രാഷ്ട്രീയക്കാര്‍ നയന്‍താരയ്ക്ക് പിന്നാലെ

0
179

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പിന്നാലെ പല പ്രമുഖ താരങ്ങളെയും തങ്ങളുടെ അംഗങ്ങളാക്കാന്‍ ഡി.എം.കെയും അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗവും ശ്രമിക്കുന്നു. ഡി.എം.കെ ആദ്യം നയന്‍താരയെയാണ് ക്ഷണിച്ചത്. മലയാളികളുടെ അഭിമാനമായ നയന്‍താരയ്ക്ക് തമിഴ്‌നാട്ടില്‍ സൂപ്പര്‍സ്റ്റാര്‍ പദവിയാണുള്ളത്. അതുകൊണ്ട് താരത്തെ എങ്ങനെയും പാട്ടിലാക്കാനാണ് നീക്കം. അതേസമയം രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഇമേജ് നഷ്ടപ്പെടുമോ എന്ന ആശങ്ക രജനീകാന്തിന് പോലും ഉള്ളപ്പോള്‍ നയന്‍സ് യാതൊരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

കേന്ദ്രംഭരിക്കുന്ന പാര്‍ട്ടിയുമായി ചേര്‍ന്ന് നിന്നാലേ മുന്നോട്ട് പോകാനാകൂ എന്ന സ്ഥിതി രജനീകാന്തിനെ അസ്വസ്ഥനാക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ താരം ആരോടും മനസ് തുറന്നിട്ടില്ല. അതേസമയം കോണ്‍ഗ്രസും നയന്‍താരയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്ബു വഴിയാണ് നീക്കം. നയന്‍താരയെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചാല്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ യുവാക്കളെ ഉള്‍പ്പെടെ സ്വാധീനിക്കാനാകുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണ്.
ഖുശ്ബുവിന്റെ ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സംഘമിത്രയിലാണ് നയന്‍സ് അടുത്തതായി അഭിനയിക്കുന്നത്. ആ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് താരത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താമെന്ന നിലപാടിലാണ് ഖുശ്ബു. എന്നാല്‍ നയന്‍താരയ്ക്ക് രാഷ്ട്രീയ പ്രവേശനം ആഗ്രഹമില്ലെന്നാണ് അറിയുന്നത്. അത് തന്റെ ആരാധകര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കുമെന്ന് താരം വിശ്വസിക്കുന്നു. എന്നാല്‍ 40 വയസിന് ശേഷം താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. കാരണം ജയലളിതയുടെ രീതിയിലാണ് നയന്‍സിന്റെ വളര്‍ച്ച.

LEAVE A REPLY

Please enter your comment!
Please enter your name here