രണ്ടാമൂഴം: എംടി എന്തിന് ഭീമന്റെ കഥ എഴുതി

0
2370

എം.ടിയുടെ  ശതാഭിഷിക്ത വേള;
രണ്ടാമൂഴം പതിപ്പുകൾക്ക്  അൻപതിന്റെ നിറവും;
ഇപ്പോഴും ചോദ്യം ഉയരുന്നു,
‘രണ്ടാമൂഴ’ത്തിൽ എന്തുകൊണ്ട് ഭീമൻ?

by മനോജ്‌

മലയാളത്തിന്റെ പ്രിയ സാഹിത്യ നായകൻ എം.ടി.വാസുദേവൻ നായർ ശതാഭിഷിക്ത വേളയിലാണ്. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് എന്ന് കരുതപ്പെടുന്ന രണ്ടാമൂഴം നോവലും ഇപ്പോൾ അച്ചടിച്ച് വന്ന പതിപ്പിന്റെ കാര്യത്തിൽ  അൻപതിന്റെ നിറവിലാണ്.

എംടിയെ കേരളം ഒരിക്കലും മറക്കില്ല. മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒന്നായി  നിലകൊണ്ട ഭീമന് നായകവേഷം നൽകിക്കൊണ്ട് എംടി എഴുതിയ  രണ്ടാമൂഴവും കേരളം മറക്കില്ല. എംടിയെപ്പോലുള്ള ഒരു സാഹിത്യനായകൻ മഹാഭാരതത്തിൽ രൌദ്ര ഭാവത്തിൽ നിൽക്കുന്ന ഭീമനെ കേന്ദ്രകഥാപാത്രമാക്കി രണ്ടാമൂഴം എഴുതി  എന്ന ചോദ്യം പ്രസക്തമാകുന്നു.

1000 കോടി രൂപ ബഡ്ജറ്റിൽ, എംടി തന്നെ എഴുതുന്ന തിരക്കഥയിൽ മോഹൻലാലും മഞ്ചു വാര്യരും നായകരാകുന്ന രണ്ടാമൂഴം അണിയറയിൽ ഒരുങ്ങുന്ന സമയം കൂടിയാണിത്. രണ്ടാമൂഴം ഇന്ത്യയാകെ തന്നെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. കഥാപാത്ര പ്രശ്‌നത്തിൽ അല്ല ഹിന്ദു ഐക്യവേദിയുടെ ശശികല ടീച്ചർ ഉയർത്തിയ വിവാദത്തിന്റെ മറ പിടിച്ചാണ് രണ്ടാമൂഴം ചർച്ചയായത്. പ്രധാനമന്ത്രി വരെ ഇക്കാര്യത്തിൽ പ്രതികരിക്കുകയും ചെയ്തു.

ഈ രീതിയിലുള്ള ചർച്ചയല്ല രണ്ടാമൂഴത്തിനു ആവശ്യം. എന്തുകൊണ്ട് എംടി ഭീമനെ നായകനാക്കി രണ്ടാമൂഴം എഴുതി എന്നുള്ളതാണ്. മഹാഭാരതത്തിലെ നായകൻ ഭീമൻ അല്ല. മഹാഭാരതത്തിൽ നായക സ്ഥാനത്തേക്ക് എപ്പോഴും എല്ലാ വിരലുകളും കർണ്ണനിലേക്കാണ് വിരൽ ചൂണ്ടപ്പെട്ടത്.

കുട്ടികൃഷണ മാരാർ പോലെ വാഴ്ത്തിയതും എഴുതിയതും കർണ്ണനെക്കുറിച്ചായിരുന്നു. അതിനു ശേഷമാണ് കർണ്ണനെ നായകനാക്കി പി.കെ.ബാലകൃഷ്ണൻ എഴുതിയ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ വരുന്നത്. അതിനും മുൻപ് മറാഠി സാഹിത്യകാരനായ ശിവജി സാമന്ത് കർണ്ണനെ നായകനാക്കി മൃത്യുജ്ഞയം എന്ന നോവൽ എഴുതി.വരിഷ്ഠ  നോവലായി അത് മാറുകയും ചെയ്തു.

ദ്രൗപദിയെ നായികയാക്കി ഒഡീഷയിൽ പ്രതിഭാ റായി നോവൽ എഴുതിയിരുന്നു. രണ്ടാമൂഴത്തിനു മുൻപേ തന്നെ മലയാളിക്ക് മുൻപാകെയുണ്ട്. അതിനു വേഷം വി.ടി.നന്ദകുമാറിന്റെ കർണ്ണൻ വന്നു. അതിനുശേഷമാണ് എം.ടി.ഭീമനെ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ച് രണ്ടാമൂഴം എഴുതുന്നത്.

