നേതാക്കള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് കോഴ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച ആലപ്പുഴയില്‍ നടക്കാനിരുന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം മാറ്റിവച്ചു. ശനിയാഴ്ച നടക്കാനിരുന്ന സംസ്ഥാന കമ്മിറ്റി യോഗവും മാറ്റിവച്ചിട്ടുണ്ട്. വൈകിട്ട് മൂന്നിന് ആലപ്പുഴ ഹോട്ടല്‍ പമേരയില് നടക്കാനിരുന്ന യോഗം മാറ്റിവച്ചത് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പനി ബാധിച്ചതിനാലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ഇതിന് പകരമായി ശനിയാഴ്ച തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി യോഗം ചേരുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
സ്വകാര്യ കോളേജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിക്കാന്‍ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്ന നിലയില്‍ എത്തിയതോടെയാണ് യോഗം മാറ്റിയതെന്നാണ് സൂചന. കോര്‍ കമ്മിറ്റി കൂടുന്നതിന് പകരം സംസ്ഥാന കമ്മിറ്റി കൂടി ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നതെന്നാണ് വിവരം.