ഇന്ത്യ-ചൈന ചര്‍ച്ചയെ പിന്തുണയ്ക്കുമെന്ന് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ തങ്ങള്‍ നിരീക്ഷിക്കുകയായിരുന്നുവെന്നും രാജ്യങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഹീതര്‍ നോവര്‍ട്ട് വ്യക്തമാക്കി.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വിഷയത്തെ അമേരിക്ക കൃത്യമായി പിന്തുടരുന്നുണ്ട്. ഇന്ത്യയും ചൈനയും നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളെ അമേരിക്ക പ്രോത്സാഹിപ്പിക്കും. പ്രശ്നപരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമം നടത്തുന്നുണ്ടെന്ന് മനസ്സിലാക്കുന്നതായും അവര്‍ വ്യക്തമാക്കി.
ചൈനയുടെ നയതന്ത്ര ഇടപെടലുകള്‍ തടസ്സമില്ലാതെ തുടരുമെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള പ്രാരംഭ നടപടി എന്ന നിലയില്‍ ഡോക്ലാമില്‍നിന്ന് ഇന്ത്യ സൈന്യത്തെ തിരിച്ചുവിളിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ചൈന സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറായാല്‍ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളുമായുള്ള ചര്‍ച്ചയ്ക്കു മുമ്പായി ഇരു രാജ്യങ്ങളുടെയും സൈന്യത്തെ മേഖലയില്‍നിന്ന് പിന്‍വലിക്കണം. വിഷയത്തില്‍ ഭൂട്ടാന് അടക്കം എല്ലാ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പമാണെന്നും സുഷമാ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞിരുന്നു.