എന്തുകൊണ്ട് എംടി ഭീമനെ നായകനാക്കി രണ്ടാമൂഴം എഴുതി എന്ന ചോദ്യം ഉയരുന്നു. രണ്ടാമൂഴത്തിൽ തന്നെ വലിയ പ്രാധാന്യം അദ്ദേഹം യുധിഷ്ഠിരന് പോലും കൽപ്പിച്ച് നൽകിയില്ല. യുധിഷ്ഠിരൻറെ ധര്മ്മിഷ്ടത എംടി ഇഷ്ടപ്പെടുന്നുമില്ല. രൌദ്ര ഭീമനോടുള്ള അഭിവാഞ്ജ പൂർണ്ണമായും എംടി പ്രകടിപ്പിക്കുന്ന നോവലാണ് രണ്ടാമൂഴം.

വില്ലനെ ഹീറോയാക്കി മാറ്റുന്ന പ്രവണത എംടി പ്രദർശിപ്പിച്ച സിനിമയാണ് വടക്കൻ വീരഗാഥ. അതിൽ വടക്കൻപാട്ടിലെ വില്ലൻ കഥാപാത്രമായ ചതിയൻ ചന്തു നായക വേഷത്തിൽ അഭ്രപാളിയിലേക്ക് എത്തിക്കുകയാണ് എംടി ചെയ്തത്.

രൗദ്ര ഭീമനെ നായകനാക്കുന്നത് എംടി തന്നെ ന്യായീകരിച്ചിട്ടുണ്ട്. കൃഷ്ണദ്വൈപായനൻ നമുക്ക് വേണ്ടി അവശേഷിപ്പിച്ചു  പോയ ഒരു പാട് മൌനങ്ങളുണ്ട്. ഇടവേളകളുണ്ട്. കഥാതന്തുക്കളുണ്ട്. ആ ഇടവേളകളിലും, മൌനങ്ങളിലും പുതിയ കഥാപാത്രങ്ങളും, മൌനങ്ങളും കോറിയിട്ടുകൊണ്ട് പുതിയ കഥാപാത്രങ്ങൾ സൃഷ്ടിക്കാൻ നമുക്ക് അവകാശമുണ്ട്. എം.ടി.പറഞ്ഞിരുന്നു..

ഭീമനെ അപേക്ഷിച്ച് പതിന്മടങ്ങ് സാധ്യതകൾ ഉള്ള കഥാപാത്രമായി കർണ്ണൻ മഹാഭാരതത്തിൽ നിലകൊള്ളുന്നുണ്ട്. കർണ്ണൻ ഉൾപ്പെടുന്ന ഒരു പാട് അനശ്വര മുഹൂർത്തങ്ങൾ ഉണ്ട് മഹാഭാരതത്തിൽ. ഭീഷ്മർ ശരശയ്യയിൽ മരണാസന്നനായി കിടക്കുന്ന സമയം. എല്ലാവരും പോയി ഭീഷമരെ കണ്ടു.

കർണ്ണൻ പോകുന്നത് ഏറ്റവും ഒടുവിലാണ്. കർണ്ണന്റെ പ്രാപ്തി ഭീഷ്മർ അംഗീകരിച്ചിരുന്നെങ്കിലും ഭീഷ്മർക്ക് കർണ്ണനെ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടാണ് കർണ്ണൻ ഏറ്റവും ഒടുവിൽ ഭീഷ്മരെ കാണാനെത്തുന്നത്. കുരുവംശ  പാരമ്പര്യത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന ഭീഷ്മർ കർണന്റെ രീതികളെ വെറുപ്പോടെയാണ് കണ്ടത്.

അതുകൊണ്ട് തന്നെ കർണ്ണനെ ഭീഷ്മർ കിട്ടുന്ന സമയത്തെല്ലാം അവഹേളനം കൊണ്ട് മൂടിയിരുന്നു. ഇത് കർണ്ണനും ഭീഷ്മർക്കും അറിയാവുന്ന കാര്യവുമാണ്. അതുകൊണ്ട് തന്നെ ഭീഷ്മരും, ദ്രോണരും  വീണതിനു ശേഷം മാത്രമേ കർണ്ണൻ മഹാഭാരതയുദ്ധത്തിൽ ഇറങ്ങിയുള്ളൂ.

