കുറേ വര്‍ഷങ്ങളായി ഹിറ്റുകളൊന്നും ഇല്ലാതിരുന്ന ജയറാമിന്റെ സമയം തെളിഞ്ഞെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്. ഒപ്പം തമിഴ് നടന് ആര്യയും അഭിനയിക്കുന്നു. അടുത്തിടെ ഇറങ്ങിയ അച്ചായന്‍സും പരാജയമായിരുന്നു. സമുദ്രക്കനിയുടെ ആകാശമിഠായിയിലാണ് ഇപ്പോഴഭിനയിക്കുന്നത്. അത് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഷൂട്ടിംഗ് തീര്‍ന്നാലുടന്‍ താരം വിദേശത്തേക്ക് പറക്കും. ആസ്ത്രേലിയയിലും ന്യൂസിലന്റിലും ജയറാം ഷോ എന്ന പേരില്‍ സ്റ്റേജ്ഷോ നടത്തുന്നുണ്ട്. രമേഷ് പിഷാരടി ഉള്‍പ്പെടെ സംഘത്തിലുണ്ട്.
അഭിനയത്തിനൊപ്പം മേളത്തിനും താരം പ്രാധാന്യം നല്കുന്നു. ജയറാമിന്റെ കൂടെ മേളത്തിന് 111 പേരുണ്ട്. സിനിമയുടെ തിരക്കില്ലെങ്കില്‍ കേരളത്തില്‍ എവിടെ ഉല്‍സവത്തിന് വിളിച്ചാലും വരാന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കി. എല്ലാത്തരം മേളങ്ങളും പരിശീലിക്കുന്നുണ്ട്. ചെറുപ്പകാലത്ത് വീട്ടുകാര്‍ അറിയാതിരിക്കാന്‍ രഹസ്യമായി പോയാണ് ചെണ്ട കൊണ്ടാന് പഠിച്ചത്. സിനിമയ്ക്ക് മുന്‍പേ മേളം മനസില്‍ കയറിയതാണ്. അതിന്റെ കാര്യത്തില്‍ പണം പ്രശ്നമേ അല്ലെന്നും താരം വ്യക്തമാക്കി. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇതിനോടകം മേളത്തില്‍ പങ്കെടുത്തു.
തിരുവമ്പാടി തമ്പാന് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സമുദ്രക്കനിയുമായി പരിചയപ്പെടുന്നത്. ധനുഷ്കോടിയിലെ ചിത്രീകരണം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ ഒരു ദിവസം സമുദ്രക്കനി ഒരു കഥ പറഞ്ഞു. ആ കഥ വല്ലാതെ സ്വാധീനിച്ചു. അതാണ് ആകാശമിഠായി. കഥ പറഞ്ഞെങ്കിലും അത് സിനിമയാക്കാന്‍ വര്‍ഷങ്ങളെടുത്തു. അതിനിടെ സമുദ്രക്കനി തമിഴില്‍ അപ്പാ എന്ന പേരില്‍ ഈ കഥ സിനിമയാക്കി. രണ്ട് കോടി മുടക്കി ചെയ്ത ചിത്രം അവിടെ നല്ല ചര്‍ച്ചയായിരുന്നു. മലയാളത്തില്‍ തമിഴില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കഥ പറയുന്നത്.