നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കാലടി മജിസ്ട്രേട്ട് കോടതിയാണ് ബുധനാഴ്ച മൊഴിയെടുത്തത്. സുനില്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുന്‍ കേസുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് കോടതി ആരാഞ്ഞതെന്ന് അമ്മ പറഞ്ഞു.
അതിനിടെ, നടന് ദിലീപ് പ്രതിയായ ക്വട്ടേഷന്‍ മാനഭംഗക്കേസിലെ തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചെന്ന ആരോപണം നേരിടുന്ന അഭിഭാഷകന് പ്രതീഷ് ചാക്കോ കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങളെല്ലാം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. കേസിലെ പ്രതിയായ സുനില്‍ കുമാര്‍ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചതായി മൊഴി നല്‍കിയിരുന്നു. പ്രതീഷ് ഈ മൊബൈല്‍ ഫോണ്‍ ഒരു ‘വിഐപി’യുടെ കൈവശം ദിലീപിന് എത്തിച്ചതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരം. ദിലീപിനു വേണ്ടി മൊബൈല്‍ ഫോണ്‍ ഏറ്റുവാങ്ങിയ ‘വിഐപി’യുടെ പേരു പൊലീസിനു ലഭിച്ചു. ഇയാളുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിക്കുകയാണ്.മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രതീഷ് ചാക്കോ ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവും.