ചാമ്പ്യന്മാരെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍

0
88

ഹര്‍മന്‍പ്രീത് കൗര്‍ 171നോട്ടൗട്ട് ; ഇന്ത്യ-ഇംഗ്ലണ്ട് ഫൈനല്‍

വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 36 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയര്‍ത്തിയ 281 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 40.1 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി. ഹര്‍മന്‍പ്രീത് കൗറിന്റെ മാസ്മരിക സെഞ്ചുറിയാണ് (115 പന്തില്‍ 171നോട്ടൗട്ട്) ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ഓസ്ട്രേലിയന്‍ നിരയില്‍ അലക്സ് ബ്ലാക്വെല്‍, എലിസെ വില്ലനി, എലിസെ പെറി എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാനായത്. ബ്ലാക്വെല്‍ 56 പന്തില്‍ 90 റണ്‍സും വില്ലനി 58 പന്തില്‍ 75 റണ്‍സുമെടുത്തു. അവസാന വിക്കറ്റില്‍ ബ്ലാക്ക്വെല്ലും ബീംസും ചേര്‍ന്ന് 76 റണ്‍സ് ചേര്‍ത്തു. ദീപ്തി ശര്‍മ മൂന്നും ശിഖ പാണ്ഡേ, ജുലന്‍ ഗോസ്വാമി എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകളെടുത്തു.നേരത്തെ മഴമൂലം 42 ഓവറാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍, ഹര്‍മന്‍പ്രീത് കൗറിന്റെ ഒറ്റയാള്‍ പ്രകടനമാണ് നാലു വിക്കറ്റിന് 281 എന്ന പൊരുതാവുന്ന സ്‌കോര്‍ ഇന്ത്യക്ക് സമ്മാനിച്ചത്. 115 പന്തില്‍ ഹര്‍മന്‍പ്രീത് 171 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മയ്ക്കൊപ്പം ഹര്‍മന്‍പ്രീത് കൂട്ടിച്ചേര്‍ത്ത 137 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയെ ഇന്ത്യയ്ക്ക് നഷ്ടമായി. ആറു പന്തില്‍നിന്ന് ആറു റണ്‍സ് മാത്രമാണ് മന്ദാനക്ക് എടുക്കാന്‍ സാധിച്ചത്. സ്‌കോര്‍ 35ല്‍ എത്തിയപ്പോള്‍ പുനം റൗട്ടും പുറത്തായി. തുടര്‍ന്ന് ഒന്നിച്ച ഹര്‍മന്‍പ്രീത് – മിതാലി രാജ് സഖ്യം ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തിയെങ്കിലും തൊട്ടുപിന്നാലെ മിതാലി പുറത്തായി.പിന്നീടായിരുന്നു ഹര്‍മന്‍പ്രീതിന്റെ വെടിക്കെട്ട് ബാറ്റിങ്. ഓസീസ് ബോളര്‍മാരെ അനായാസം നേരിട്ട ഹര്‍മന്‍പ്രീത് സിക്സുകളും ഫോറുകളുമായി കളം നിറഞ്ഞപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം 200 കടന്നു. സ്‌കോര്‍ 238ല്‍ നില്‍ക്കെ ദീപ്തി ശര്‍മ്മ പുറത്തായെങ്കിലും വേദ കൃഷ്ണമൂര്‍ത്തിയെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചു.

ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നേടിയ 171 റണ്‍സ് വനിതാ ലോകകപ്പ് മത്സരങ്ങളില്‍ ഒരു ഇന്ത്യക്കാരി നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച നാലാമത്തെ വ്യക്തിഗത സ്‌കോറും ഇന്ത്യക്കാരിയുടെ രണ്ടാമത്തെ മികച്ച സ്‌കോറും ഈ പ്രകടനത്തിലൂടെ കൗര്‍ തന്നെ പേരില്‍ കുറിച്ചു.ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ ഫൈനലില്‍ നേരിടും. ഇതിന് മുമ്പ് 2005ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here