ദിലീപ് ദയ അര്‍ഹിക്കുന്നില്ലെന്ന് വൃന്ദകാരാട്ട്

0
91

യുവ നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കില്ലെന്നാണ് കരുതുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട്. വളരെ പെട്ടന്ന് തന്നെ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ പിടികൂടിയ പിണറായി വിജയന്‍ സര്‍ക്കാരിനെ താന്‍ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് വൃന്ദ കൂട്ടിച്ചേര്‍ക്കുന്നു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തുന്ന മതനിരപേക്ഷതയ്ക്കായി പെണ്‍കൂട്ടായ്മ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യമ വ്യക്തമാക്കിയത്.

ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഒരു പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ വേണ്ടി മറ്റൊരു നടന്‍ ഗുണ്ടകളെ വിട്ട് ക്വട്ടേഷന്‍ കൊടുക്കുന്നത്. കേസിന് പുറകെ ഉറച്ച് നിന്ന പെണ്‍കുട്ടിക്ക് തന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണ്- വ്യന്ദ കൂട്ടിച്ചേര്‍ക്കുന്നു.

ദയവിന്റെ ഒരു കണിക പോലും അറസ്റ്റിലായ നടന്‍ അര്‍ഹിക്കുന്നില്ല. അത് ഹൈക്കോടതി മനസിലാക്കുമെന്നാണ് താന്‍ കരുതുന്നത്. നടന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും വൃന്ദകാരാട്ട് പറഞ്ഞു.

മുഖം നോക്കാതെ നടപടിയെടുത്തതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ആക്രമത്തെ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കുന്ന സര്‍ക്കാരല്ല കേരള സര്‍ക്കാരെന്ന് മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടി കാണിച്ച് കൊടുക്കാന്‍ കഴിഞ്ഞു. മതനിരപേക്ഷതയ്ക്ക് വേണ്ടി നമ്മള്‍ ശബ്ദമുയര്‍ത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന് ആദ്യം വേണ്ടത് ലിംഗസമത്വമാണെന്നും ആദ്യ പോരാട്ടം നടക്കേണ്ടത് അതിന് വേണ്ടിയാണെന്നും വൃന്ദകാരാട്ട് പറഞ്ഞു.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ വലിയ തോതില്‍ വളര്‍ന്ന് വരുന്ന ഒരു കാലമാണിത്. വിശ്വാസത്തിന്റെ പേരില്‍ എന്തും ചെയ്യാന്‍ അനുവാദം നല്‍കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അതുകൊണ്ട് വര്‍ഗീയതയ്ക്കെതിരെ സ്ത്രീകളുടെ ശബ്ദമാണ് ആദ്യം ഉയര്‍ന്ന് വരേണ്ടതെന്നും വൃന്ദകാരാട്ട് പറഞ്ഞു.

മനുഷ്യരുടെ ജീവന് പകരം ഗോമൂത്രത്തിനും ചാണകത്തിനുമാണ് ഇന്ന് രാജ്യത്ത് വില. പശുവിനെ സ്നേഹിച്ചില്ലെങ്കില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ. കാവി ഷാള്‍ ധരിച്ചാല്‍ എന്തും ചെയ്യാന്‍ ലൈസന്‍സ് കിട്ടുന്ന കാലം. ഇത് വലിയ അപകടമാണ് വിളിച്ച് വരുത്തുന്നതെന്നും വൃന്ദകാരാട്ട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here