തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്നുകിലോ സ്വര്‍ണം പിടിച്ചു

0
69

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നുകിലോ സ്വര്‍ണം പിടിച്ചു. അബുദാബിയില്‍നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്(ഐഎക്‌സ് 538) വിമാനത്തിലെത്തിയ അബു സലിമാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ വിമാനത്തില്‍ സ്വന്തം സീറ്റിനടിയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. ഒരു കിലോഗ്രാം വീതമുള്ള രണ്ട് സ്വര്‍ണബാറുകള്‍, 116 ഗ്രാം വീതമുള്ള എട്ട് സ്വര്‍ണബിസ്‌കറ്റുകള്‍ എന്നിവയാണ് കണ്ടെടുത്തത്. സ്വര്‍ണത്തിന് 85 ലക്ഷംരൂപ വിലവരുമെന്ന് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) തിരുവനന്തപുരം യൂണിറ്റാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം സീറ്റിനടിയില്‍ ഒളിപ്പിച്ചശേഷം വിമാനത്താവളത്തിന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. വിമാനത്താവളത്തില്‍ ജോലിയുള്ളവരെ ഉപയോഗിച്ച് സ്വര്‍ണം പുറത്തുകടത്താനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നു. പിടിയിലായത് സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ട ആളാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ ചോദ്യം ചെയ്തുവരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സമീപകാലത്ത് നടന്ന ഏറ്റവുംവലിയ സ്വര്‍ണ വേട്ടയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here