കോഴയായി ബിജെപി നേതാക്കള്‍ ചോദിച്ചത് 17 കോടി, പിന്നില്‍ ഉന്നതനെന്ന് ഇടനിലക്കാരന്‍

0
1514

by വെബ്‌ ഡെസ്ക്

മെഡിക്കല്‍കോളേജ് അംഗീകാരത്തിനായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കോഴയായി ആവശ്യപെട്ടത്‌ 17 കോടി രൂപ. 5.60 കോടിയാണ് അഡ്വാന്‍സ് ആയി നല്‍കിയത് എങ്കിലും ആ പണം തന്നെ മുഴുവന്‍ ഡല്‍ഹിയില്‍ എത്താതെ പോയതാണ് ഡീല്‍ നടക്കാതെ പോയതിന്റെ കാരണം. സാധാരണ മുഴുവന്‍ പണവും വാങ്ങിയാണ് ഇത്തരം ഡീലുകള്‍ നടത്താറ് എന്നും എന്നാല്‍, ഇതിനു പിന്നില്‍ ശക്തനായ ഒരാള്‍ ഉണ്ടെന്ന് ബോധ്യപെട്ടതിനാല്‍ ആണ് അഡ്വാന്‍സ് തുകയില്‍ ഒതുങ്ങിയത് എന്നുമാണ് ഡല്‍ഹി ഏജന്റ് സതീഷ്‌ നായര്‍ പറയുന്നത്. എന്നാല്‍ ആരാണ് ആ ഉന്നതന്‍ എന്ന് സതീഷ്‌ നായര്‍ വെളിവാക്കിയിട്ടില്ല എന്നും ബിജെപി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.

തനിക്ക് തരേണ്ട പണത്തിന്റെ ഒരു ഭാഗം മാത്രമാണ് കൈപ്പറ്റിയത്, ബാക്കി നല്‍കാത്തതുകൊണ്ടാണ് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന, അംഗീകാരം എന്നിവയില്‍ ബന്ധപ്പെട്ടവരെ കാണാതിരുന്നത് എന്ന സതീഷ് നായരുടെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഈ ഇനത്തില്‍ ഒരു കോടി രൂപ നഷ്ടമായി. പണം വാങ്ങി മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം വാങ്ങി കൊടുക്കുന്നതിനെ കുറിച്ച് തന്‍റെ ബിസിനസിന്റെ ഭാഗം മാത്രമാണെന്നായിരുന്നു കമീഷനോട് പറഞ്ഞത്. ഇത്തരം ഡീലുകള്‍ അഡ്വാന്‍സ് വാങ്ങി ചെയ്യാന്‍ കഴിയുന്നതല്ല. നല്ല വിശ്വാസമുള്ള ആരുടെയെങ്കിലും ധൈര്യത്തിലാണ് കാര്യങ്ങള്‍ നടത്താറുള്ളത്. അതേസമയം ഇതിന് പിന്നില്‍ ശക്തരായ ആരോ ഉണ്ടെന്ന് കമീഷന് ബോധ്യപ്പെട്ടു. ആ പേര് പരാതിക്കാരന്‍ പറയാത്തതിനാലും സതീഷ് നായര്‍ പറയാന്‍ കൂട്ടാക്കാത്തതുകൊണ്ടും അതിലേക്ക് കമീഷന്‍ കടന്നില്ല. പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ തയാറാണെന്നും പരാതിയുമായി മുന്നോട്ടുപോകാനാണ് ഷാജി ശ്രമിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് മാത്രമല്ല മറ്റ് പലര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സതീഷ് നായര്‍ പറഞ്ഞു.
ഇടനിലക്കാരന്റെ വെളിപ്പെടുത്തല്‍ കോഴ ഇടപാടില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്. കേന്ദ്ര സര്‍ക്കാരിനേയും കേന്ദ്രആരോഗ്യമന്ത്രാലയത്തേയും ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിനേയും പ്രതിക്കൂട്ടിലാക്കുന്നതാണ് ബിജെപി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ അഴിമതി തടയാന്‍ സുപ്രീംകോടതി മുന്‍കൈ എടുത്ത് നിയോഗിച്ച മുന്‍ ചീഫ് ജസ്റ്റീസ് ആര്‍ എല്‍ ലോധ ചെയര്‍മാനായുള്ള മേല്‍നോട്ടകമ്മിറ്റിയെ സ്വാധീനിക്കാനും ഇടനിലക്കാര്‍ ശ്രമിച്ചുവെന്ന് സൂചിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.കോഴ തുക ഡല്‍ഹിയിലുള്ള സതീഷ് നായര്‍ക്ക് ഹവാല-കുഴല്‍ ഇടപാടിലൂടെ കൈമാറിയെന്ന കുറ്റസമ്മതവും ഗൌരവതരം തന്നെ. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കോളേജ് തുടങ്ങാന്‍ എം ടി രമേശിന് കോഴിക്കോട് സ്വദേശി നാസര്‍ അഞ്ച് കോടി നല്‍കിയെന്ന് മൊഴി നല്‍കിയതും ആര്‍ എസ് വിനോദാണ്. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ കോളേജുകള്‍ക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പലരും കാശ് വാങ്ങിയെന്നതിന്റെ സൂചന കൂടിയാണിത്. കേരളത്തില്‍ മാത്രമല്ല, രാജ്യവ്യാപകമായി ഇത്തരം കോഴയിടപാടുകള്‍ നടക്കുന്നുവെന്നും വ്യക്തം.

പ്രധാനമന്ത്രി നരേന്ദ്രമോഡിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ചാണ് സതീശ് നായരുടെ കേന്ദ്രത്തിലെ സ്വാധീനം ഷാജിയെ ബോധിപ്പിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ രാകേഷ് ശിവരാമന്‍ ഇടനിലക്കാരനായും പ്രവര്‍ത്തിച്ചു. രാകേഷ് ഇപ്പോഴും ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസ് ജീവനക്കാരനാണ്. സംസ്ഥാന നേതാക്കളുമായി ഇയാള്‍ക്കുള്ള ബന്ധവും അഴിമതിക്ക് പിന്നിലെ ഉന്നതര്‍ക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. ഒരു ഹിന്ദു സ്ഥാപനം എന്ന നിലയില്‍ ഇടപെട്ടുവെന്നല്ലാതെ പണം കിട്ടിയില്ലെന്നാണത്രെ രാകേഷ് കമ്മീഷന് മൊഴി നല്‍കിയത്. രാകേഷ് 15 ലക്ഷം രൂപയാണ് കോഴ ആവശ്യപ്പെട്ടത് എന്നാണ് വിവരം.കഴിഞ്ഞ വര്‍ഷം കോളേജിന് അംഗീകാരം കിട്ടാന്‍ ലോധ കമ്മീഷന് മുമ്പാകെ ട്രസ്റ്റ് ചെയര്‍മാന്‍ ഷാജിയോടൊപ്പം പോയവരില്‍ രാകേഷ് ശിവരാമന് പുറമെ റിച്ചാര്‍ഡ് ഹേ എംപിയുടെ പി എ കണ്ണദാസും ഉണ്ടായിരുന്നു. എംപിയെ ഷാജി കൊല്ലത്ത് വെച്ച് നേരില്‍ക്കണ്ട ശേഷം കണ്ണദാസ് നടത്തിയ ഇടപെടലുകളും കോഴയിടപാടില്‍ മറ്റ് ബിജെപി നേതാക്കളുടേയും പങ്ക് വ്യക്തമാക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here