നേതൃത്വവുമായി ഇടഞ്ഞ് ശങ്കര്‍ സിംഗ് വഗേല കോണ്‍ഗ്രസ് വിട്ടു

0
182

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവ് ശങ്കര്‍ സിങ് വഗേല പാര്‍ട്ടി വിട്ടു. ഇന്ന് 77-ാം ജന്മദിനം ആഘോഷിക്കുന്ന വഗേല, ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഗാന്ധിനഗറില്‍ നടത്തിയ റാലിയില്‍ സംസാരിക്കുമ്പോഴാണ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍നിന്ന് 24 മണിക്കൂര്‍ മുന്‍പ് തന്നെ പുറത്താക്കിയതായി റാലിയില്‍ വഗേല വെളിപ്പെടുത്തിയിരുന്നു. ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ച വഗേല, എംഎല്‍എ സ്ഥാനവും ഉടന്‍ ഒഴിയുമെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വവുമായി കുറച്ചുകാലമായി ഇടഞ്ഞുനില്‍ക്കുന്ന നേതാവാണ് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കൂടിയായ വഗേല. ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന റാലിയില്‍, പാര്‍ട്ടിക്ക് ‘അഹിതമായത്’ എന്തെങ്കിലും പറയുമെന്ന ആശങ്ക കൊണ്ടാണ് ജന്മദിനത്തിന്റെ തലേന്ന് തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതെന്നും വഗേല ആരോപിച്ചു.

ബിജെപിയിലായിരുന്ന വഗേല 1996-97ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. വഗേല ഗുജറാത്തിലെ ബിജെപി അധ്യക്ഷനായിരുന്ന കാലത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്നു ഇപ്പോള്‍ പ്രധാനമന്ത്രിയായ മോദി. പിന്നീടു പാര്‍ട്ടി വിട്ട വഗേല കോണ്‍ഗ്രസില്‍ ചേക്കേറുകയായിരുന്നു. അതേസമയം, തന്റെ മുന്‍ രാഷ്ട്രീയ തട്ടകമായ ബിജെപിയിലേക്ക് വഗേല മടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്. വഗേല ബിജെപിയിലേക്ക് മടങ്ങുന്ന പക്ഷം, അസംബ്ലി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ ബിജെപിക്കത് വലിയ രാഷ്ട്രീയ നേട്ടമാകും. കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ വഗേല, ട്വിറ്ററില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ പിന്തുടരുന്നതു അവസാനിപ്പിച്ചിരുന്നു (അണ്‍ഫോളോ ചെയ്തു). ബിജെപിക്കെതിരായ എല്ലാ പോസ്റ്റുകളും നീക്കംചെയ്യുകയും ചെയ്തു.ജന്മദിനാഘോഷ വേളയില്‍ താന്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് കേള്‍ക്കാനുള്ള ക്ഷമ കാട്ടാന്‍ പോലും പാര്‍ട്ടി തയാറായില്ലെന്ന് വഗേല കുറ്റപ്പെടുത്തി. .

ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്തു വഗേലയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് ഒരുവിഭാഗം നേതാക്കള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. നിയമസഭയിലെ 57 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 36 പേര്‍ കഴിഞ്ഞ മാസം വഗേലയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിനു മുന്‍പു മുഖ്യമന്ത്രിയെ പ്രഖ്യാപിക്കില്ലെന്നു നേതൃത്വം വ്യക്തമാക്കിയതോടെയാണു വഗേല ഇടഞ്ഞത്.

തുടര്‍ന്ന് ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരുമായി വഗേല കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, ബിജെപിയില്‍നിന്ന് കൂടുമാറിയെത്തിയ വഗേലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാല്‍ അത് വര്‍ഷങ്ങളായി പാര്‍ട്ടിക്കൊപ്പമുള്ള നേതാക്കളെ നിരുത്സാഹപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വം ഈ ആവശ്യം തള്ളുകയായിരുന്നു. തന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ വഴി സോണിയ ഇക്കാര്യം വഗേലയെ അറിയിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here