അണ്ടർ 17 ലോകകപ്പ് പ്രചരണങ്ങൾക്ക് കൊഴുപ്പേകാൻ ‘ദശലക്ഷം ഗോളുകൾ’

0
102

കൊച്ചി: ദശലക്ഷം ഗോളുകൾ പദ്ധതിയിലൂടെ ലോക റെക്കോർഡ് സ്ഥാപിച്ച് ഫിഫ അണ്ടർ 17 ലോകകപ്പ് പ്രചരണങ്ങൾക്ക് കൊഴുപ്പേകാൻ സംഘാടക സമിതി തീരുമാനം. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് ടിപി ദാസന്റെ  അധ്യക്ഷതയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പ് രണ്ടാം സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. കേരളമൊട്ടാകെ വിവിധ കേന്ദ്രങ്ങളിൽ ഗോൾപോസ് റ്റുകൾ സ്ഥാപിച്ച് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലേയും ഭരണ നേതൃത്വം, നഗരസഭ, പഞ്ചായത്ത്, കായിക സംഘടനകൾ, രാഷ് ട്രീയ, സാംസ്‌കാരിക സംഘടനൾ തുടങ്ങിയവയുടെ സഹകരണത്തോടെയായിരിക്കും ഇത് നടത്തുന്നത്. ലോകത്തിൽ ഇന്ന് വരെയുള്ള റെക്കോർഡുകൾ ഭേദിക്കലാണ് ലക്ഷ്യം. 17.77 കോടി ചിലവിട്ട് നഗര സൗന്ദര്യ വൽകരണ പരിപാടികൾ നടത്തിവരികയാണ്. ഇതിൽ നാല് പരിശീലന ഗ്രൗണ്ടുകളും ജവഹർലാൽ നെഹ്‌റു സ് റ്റേഡിയവും അനുബന്ധ റോഡുകൾ, പാർക്കിങ് സംവിധാനം, ഇരിപ്പിടങ്ങൾ,മഹാരാജാസ് കോളജ് പവിലിയൻ പുനരുദ്ധാരണം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഉൾപ്പെടും. പി.ഡബ്ല്യു.ഡി, കൊച്ചി കോർപറേഷൻ, ജിസിഡിഎ എന്നിവരാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. ലോകകപ്പ് മത്സരങ്ങളുടെ നടത്തിപ്പിനായി ആദ്യ ഘട്ടത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി 25 കോടി നൽകിയിരുന്നു. തുടർന്ന് ഗ്രൗണ്ടുകളുടെ പുനരുദ്ധാരണത്തിന് വീണ്ടും 25 കോടി  അനുവദിച്ചു. ഇവ കൂടാതെയാണ് കേരള സർക്കാർ 17.77 കോടി അനുവദിച്ചിരിക്കുന്നത്. ആകെ ബജറ്റായ 70 കോടി രൂപയിൽ 50 കോടിയിലധികവും അനുവദിച്ചിരിക്കുന്നത് കേരള സർക്കാരാണെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.  മത്സരങ്ങൾക്ക് മുന്നോടിയായി വിവിധ പ്രചരണ പരിപാടികൾ നടത്താൻ യോഗം തീരുമാനമെടുത്തു. സെപ്തംബർ 22,23,24 തീയതികളിൽ കൊച്ചിയിൽ വിവിധ പരിപാടികൾ നടത്തും. 22ന് ലോകകപ്പ് ട്രോഫി കലൂർ അന്താരാഷ്ട്ര സ് റ്റേഡിയത്തിൽ പ്രദർപ്പിക്കും. രാവിലെ 11 മുതൽ ഉച്ചക്ക് മൂന്ന് വരെയായിരിക്കും പ്രദർശനം ഉണ്ടാകുക. 23,24 തിയതികളിൽ നഗരത്തിന്റെ  വിവിധ ‘ഭാഗങ്ങളിൽ ട്രോഫിയുമായി പര്യടനം നടത്തും. 23ന് വിദ്യാർഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തി പ്രചരണ പരിപാടികൾ നടത്തും. 24ന് ഫോർട്ട് കൊച്ചിയിൽ ഫെസ് റ്റിവൽ നടത്തി പര്യടനം സമാപിക്കും. കായിക താരങ്ങളെയുൾപ്പെടെ പങ്കെടുപ്പിച്ചായിരിക്കും ഇത് നടക്കുന്നത്. മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ലോഗോ പ്രകാശനം നടത്തും. ദശലക്ഷം ഗോൾ പദ്ധതി, ലോഗോ പ്രകാശനം എന്നിവയുടെ തീയതികൾ 27ന് മുഖ്യമന്ത്രിയുമായി ചേർന്ന് നടത്തുന്ന യോഗത്തിൽ തീരുമാനിക്കും. ഓണക്കാലത്ത് ഫിഫ അണ്ടർ 17 ലോകകപ്പിന്റെ‘ഭാഗ്യമുദ്രയായ “കേലിയോ” സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കും. നാട്ടിൻപുറങ്ങളിലെ ഉൾപ്പെടെ കലാപരിപാടികൾ നടക്കുന്ന വേദികൾ ഇതിനായി ഉപയോഗപ്പെടുത്തും. കൂടാതെ സംസ്ഥാനത്തിന്റെ ഒരു ‘ഭാഗത്ത് നിന്ന് കൊച്ചിയിലേക്ക് ദീപശിഖാ പ്രയാണം നടത്തും. മറു ഭാഗത്ത് നിന്ന്  പന്ത് കൈമാറി കൊച്ചിയിലെത്തിക്കും. അതോടൊപ്പം വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് സെലിബ്രിറ്റി ഫുട്ബാൾ മത്സരവും സംഘടിപ്പിക്കും. കൂടാതെ കൊച്ചി കോർപറേഷനുമായി ചേർന്ന് കലാ സാംസ്‌കാരിക പരിപാടികൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ വിവിധ സബ് കമ്മിറ്റികളെ തിരഞ്ഞെടുത്തു. നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ്, ജില്ല കലക്ടർ മുഹമ്മദ് സഫിറുല്ല, ജിസിഡിഎ ചെയർമാൻ സിഎൻ മോഹനൻ, കെഎഫ്എ പ്രസിഡന്റെ കെഎംഎ മേത്തർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here