രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയമുറപ്പിച്ചു. പാതി സംസ്ഥാനങ്ങളിലേയും രാജ്യസഭ-ലോക്സഭ എംപിമാരുടേയും വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ വിജയിക്കാനാവശ്യമായ വോട്ടുമൂല്യം അദ്ദേഹം ഉറപ്പിച്ചു. അരമണിക്കൂറിനുള്ളില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ള നേതാക്കള്‍ രാംനാഥ് കോവിന്ദിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും ബിജെപിയുടെ അണികളും തടിച്ചു കൂട്ടിയിരിക്കുകയാണ്.എന്നാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വന്നശേഷമേ അദ്ദേഹം മാധ്യമങ്ങളെ കാണുന്നുള്ളൂ എന്നാണ് വിവരം. പക്ഷേ ബിജെപിയുടേയും എന്‍ഡിഎയുടേയും പ്രമുഖ നേതാക്കള്‍ ഇതിനോടകം അദ്ദേഹത്തെ കണ്ട് അനുമോദനങ്ങള്‍ അറിയിച്ചു തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് ജന്മനാട്ടില് ഇതിനോടകം ആഘോഷം ആരംഭിച്ചു കഴിഞ്ഞു.
ലോക്സഭ, രാജ്യസഭ, പതിനൊന്ന് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ രാംനാഥ് കോവിന്ദ് 4,79,585 വോട്ടുകളും മീരാ കുമാര്‍ 2,04,594 വോട്ടുകളും നേടിയിരുന്നു. കോവിന്ദിന് 2,74,991 വോട്ടുകളുടെ ലീഡ്. പാര്‍ലമെന്റിലെ ഇരുസഭകളില്‍ നിന്നുമായി കോവിന്ദ് 3,69,576 വോട്ടുകള്‍ നേടിയപ്പോള്‍ 1,59,300 വോട്ടുകളാണ് മീരാകുമാറിന് നേടാന്‍ സാധിച്ചത്. 522 എംപിമാര്‍ കോവിന്ദിന് ചെയ്തപ്പോള്‍ പാര്‍ലമെന്റിലെ 21 വോട്ടുകള്‍ അസാധുവായപ്പോള്‍ ഛത്തീസ്ഗണ്ഡില്‍ മൂന്നും ഗോവയില്‍ രണ്ടും വോട്ടുകള്‍ അസാധുവാക്കപ്പെട്ടു. ഗോവയിലും ഗുജറാത്തിലും വോട്ടുകള്‍ മറിഞ്ഞപ്പോള്‍ അത് എന്‍ഡിഎ സ്ഥാനാര്‍ഥിക്കാണ് ഗുണം ചെയ്തത്.