പാലക്കാട് സ്വദേശിയായ ഒരാള്‍ നല്കിയ വിവരമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവായതെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ്. മൊഴികൊടുക്കുന്നതിനായി എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസില്‍ പള്‍സര്‍ സുനി അറസ്റ്റിലാകുന്നതിന് മുമ്പ് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്ത എറണാകുളത്തെ ഒരു അഭിഭാഷകയുടെ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഒരു സഹയാത്രികന് ആലുവ പോലീസില്‍ വിവരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് അഭിഭാഷകയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വളഞ്ഞിട്ട് പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
ആ അവസരത്തില്‍ വെറുമൊരു സാധാരണക്കാരനാണ് ഈ കേസില്‍ ഒരു തുമ്പുണ്ടാകാനുള്ള സഹായം നല്‍കിയതെന്ന് സന്ധ്യയെന്ന പോലീസ് ഉദ്യോഗസ്ഥ പറഞ്ഞിരുന്നു. ആലുവ പോലീസില്‍ അഭിഭാഷകയെ സംബന്ധിച്ച വിവരമറിയിച്ചത് എറണാകുളത്ത് ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ ഒരാളാണ്. ആ വഴിക്ക് അന്വേഷണം പോകുന്നുണ്ടോ എന്നറിയേണ്ടതുണ്ട് -പി.ടി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ 35 വര്‍ഷത്തെ പൊതുജീവിതത്തിനിടയിലെ മനസ്സു മരവിപ്പിക്കുന്ന സംഭവമായിരുന്നു ഇതെന്നും അതിലെ കുറ്റവാളികളെ കണ്ടെത്താന്‍ വ്യക്തി താല്പര്യങ്ങളോ സ്ഥാനമാനങ്ങളോ കണക്കാക്കാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഈ ഘട്ടത്തില്‍ പോലീസ് അന്വേഷണത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്നില്ലെന്നും പി.ടി. പറഞ്ഞു. നേരത്തേ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിക്കുന്നത് പോലീസിനെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാകും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു. ഇതുപോലെ 13 പേര് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ തയാറായി നില്‍ക്കുകയായിരുന്നു.
ഇതാണ് പോലീസ് ഇപ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കാരണമായിരിക്കുന്നത്. സിബിഐ വന്നാല്‍ ആദ്യം അന്വേഷിക്കുന്നത് കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ചായിരിക്കുമെന്നും പി.ടി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.