തപാല്‍ വകുപ്പിലെ ഡാക്‌സേവക് ജീവനക്കാര്‍ വിവേചനത്തിന്റെ ഇരകളോ?

0
325

ഒന്നര നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്ന ഗ്രാമീണ്‍ ഡാക് സേവക് ( ഇ.ഡി ) ജീവനക്കാര്‍ സര്‍ക്കാരിന്റെ അടിമകള്‍. രണ്ടര ലക്ഷത്തില്‍പ്പരം ഗ്രാമീണ്‍ ഡാക് സേവക് ( ഇ.ഡി ) ജീവനക്കാരാണ് ഇന്നും വിവേചനത്തിന്റെ ഇരകളായി തുടരുകയാണ്.

ഇന്ത്യയില്‍ ആകെ 1,54,822 തപാല്‍ ഓഫീസുകളുണ്ട്. ഇതില്‍ 1,39,086 ഓഫീസുകള്‍ ഗ്രാമീണ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ കണക്കു പ്രകാരം തപാല്‍ വകുപ്പില്‍ 2,49,588 റഗുലര്‍ തസ്തികയുണ്ട്. എന്നാല്‍ ഇതില്‍ 1,89,771 റഗുലര്‍ ജീവനക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. അതായത് 24% തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. അതെ സമയം തപാല്‍ വകുപ്പിന്റെ നട്ടെല്ലായി 2,63,323 ജി.ഡി.എസ്.ജീവനക്കാരാണുള്ളത്. ഇവര്‍ ചെറിയ അലവന്‍സ് മാത്രം കൈപ്പറ്റി സേവനമനുഷ്ഠിക്കുന്നവരാണ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, മെയില്‍ ഡെലിവറര്‍, മെയില്‍ കാരിയര്‍, മെയില്‍ പാക്കര്‍, സ്റ്റാമ്പ് വെണ്ടര്‍ തുടങ്ങിയ തസ്തികകളിലാണ് ഇ.ഡി.ജീവനക്കാര്‍ പണിയെടുക്കുന്നത്.

തപാല്‍ വകുപ്പ് പുതുതായി ഏറ്റെടുത്തു നടത്തുന്ന മുഴുവന്‍ സേവന പ്രവര്‍ത്തനങ്ങളുടേയും ചുമതല നിറവേറ്റുന്നത് ബഹു ഭൂരിഭാഗം വരുന്ന ഗ്രാമീണ്‍ ജീവനക്കാരാണ്. സബ് ഓഫീസ്, ഹെഡ് ഓഫീസ് അഡ്മിന്‍ ഓഫീസ് എന്നിവിടങ്ങളില്‍ എല്ലാം റഗുലര്‍ ജീവനക്കാരോടൊപ്പം ഇ.ഡി. ജീവനക്കാരും തൊഴിലെടുക്കുന്നുണ്ട്. ഒരു ഓഫീസില്‍ തന്നെ രണ്ടു തരം ജീവനക്കാര്‍ ഒരേ ജോലി ചെയ്യുമ്പോള്‍ വിവേചനം വ്യക്തമായി ബോധ്യപ്പെടുന്നു.

തപാല്‍ സര്‍വീസിന്റെ ആരംഭ കാലത്തു തന്നെ എക്‌സ്ട്രാ ഡിപ്പാര്‍ട്‌മെന്റ് സമ്പ്രദായം ഉണ്ടായിരുന്നുവെന്ന് കാണാം. അക്കാലത്ത് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍മാരുണ്ടായിരുന്നു. 1926 മുതല്‍ ഇ.ഡി. റണ്ണര്‍മാര്‍, ഡെലിവറി ഏജന്റുമാര്‍ തുടങ്ങിയ തസ്തികകള്‍ നിലവില്‍ വന്നു. ഒന്നാം ശമ്പള കമ്മീഷന്‍ നിയമിക്കപ്പെട്ടപ്പോള്‍ ഇ.ഡി. ജീവനക്കാര്‍ കമ്മീഷന്റെ പരിധിയില്‍ വരുന്നവരാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. പിന്നീട് വന്ന രണ്ടും മൂന്നും ശമ്പള കമ്മീഷന്‍ ഇത് അട്ടിമറിക്കുകയാണ് ചോയ്തത്. നാലാം ശമ്പള കമ്മീഷന്‍ ആവട്ടെ ഇ.ഡി.ജീവനക്കാര്‍ സിവില്‍ പോസ്റ്റിന്റെ ഉടമകള്‍ ആണെന്ന് വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റേയും തപാല്‍ വകുപ്പിന്റേയും നിയമങ്ങള്‍ക്കും, ചട്ടങ്ങള്‍ക്കും വിധേയമായാണ് ഇ.ഡി.ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 1935 ല്‍ തന്നെ ഇ.ഡി. ജീവനക്കാര്‍ സര്‍വീസ് റൂള്‍സിന്റെ പരിധിയിലാണ്. കേന്ദ്രസര്‍ക്കാര്‍ നിയമമനുസരിച്ച് നിയമനം നടത്തിയവരാണിവര്‍. ഭരണഘടനയുടെ 309-ാം വകുപ്പ് അനുസരിച്ചു സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കപ്പെടേണ്ടവരുമാണ്. എന്നാല്‍ ഈ ജീവനക്കാരെ ‘വകുപ്പിന് വെളിയില്‍” നിര്‍ത്തുകയും ശിക്ഷാ നടപടികള്‍ക്കും കടുത്ത വിവേചനവും മറ്റും വിധേയരാവുകയുമാണ് ചെയ്തുവരുന്നത്.

