by വെബ് ഡെസ്ക്
മെഡിക്കല്‍ കോളേജ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതോടെ സംസ്ഥാന ബിജെപിയില്‍ പുതിയ വിവാദം കത്തുന്നു. റിപ്പോര്‍ട്ടിലെ പരാമര്ശങ്ങളെക്കാള് ദേശീയ തലത്തില്‍ തന്നെപാര്ട്ടിക്കും സര്‍ക്കാരിനും തിരിച്ചടി ആകുന്ന ഒരു റിപ്പോര്‍ട്ട് ചോര്‍ന്നത് എങ്ങനെ എന്നാണു ബിജെപി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മെഡിക്കല്‍കോളേജ് കോഴ വലിയ ചര്‍ച്ച ആക്കരുത് എന്ന് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് ചോര്‍ച്ച ബിജെപിയില്‍ ഉത്തരം കിട്ടാത്ത സമസ്യ ആയി തുടരുകയാണ്. കുമ്മനം രാജി സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും പാര്‍ലിമെന്റില്‍ ചര്‍ച്ചയായ വിഷയം തണുപ്പിച്ചു നിര്‍ത്തി ആരോപണ വിധേയനായ സംസ്ഥാന നേതാവ് വിനോദിനെ ബലി കഴിച്ചു തലയൂരാനുള്ള തീരുമാനത്തിലാണ് ബിജെപി. ഗ്രൂപിസം എന്ന ഒറ്റ വരിയില്‍ ആര്.എസ്.എസും സംഭവം ഒതുക്കാന്‍ നോക്കുമ്പോഴും അപ്പോഴും പാര്‍ട്ടി അധ്യക്ഷന്‍ നല്കിയ റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നു എന്ന ചോദ്യം അവശേഷിക്കും.
അഴിമതിയെക്കാള്‍ വലുത് റിപ്പോര്‍ട്ട് ചോര്‍ച്ചയാണെന്ന് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു. സി.പി.എം നേതാക്കള്‍ക്കാണ് ഇത് ആദ്യം കിട്ടിയത്. ഇതില്‍ അന്വേഷണം നടത്താനാണ് നീക്കം. ആരും രമേശിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. അഴിമതി നടത്തിയെന്ന് പറയുന്നുമില്ല. അതുകൊണ്ട് തന്നെ നേതൃത്വം കുറ്റവിമുക്തരാണ്. തെറ്റ് ചെയ്തവരെ ബിജെപി ശിക്ഷിക്കും. അതിനാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചതും റിപ്പോര്‍ട്ട് വാങ്ങിയതും. ഇതില്‍ കേന്ദ്ര നേതൃത്വവും ഇടപെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുടെ ഇമേജ് കൂട്ടാനേ ഈ ആരോപണം സഹായകമായിട്ടുള്ളൂവെന്നാണ് ഒരു മുതിര്‍ന്ന നേതാവ് മറുനാടനോട് പ്രതികരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് രജിസ്റ്റേര്‍ഡ് ആയി കുമ്മനത്തിനാണ് അയച്ചത്. ഇമെയില്‍ നല്കിയതും കുമ്മനത്തിന്. അതെങ്ങനെ ചോര്‍ന്നുവെന്ന് പരിശോധിക്കുമെന്ന് അന്വേഷണ കമ്മീഷന് അംഗമായ നസീറും വിശദീകരിച്ചു.
മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര് എസ് വിനോദ് രംഗത്ത് വന്നിരുന്നു. താന്‍ ആരോടും പണം വാങ്ങിയിട്ടില്ലെന്നു ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. താന്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കമ്മീഷന് റിപ്പോര്‍ട്ടില്‍ ഉള്ളത്. കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയം മാധ്യമങ്ങളില്‍ ചോര്‍ത്തിക്കൊടുക്കുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരുടെയും പരാതിയില്ലാതെയാണ് അന്വേഷണ കമ്മീഷന് രൂപീകരിച്ചത്. സംസ്ഥാന അധ്യക്ഷനോട് ആരോ വാക്കാല്‍ പറഞ്ഞ കാര്യം അന്വേഷിക്കാനാണ് സമിതിയെ വെച്ചത്. വര്‍ക്കല എസ്.ആര്. എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ആര്. ഷാജി തനിക്കെതിരെ പരാതിയൊന്നും കൊടുത്തിട്ടില്ല. ഷാജിയെ നന്നായി അറിയാം. കോളേജുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഷാജി തന്നെ സമീപിച്ചിട്ടില്ല. കോളേജിന് അനുമതി വാങ്ങിത്തരണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. താനതിന് ശ്രമിച്ചിട്ടുമില്ല- വിനോദ് വ്യക്തമാക്കി. ഇതിനെ ഗ്രൂപ്പ് തര്‍ക്കമായി മാറ്റാന്‍ പികെ കൃഷ്ണദാസ് പക്ഷവും സജീവമായി രംഗത്തുണ്ട്.
സൗഹൃദത്തിന്റെ പുറത്ത് ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കുകയായിരുന്നു. എന്നാല്‍ താന്‍ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങളൊന്നുമല്ല മാധ്യമങ്ങളില്‍ വന്നത്. കമ്മീഷന് അംഗങ്ങളായ കെ.പി. ശ്രീശന്, എ.കെ. നാസര്‍ എന്നിവര്‍ ചേര്‍ന്ന് കൃത്രിമമായി ഉണ്ടാക്കിയതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടെന്ന് വിനോദ് പറയുന്നു. തനിക്ക് മുന്‍പ് അഴിമതി ആരോപണമൊന്നും നേരിടേണ്ടിവന്നിട്ടില്ല. എം. ടി. രമേശുമായി നല്ല സൗഹൃദമുണ്ടായിരുന്നു. രമേശിന്റെ പേര് ഈ റിപ്പോര്‍ട്ടില്‍ ഒരു കാരണവശാലും പരാമര്‍ശിക്കപ്പെടേണ്ട കാര്യമില്ല. ഏതു വിധത്തിലുള്ള അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതിലുള്ളതും ഒത്തുതീര്‍പ്പിന്റെ സാധ്യതയാണ്. നാളത്തെ കോര്‍ കമ്മറ്റിയോഗം അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. അതിന് ശേഷം അത് കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്കും വിടും. അതിന് ശേഷം ആരോപണ വിധേയരായവരെ ഒഴിവാക്കാനുള്ള തീരുമാനവും ഉണ്ടാകും.
നാളെ ചേരുന്ന കോര്‍ കമ്മിറ്റിയോഗം വിവാദം ചര്‍ച്ച ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഒരു ചാനലിനോട് പറഞ്ഞു.
മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ വന്‍തുക കോഴവാങ്ങിയെന്ന് കണ്ടെത്തല്‍ പുറത്തുവന്നതോടെ ബിജെപി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ വെട്ടിലായി. പ്രതിപക്ഷം പാര്‍ലമെന്റില്‍ വരെ ഉന്നയിച്ചതോടെ അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള മോദി സര്‍ക്കാറിനും നാണക്കേടായി. ദേശീയ തലത്തില്‍ ചര്‍ച്ചയായതോടെയാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് വിശദീകരണം തേടിയത്. അഴിമതി ആരോപണത്തെ കുറിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഷായുടെ നിര്‍ദ്ദേശ പ്രകാരം കൂടിയായിരുന്നു കുമ്മനം അന്വേഷണ കമ്മീഷനെ വെച്ചത്. റിപ്പോര്‍ട്ടിനെ ചൊല്ലി സംസ്ഥാന ഘടകത്തില്‍ രൂക്ഷമായ തര്‍ക്കവും നടക്കുകയാണ്. കടുത്ത നടപടി ഒരുവിഭാഗം ആവശ്യപ്പെടുമ്ബോള്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നും കിട്ടയത് അന്വേഷിക്കണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം.