കശ്മീരില്‍ ബാഹ്യ ഇടപെടല്‍ വേണ്ട: രാഹുല്‍ ഗാന്ധി

0
82


ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു കക്ഷിയും ഇടപെടേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാക്കിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മൂന്നാമതൊരു കക്ഷിക്കും അവകാശമില്ലെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രസ്താവന. ഇന്ത്യയെന്നാല്‍ കശ്മീരും കശ്മീരെന്നാല്‍ ഇന്ത്യയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജമ്മു കശ്മീര്‍ കത്തുന്നതിനു കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയവൈകല്യങ്ങളാണെന്നും പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ രാഹുല്‍ ചൂണ്ടിക്കാട്ടി. കുറേനാളായി ഞാന്‍ ഇതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി മോദിയുടെയും അദ്ദേഹം നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെയും നയങ്ങളാണ് ജമ്മു കശ്മീര്‍ ഇപ്പോഴും കത്തുന്നതിനു കാരണം – രാഹുല്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച വേണമെന്ന് കേള്‍ക്കുന്നു. എന്നാല്‍, കശ്മീര്‍ എന്നാല്‍ ഇന്ത്യയും ഇന്ത്യയെന്നാല്‍ കശ്മീരും ആണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മാത്രമല്ല, ഇതു നമ്മുടെ ആഭ്യന്തര വിഷയമാണ്. മറ്റാരെയും ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ക്രിയാത്മകമായ പങ്കു വഹിക്കാന്‍ സന്നദ്ധരാണെന്ന് വ്യക്തമാക്കി ചൈന അടുത്തിടെ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here