1977ലും 1996ലും കോടതി ഉത്തരവുകള്‍ പ്രകാരം ഇ.ഡി.ജീവനക്കാര്‍ സിവില്‍ പോസ്റ്റ് വഹിക്കുന്നവരാണെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര മന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്‍ ഇ.ഡി.സമ്പ്രദായം അടിമ സമ്പ്രദായമാണെന്നും, രാജ്യത്തിന് അപമാനമാണെന്നും പ്രസ്താവിച്ചിരുന്നു. അത് കേട്ട് പുളകമണിഞ്ഞ ഇ.ഡി. ജീവനക്കാര്‍, എന്തെങ്കിലും ഗുണം ഉണ്ടാവുമെന്ന് കരുതിയിരിക്കെയാണ് അദ്ദേഹത്തിന് കമ്മ്യൂണിക്കേഷന്‍ വകുപ്പ് തന്നെ നഷ്ടപ്പെടുകയും ഉപരിതല വകുപ്പ് ഏറ്റെടുക്കേണ്ടി വരികയും ചെയ്തത്.
അതോടെ ഇ.ഡി. ജീവനക്കാരുടെ ദൈന്യത തുടര്‍ന്നു.

ആറാം ശമ്പള കമ്മീഷന്റെ സമാന്തരമായി നിയമിക്കപ്പെട്ട ജസ്റ്റിസ് തല്‍വാര്‍ കമ്മിറ്റി, ഇ.ഡി.പ്രശ്‌നം ആഴത്തില്‍ ഇറങ്ങി ചെന്ന് മനസ്സിലാക്കുകയും,അവരുടെ മോചനത്തിന് ഉതകുന്ന ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇത് ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടാക്കിയത്. എന്നാല്‍ ജസ്റ്റിസ് തല്‍വാര്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്ത് ഉദ്യോഗസ്ഥ തലത്തില്‍ പടച്ചുണ്ടാക്കിയ പാക്കേജ് അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ധനകാര്യ മന്ത്രാലയത്തിന്റെ കടും പിടുത്തമായിരുന്നു അതിനു കാരണം. താഴെ തട്ടിലുള്ളവരും സംരക്ഷണത്തിന് അര്‍ഹരാണ് എന്നും ഇ.ഡി. ജീവനക്കാരെ സിവില്‍ സര്‍വന്റ് എന്ന നിലയില്‍ പരിഗണിക്കപ്പെടേണ്ടവരാണെന്നും എല്ലാ ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരാണെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് തല്‍വാര്‍ റിപ്പോര്‍ട് തള്ളിക്കളഞ്ഞതോടെ വിവേചനത്തിന് ആക്കം കൂടി.

ഏഴാം ശമ്പള കമ്മീഷന്റെ പരിധിയില്‍ ഇ.ഡി.ക്കാരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ച കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റല്‍ ബോര്‍ഡ് മുന്‍ അംഗം കമലേഷ് ചന്ദ്രയെയാണ് സേവന വേതന പഠനത്തിന് നിയമിച്ചത്. ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട് നടപ്പാക്കുകയും, കുടിശിക ഉള്‍പ്പെടെ റഗുലര്‍ ജീവനക്കാര്‍ക്ക് ലഭിക്കുകയും ചെയ്തിട്ടും ഇ.ഡി. റിപ്പോര്‍ട് സമര്‍പ്പിക്കപ്പെട്ടിട്ടില്ല. തപാല്‍ വകുപ്പിന്റെ ജീവ നാഡിയായി പണിയെടുക്കുന്ന രണ്ടര ലക്ഷത്തില്‍പ്പരം ജീവനക്കാര്‍ക്ക് ബോണസ് അരിയേഴ്‌സും ഇതുവരെ നല്‍കിയിട്ടില്ല. ഡി.എ. നല്‍കുന്ന സമയത്തും ഇതേ വിവേചനം തുടരുകയാണ്. മുന്‍ കാലങ്ങളില്‍ ഒരേ ദിവസം തന്നെ ക്ഷാമബത്തയും, ബോണസും നല്‍കിയിരുന്നു.

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ നയം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് വാസ്തവം. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം എഴുപതാണ്ടു കഴിഞ്ഞിട്ടും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇ.ഡി. ജീവനക്കാരോട് നീതി കാട്ടിയിട്ടില്ല. റഗുലര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഭാഗിച്ചു നല്‍കാന്‍ എന്തിനാണ് ഒരു കമ്മീഷന്‍ നിയമിക്കപ്പെടുന്നത്? എട്ടു മണിക്കൂര്‍ പണിയെടുക്കുന്ന പോസ്റ്റുമാന്റെ പാതി ശമ്പളം നാല് മണിക്കൂര്‍ പണിയെടുക്കുന്ന ഇ.ഡി. ഡെലിവറി ഏജന്റിന് നല്‍കാന്‍ എന്താണിത്ര ആലോചിക്കാന്‍ ഉള്ളത്? ഗ്രാമങ്ങളില്‍ പണിയെടുക്കുന്ന ഇ.ഡി. ജീവനക്കാര്‍ നാല് മണിക്കൂര്‍ അലവന്‍സ് വാങ്ങി ഇരട്ടി സമയം പണിയെടുക്കുന്നുണ്ട് എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.

