എം.ടി. രമേശിനെ കുടുക്കാന്‍ കമ്മിഷന്‍ അംഗങ്ങള്‍ ശ്രമിച്ചു: ആര്‍.എസ്. വിനോദ്

0
110

 

മെഡിക്കല്‍ കോളജിനു കേന്ദ്ര മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശിനെ കുടുക്കാന്‍ ശ്രമിച്ചെന്ന് ബിജെപി പുറത്താക്കിയ നേതാവ് ആര്‍.എസ്. വിനോദ്. രമേശിന്റെ പേരുപറയാന്‍ അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍ നിര്‍ബന്ധിച്ചു. പരാതിക്കാരനായ വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് ഉടമ ആര്‍.ഷാജിയോടും എം.ടി. രമേശിന്റെ പേരുപറയാന്‍ ആവശ്യപ്പെട്ടുവെന്നും ആര്‍.എസ്. വിനോദ്  സ്വകാര്യ ചാനലില്‍  വെളിപ്പെടുത്തി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇതിന്റെ തെളിവുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതാക്കളായ കെ.പി. ശ്രീശന്‍, എ.കെ. നസീര്‍ എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍.

കോളജ് ഉടമയോട് ടെലിഫോണ്‍ വഴിയാണ് എം.ടി. രമേശിന്റെ പേര് പറയാന്‍ ആവശ്യപ്പെട്ടത്. എം.ടി. രമേശിനെ നേരിട്ട് കണ്ടിട്ടില്ലേ എന്ന് അന്വേഷണ അംഗങ്ങള്‍ ചോദിച്ചു. ടെലിവിഷനില്‍ മാത്രമേ രമേശിനെ കണ്ടിട്ടുള്ളൂ. നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് ഷാജി ഒരു ചാനലില്‍ പറഞ്ഞതെന്നും വിനോദ് പറഞ്ഞു. തന്നോടും എം.ടി. രമേശിന്റെ പേര് പറയാന്‍ ആവശ്യപ്പെട്ടു. ബിജെപിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടന്നു. അച്ചടക്ക ലംഘനം നടത്തിയത് കെ.പി. ശ്രീശനും എ.കെ. നസീറുമാണെന്നും വിനോദ് ആരോപിച്ചു.

മെഡിക്കല്‍ കോളജിനു കേന്ദ്ര മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കാന്‍ കോളജ് ഉടമ ആര്‍.ഷാജിയില്‍ നിന്ന് 5.60 കോടി രൂപ ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍.എസ്.വിനോദ് കൈപ്പറ്റിയെന്നാണു ബിജെപിയുടെ അന്വേഷണത്തില്‍ തെളിഞ്ഞത്. തുടര്‍ന്നാണ് വിനോദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു സംഭവത്തെക്കുറിച്ച് പറയുമ്പോഴാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിനെക്കുറിച്ച് പരാമര്‍ശമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here