ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളജ് കോഴ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനും സംസ്ഥാന സെക്രട്ടറിയുമായ എ.കെ. നസീറിനെ സസ്പെന്‍ഡ് ചെയ്യും. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നത് നസീറിന്റെ ഇ- മെയില്‍ ഐഡിയില്‍ നിന്നാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
സംഭവത്തില്‍ കൂടുതല്‍ കുറ്റവാളികളുണ്ടെന്നു കരുതുന്നില്ലെന്നു ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പ്രതികരിച്ചു. കുറ്റവാളിക്കെതിരെ നടപടിയെടുത്തെന്നും തുടര്‍നടപടികള്‍ ആലോചിക്കുമെന്നും രാജ വിശദമാക്കി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാവില്ലെന്നും അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും രാജ പറഞ്ഞു.കോഴ നല്കി മെഡിക്കല്‍ കോളജിന് അനുമതി വാങ്ങുന്നുണ്ടെന്ന ബിഡിജെഎസിന്റെ പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ മേയിലാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ബിജെപി വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന് ആയിരുന്നു അന്വേഷണ കമ്മിഷനിലെ മറ്റൊരു അംഗം. കമ്മിഷന് ജൂണ്‍ ആറിനു സംസ്ഥാന നേതൃത്വത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരായ എം. ഗണേഷ്, കെ. സുഭാഷ്, കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവര്‍ക്കു മാത്രമാണു റിപ്പോര്‍ട്ട് ലഭിച്ചത്. എന്നാല്‍ ഇതിനിടെയാണ് അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടുന്നതും സംഭവം വിവാദമായതും.