ഇ.ഡി. ജീവനക്കാര്‍ ലീവ് എടുക്കുമ്പോള്‍ പകരം പണിയെടുക്കുന്ന പകരക്കാരന് തുല്യ വേതനം നല്‍കാതിരിക്കുന്നതും കടുത്ത അനീതിയാണ്. ഇക്കാരണത്താല്‍ പകരക്കാരനെ കിട്ടാത്ത സാഹചര്യവും നിലനില്‍ക്കുന്നു. രാവിലെ ഓഫീസ് തുറക്കുമ്പോള്‍ ഡ്യൂട്ടിക്ക് എത്തുന്ന ഇ.ഡി. പാക്കര്‍മാര്‍ വൈകുന്നേരം ഓഫീസ് പൂട്ടിയ ശേഷമാണ് പോകുന്നത്. എന്നാല്‍ അവര്‍ക്കു നല്‍കുന്നതാവട്ടെ അഞ്ചു മണിക്കൂര്‍ അലവന്‍സ് മാത്രമാണ്. സര്‍വീസ് കൂടുന്ന മുറക്ക് ഗ്രേഡ് ആനുകൂല്യവുമില്ല. മുപ്പതുകൊല്ലം പണിയെടുത്തവരും ഇന്നലെ വന്നവരും ഒരേ അലവന്‍സ് വാങ്ങേണ്ടി വരുന്ന സ്ഥിതി മറഅറൊരിടത്തും ഉണ്ടാവില്ല.

ഗ്രാമീണ തപാല്‍ മേഖലയില്‍ ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ആധുനികവര്‍ക്കരണം നടപ്പാക്കാന്‍ ഒരുങ്ങുന്ന കേന്ദ്ര ഗവണ്‍മെന്റ് ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

1. ബ്രാഞ്ച് ഓഫീസുകള്‍ക്ക് നല്ല കെട്ടിടങ്ങള്‍ കണ്ടെത്തുകയും അവര്‍ക്ക് വാടക അനുവദിക്കുകയും ചെയ്യുക.

2. പ്രവര്‍ത്തി സമയം ഏകീകരിച്ച് എട്ടു മണിക്കൂര്‍ ആക്കുക.

3. പോസ്റ്റല്‍ ബാങ്ക് സൗകര്യം ഉള്‍പ്പെടെ എല്ലാവിധ സേവനങ്ങളും പൊതു സമൂഹത്തിന് ലഭ്യമാക്കുക.

4. വെളിയിലുള്ള ജീവനക്കാര്‍ എന്ന അവഗണന അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുക.

എല്ലാവരും റഗുലര്‍ ജീനവക്കാര്‍ ആണെന്ന നിലപാട് വരുന്നതോടെ കൂടുതല്‍ ബിസിനസ്സ് ഉണ്ടാക്കാനുള്ള ശ്രമം ഇ.ഡി. ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാവും. ഇതോടെ തപാല്‍ വകുപ്പ് ലാഭം കൊയ്യുന്ന സ്ഥാപനമായി മാറുകയും ചെയ്യും. ഇപ്പോള്‍ ശമ്പളത്തിന്റെ കാര്യത്തില്‍ കേരളത്തിലെ അങ്കണവാടി ജീവനക്കാരേക്കാള്‍ താഴെയാണ് ഇ.ഡി.ക്കാരുടെ സ്ഥാനം. ഇതിന് ഉടന്‍ മാറ്റം വരണം. ജീവിക്കാനുള്ള ശമ്പളം നല്‍കുന്ന സ്ഥിതി ഉണ്ടാവണം. ഒറ്റയടിക്ക് എല്ലാവരെയും സ്ഥിരപ്പെടുത്താന്‍ കോടികളുടെ ബാധ്യത വരുമെങ്കിലും അത് ചുരുങ്ങിയകാലം കൊണ്ട് തിരിച്ചു പിടിക്കാന്‍ കഴിയുന്ന തരത്തില്‍ സേവന പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. എല്ലാ സേവനങ്ങളും ലഭിക്കുന്ന ഒരു ഓഫീസ് എന്ന നിലയിലേക്ക് തപാല്‍ ഓഫീസുകള്‍ മാറണം. അടുത്ത അഞ്ചു വര്‍ഷം കൊണ്ടെങ്കിലും ഇതെല്ലാം സാീധ്യമാക്കാന്‍ കഴിയണം. അതിന് ആര്‍ജ്ജവമുള്ള ഒരു വികസന നയം കൈക്കൊള്ളണം.

LEAVE A REPLY

Please enter your comment!
Please enter your name here