ഭീഷ്മർ വീണ സമയത്ത് തന്നെ കാണാനെത്തിയ കർണ്ണനോട് ഭീഷ്മർ സംസാരിക്കുന്നതും അനശ്വരമായ  മുഹൂർത്തമാണ്. ഭീഷ്മർ പറഞ്ഞു. എനിക്ക് നിന്നോടു ബഹുമാനമുണ്ട്. ഞാൻ നിന്നെ അവഹേളിച്ചത് മനസുകൊണ്ടല്ല,  നീ യുദ്ധത്തിൽ പങ്കെടുക്കാതിരിക്കാനാണ്. നീ പങ്കെടുത്തില്ലെങ്കിൽ പിന്നെ യുദ്ധമുണ്ടാകില്ല.

നിന്റെ മുകളിലാണ് ഈ യുദ്ധം തൂങ്ങി നിന്നത്. പാണ്ഡവർ നിന്റെ സഹോദരങ്ങളാണ്. ആ പാണ്ഡവരോടാണ് നീ യുദ്ധത്തിനു ഇറങ്ങുന്നത്. പക്ഷെ കർണ്ണൻ കാര്യ കാരണ സഹിതം അത് തള്ളിക്കളയുകയാണ്.

പാഞ്ചാലിയെ വേൾക്കാൻ വരുമ്പോഴും കർണ്ണനോട് ചോദ്യം ഉയരുന്നു. കുലമേത്, ജാതിയേത്. ഇങ്ങിനെ ഒട്ടനവധി അപമാനങ്ങൾ സഹിച്ചാണ് മഹാഭാരതത്തിൽ കർണ്ണന്റെ ജീവിതം മുന്നോട്ട് നീങ്ങുന്നത്.  ഇങ്ങിനെ വളരെ വികാരഭരിതമായ  ഒട്ടനവധി രംഗങ്ങൾ കർണ്ണനെ കേന്ദ്രീകരിച്ച് മഹാഭാരതത്തിലുണ്ട്.

എംടി തീർച്ചയായും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രം തന്നെയാവണം മഹാഭാരതത്തിലെ കർണ്ണനെ. എംടിയുടെ ആത്മാശങ്ങളോട് ചേർന്ന് നിൽക്കുന്ന ഒട്ടനവധി സ്വഭാവ സവിശേഷതകൾ ഉള്ള കഥാപാത്രം കൂടിയാണ് കർണ്ണൻ. എന്നിട്ടും എംടി കർണ്ണനെ തൊട്ടില്ല.

ഇവിടെയാണ് എന്തുകൊണ്ട് എംടി രണ്ടാമൂഴത്തിൽ ഭീമനെ കേന്ദ്ര  കഥാപാത്രമാക്കി എന്ന ചോദ്യം ഉയരുന്നത്. ഈ ചോദ്യത്തോട് പ്രശസ്ത സാഹിത്യകാരനായ ജോർജ് ഓണക്കൂർ ഇങ്ങിനെ പ്രതികരിക്കുന്നു. എംടിയുടെ ‘കാല’ത്തിലെ സേതുവല്ല, രണ്ടാമൂഴത്തിലെ ഭീമൻ. മഹാഭാരതത്തിലെ വളരെ ശക്തിമത്തായ ശക്തമായ ഒരു കഥാപാത്രമാണ്.

ദുര്യോധനൻ അടക്കമുള്ള കൌരവപ്പടയെ മിക്കപ്പോഴും കൊന്നു തീർത്തത് ഭീമനാണ്.പക്ഷെ പാണ്ഡവരിൽ അവഗണിക്കപ്പെട്ട ഒരു കഥാപാത്രമാണ് ഭീമൻ. പാണ്ഡവരിൽ ഏറ്റവും ഇകഴ്ത്തപ്പെട്ടത്  ഭീമനാണ്. ഇത് എപ്പോഴും  ഭീമന്റെ മനസിലുള്ള സ്ഥായീഭാവംകൂടിയാണ്. രാക്ഷസിയായ ഹിഡുംബിയാണ് ഭീമന്റെ ഭാര്യ അതും കൂടി കണക്കിലെടുക്കപ്പെടെണ്ടതുണ്ട്.

പാർശ്വവത്ക്കരിക്കപ്പെട്ട ആളാണെന്നു സ്വയം കരുതുന്ന ഒരാൾക്കൂടിയാണ് എംടി. പഴയ സിലോൺ ഓർമ്മകളിൽ പലതും എംടി പറയാതെ പറയുന്നുണ്ട്. വടക്കൻ വീരഗാഥയിൽ  ആരോമൽ അല്ല നായകൻ ചന്തുവാണ്. ഒറിജിനൽ കഥയെ അല്ല എംടി സ്വീകരിക്കുന്നത്. എംടി ചെയ്തത് ചന്തുവിനെ നായകനാക്കി കഥതന്നെ പൊളിച്ചെഴുതുകയാണ്.

