ബാണാസുര ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

0
79


ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. നാവിക സേന ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പന്ത്രണ്ടാം മൈല്‍ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (50), മണിത്തൊട്ടില്‍ മെല്‍ബിന്‍ (34) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതോടെ മൂന്നു പേരുടെ മൃതദേഹം ലഭിച്ചു. ഇനി ഒരാളുടെ മൃതദേഹം കൂടി ലഭിക്കാനുണ്ട്. മൂന്നു ദിവസമായി ഇവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയായിരുന്നു. ഇന്നും തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ടോടെ നാവികസേനയുടെ ആറംഗ സംഘമെത്തി തിരച്ചില്‍ നടത്തിയിട്ടും കാണാതായ നാലു പേരില്‍ ഒരാളെപ്പോലും കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥ കാരണം ചൊവ്വാഴ്ച രാത്രിയോടെ സംഘം തെരച്ചില്‍ നിര്‍ത്തിയിരുന്നു. ചൊവ്വാഴ്ച പെയ്ത കനത്ത മഴയും കാറ്റും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. അഗ്‌നിശമന സേനയും ജീവന്‍രക്ഷ സമിതിയും ബേപ്പൂരില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ ചൊവ്വാഴ്ച പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ തിരച്ചിലിന് എത്തുമെന്ന് പ്രതീക്ഷിച്ച നേവി സംഘം വൈകീട്ട് നാലുമണിക്കാണ് ബാണാസുര തീരത്തെത്തിയത്.ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗര്‍ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം ൈമലിലെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. പന്ത്രണ്ടാം മൈല്‍ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (50), കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിന്‍ (20), വട്ടച്ചോട് ബിനു (42), മണിത്തൊട്ടില്‍ മെല്‍ബിന്‍ (34) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ നീന്തിരക്ഷപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here