന് സഭാധ്യക്ഷന് ചൂണ്ടിക്കാട്ടി. രാജിയിലേക്ക് നയിക്കാനുണ്ടായ സംഭവം വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കയ്യെഴുത്ത് രൂപത്തിലാണ് മായാവതി ഇന്ന് രാജി സമര്‍പ്പിച്ചത്.
ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആ വിഷയത്തെക്കുറിച്ച് സഭയില്‍ സംസാരിക്കാന്‍ തനിക്ക് അനുവദം നല്‍കിയില്ല എന്ന് ആരോപിച്ചാണ് മായാവതി രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിന്റെ വിശദവിവരമാണ് മൂന്ന് പേജോളം വരുന്ന രാജിയില്‍ പരാമര്‍ശിച്ചത്. എന്നാല്‍ ഈ രാജിക്കത്ത് സമര്പ്പിച്ചുയെങ്കിലും കത്ത് നിര്‍ദ്ദിഷ്ട രൂപത്തില്‍ അല്ലെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ വാദിച്ചു.
സരന്പൂരിലുണ്ടായ ദളിത് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം സഭയില്‍ ചര്‍ച്ചയ്ക്കായി മായാവതി ഉയര്‍ത്തിയത്. മായാവതിക്ക് സഭയില്‍ അനുവദിച്ച സമയം മൂന്നു മിനിറ്റായിരുന്നു. എന്നാല്‍ വിഷയം സഭയില്‍ പറഞ്ഞു പൂര്‍ത്തിയാവുന്നതിനു മുന്‍പേ മായാവതിക്ക് അനുവദിച്ച മൂന്ന് മിനുട്ട് സമയം പൂര്‍ത്തിയായി എന്ന് ചെയര്മാന് മുന്നറിയിപ്പ് നല്കി. ദളിത് വിഭാഗങ്ങത്തിനു നേരെയുള്ള ആക്രമണങ്ങള്‍ മൂന്ന് മിനിട്ടില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വിഷയമല്ല എന്ന് മായാവതി വിശദീകരിച്ചു. എന്നാല്‍ മൂന്നുമിനിറ്റില്‍ അധികം സമയം സഭയില്‍ അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജി വെയ്ക്കുന്നതായി മായാവതി പ്രഖ്യാപിച്ചത്.
രാജ്യത്തെ ദളിത് വിഭാഗക്കാര്‍ക്കെതിരെ താന്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള അവസരം ലഭിച്ചില്ലെന്ന് അവര്‍ പരാതിപ്പെട്ടിരുന്നു. രാജ്യത്തെ പാവപ്പെട്ടവരെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് സാധിക്കുന്നില്ലെങ്കില്‍ ഞാന്‍ സഭയിലിരിക്കുന്നതിലും അര്‍ത്ഥമില്ലെന്നും അതിനാലാണ് താന്‍ രാജിവെയ്ക്കുന്നതെന്നും മായാവതി മാധ്യമങ്ങളോട് പറഞ്ഞു. ഒന്‍പത് മാസത്തെ കാലാവധി അവശേഷിക്കവെയാണ് മായാവതി എം.പി സ്ഥാനം രാജിവെച്ചത്.