രണ്ടാമൂഴം ഒരു ഫിക്ഷൻ എന്ന രീതിയിൽ എടുത്താൽ മതി. ജോർജ് ഓണക്കൂർ പറയുന്നു. എന്നാൽ ജോർജ് ഓണക്കൂർ വാദങ്ങളെ പ്രശസ്ത നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് തള്ളിക്കളയുന്നു.

ജോർജ് ഓണക്കൂർ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ടു വടക്കേടത്ത് പറയുന്നു. എംടിയുടെ ‘കാല’ത്തിലെ സേതു’വാണ്  രണ്ടാമൂഴത്തിലെ ഭീമൻ. സേതുവിൻറെ അതേ മാനറിസങ്ങൾ ഉള്ള കഥാപാത്രമാണ് കാലത്തിലെ സേതു. രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല. കാലത്തിലെ സേതുവിന് അപ്പുറത്തേക്ക് രണ്ടാമൂഴത്തിലെ ഭീമനെ മാറ്റിയെടുക്കാൻ എംടിക്ക് കഴിഞ്ഞില്ല.

ഭീമനെ തിരഞ്ഞെടുക്കുന്നതിലും അവതരിപ്പിക്കുന്നതിലും എംടി പാളിപ്പോയി. സേതുവിന് സ്‌നേഹം സേതുവിനോടു മാത്രം. അതാണ് കാലം. രണ്ടാമൂഴത്തിലോ ഭീമന് സ്‌നേഹം ഭീമനോട് മാത്രം. രണ്ടും തമ്മിൽ എന്താണ് വ്യത്യാസം. ബാലചന്ദ്രൻ വടക്കേടത്ത് ചോദിക്കുന്നു.

കഥയല്ല ഒരു നോവലിനെ നോവൽ ആക്കുന്നത്. നല്ല കഥയുണ്ട് എന്ന് പറഞ്ഞാൽ ഒരു നോവൽ നല്ല നോവൽ ആകില്ല. നല്ല ഭാഷയുണ്ട് എന്ന് പറഞ്ഞാൽ ഒരു നോവൽ നല്ല നോവൽ ആകില്ല.നല്ല ഒരു പ്രതിഭ ഒരു കഥാപാത്രത്തെയോ, ആശയത്തെയോ അവതരിപ്പിക്കുമ്പോൾ കാണിക്കുന്ന ഒരു പ്രതിഭാവിലാസമാണ് ഒരു നോവലിനെ നല്ല നോവലാക്കി മാറ്റുന്നത്.

പ്രതിഭയുടെ അംശം കാണാൻ കഴിയാത്ത ഒരു നോവൽ ആയിട്ടാണ് രണ്ടാമൂഴത്തെ എനിക്ക് തോന്നിയത്. കർണ്ണൻ പലരും കഥാപാത്രങ്ങളാക്കി. അതിൽ വലിയ സാധ്യത കാണാതെയാവും എംടി ഭീമനെ കേന്ദ്ര കഥാപാത്രമാക്കി രണ്ടാമൂഴം എഴുതിയത്. ബാലചന്ദ്രൻ വടക്കേടത്ത് പറയുന്നു.

1000 കോടി ചിലവഴിക്കുന്ന ബിഗ് ബജറ്റ് ചിത്രമായി  എംടിയുടെ രണ്ടാമൂഴം മാറുകയാണ്. എംടിയുടെ തന്നെ തിരക്കഥയിലാണ് സിനിമ ഒരുങ്ങുന്നതും. മഹാഭാരതടത്തിൽ കർണ്ണൻ ഒരു കേന്ദ്ര കഥാപാത്രമായി ഇരിക്കെ ആ കർണനെ തിരഞ്ഞെടുക്കാതെ എംടി എന്തുകൊണ്ട് ഭീമനെ കേന്ദ്ര കഥാപാത്രമാക്കി എന്ന ചോദ്യത്തിനു വ്യത്യസ്ത വ്യാഖ്യാനങ്ങൾ ആണ് സാഹിത്യകേന്ദ്രങ്ങളിൽ നിന്ന് കൂടി ഉതിരുന്നത്. എന്തുകൊണ്ട് ഭീമൻ എന്ന ചോദ്യം സാഹിത്യ നഭോമണ്ഡലത്തിൽ നിന്നും ഇനിയും ഉയർന്നുകൊണ്ടേയിരിക്കും!

LEAVE A REPLY

Please enter your comment!
Please enter your name here