മുഖ്യമന്ത്രി ഇടപെട്ടു, ശമ്പള വര്‍ധനയായി; നഴ്സസ് സമരം അവസാനിപ്പിച്ചു

0
157

ശമ്പള വര്‍ധനയുടെ കാര്യത്തില്‍ നഴ്‌സുമാരുമായി ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട് നഴ്‌സുമാര്‍ നടത്തിവന്ന സമരം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ധാരണയായത്. 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കണമെന്ന നിദ്ദേശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നഴ്‌സുമാരുടെ പരാതികളെക്കുറിച്ച് പഠിക്കാന്‍ സെക്രട്ടറിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. തൊഴില്‍, ആരോഗ്യ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാരാണ് സമിതി അംഗങ്ങള്‍. സമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു. നഴ്‌സുമാരുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് നിര്‍ദ്ദേശിച്ചു.

ശമ്പളത്തിന്റെ കാര്യത്തില്‍ നഴ്‌സുമാരും മാനേജ്‌മെന്റും വിട്ടുവീഴ്ച ചെയ്യാതിരുന്നതിനാല്‍ വ്യവസായ ബന്ധസമിതി രാവിലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി ഉയര്‍ത്തണമെന്ന നിലപാടില്‍ നഴ്‌സുമാരും സാധ്യമല്ലെന്ന നിലപാടില്‍ മാനേജ്‌മെന്റും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. നേരത്തെ തീരുമാനിച്ച 17,200 രൂപ നല്‍കാമെന്നായിരുന്നു മാനേജ്‌മെന്റുകളുടെ നിലപാട്.

കഴിഞ്ഞ 10നു ചേര്‍ന്ന മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഈ യോഗത്തില്‍ അംഗീകരിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here