പരാതികള്‍ ഒഴിവാക്കൂ…നിങ്ങള്‍ക്ക് പകരമായി ഒരു തലയിണ കൊടുക്കൂ..

0
1144

നിങ്ങളുടെ ഗര്‍ഭിണിയായ ഭാര്യ വിവാഹ-മധുവിധു കാലത്തെ ഭാര്യ അല്ല എന്നത് ആദ്യം ഓര്‍മിക്കുക.ഗര്‍ഭിണികളെ അവരുടെ വിവശതയുടെ കാലത്ത് നന്നായി പരിചരിക്കുക എന്നാല്‍ ഭാര്യയുടെ മനസ്സില്‍ മായാത്ത ഒരു സ്‌നേഹമുദ്ര പതിക്കല്‍ ആണ് എന്നത് മറക്കാതിരിക്കുകയും ചെയ്യുക. ഗര്‍ഭിണികള്‍ക്ക് ഭര്‍ത്താക്കന്മാര്‍ നല്‍കേണ്ട ചില കരുതലുകള്‍ ശ്രദ്ധിക്കാം…

by ഡോ.യമുനാ കൃഷ്ണ, ഡല്‍ഹി 

കുടുംബത്തിലേക്ക് ഒരു കുഞ്ഞു ജീവന്‍ വരുന്നുവെന്നത് ആഹ്‌ളാദകരമായ ഒരു വാര്‍ത്തയാണ്. ഒപ്പം അമ്മയാകാന്‍ പോകുന്ന ഭാര്യക്കായി ചില തയ്യാറെടുപ്പുകള്‍ കൂടി നടത്താന്‍ ഭര്‍ത്താവ് തയ്യാറാകേണ്ടത് ഉണ്ട്. പ്രത്യേകിച്ചും കുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ ആയി മാറിയ ഈ കാലഘട്ടത്തില്‍.. ഗര്‍ഭിണികളെ അവരുടെ വിവശതയുടെ കാലത്ത് നന്നായി പരിചരിക്കുക എന്നാല്‍ ഭാര്യയുടെ മനസ്സില്‍ മായാത്ത ഒരു സ്‌നേഹമുദ്ര പതിക്കല്‍ ആണ് എന്നത് മറക്കാതെ ഇരിക്കുക. ഗര്‍ഭിണി പരിചരണത്തില്‍ പുരുഷന്മാര്‍ക്ക് പ്രാപ്തി പോരാ എന്ന കാഴ്ചപ്പാട് ഒന്ന് മാറ്റിയെഴുതിയാല്‍ അത് അഭിമാനത്തോടെ ഭാര്യ എക്കാലവും എല്ലാരോടും അഭിമാനപൂര്‍വം പങ്കുവെക്കുന്ന ഒന്നാകും. നല്ല വാക്ക് കേള്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് ?

അടുക്കളയില്‍ ഒന്ന് കേറി നോക്കാം

ഗര്‍ഭവതികള്‍ ആയ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പാചകം. ഇന്നലെ വരെ അവര്‍ ആസ്വാദ്യതയോടെ കഴിച്ചിരുന്നതും ആഗ്രഹിച്ചിരുന്നതുമായ മിക്ക ഭക്ഷണങ്ങളും അവര്‍ക്ക് മനം മടുപ്പിക്കുന്നത് ആകുന്ന കാലമാണ് ഗര്‍ഭകാലത്തിന്റെ ആദ്യ ഘട്ടം. ചില മണങ്ങള്‍ അവര്‍ക്ക് മനം പുരട്ടല്‍ ഉണ്ടാക്കും. സ്വന്തമായി പാചകം ചെയ്താല്‍ ഒട്ടു ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ തോന്നുകയും ഇല്ല.അവര്‍ എന്ത് കഴിക്കാന്‍ കൊതിച്ചാലും അത് ഉണ്ടാക്കി കൊടുക്കുക എന്നത് പ്രധാനം ആയി ഈ ഘട്ടത്തില്‍ തോന്നണം. ഭര്‍ത്താവ് ഉണ്ടാക്കി കൊടുക്കുന്ന ഒന്നാകുമ്പോള്‍ അല്‍പ്പം മോശമായാല്‍ പോലും ബുദ്ധിമുട്ടിയത് അല്ലെ എന്ന് കരുതി അല്‍പ്പമെങ്കിലും കഴിക്കും സ്‌നേഹനിധികളായ ഭാര്യമാര്‍ എന്നത് മറക്കരുത്. ഒന്ന് ശര്‍ദ്ദിച്ചു വന്നാല്‍ പോലും അല്‍പ്പമെങ്കിലും ഭക്ഷണം കഴിക്കുന്നു എന്ന് ഉറപ്പാക്കുന്നത് കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തിന് ഉത്തമം ആണ്.

പരാതിക്കെട്ട് അഴിക്കാതെ നോക്കാം

നീ അത് ചെയ്തില്ല, ഇത് ചെയ്തില്ല, നീ ഭയങ്കര സ്ലോ ആയിപ്പോയി തുടങ്ങിയ പരാതികള്‍ സ്വാഭാവീകമായി എപ്പോഴും പറയുന്നവര്‍ ഉണ്ടാകാം. എന്നാല്‍ ഭാര്യ ഗര്‍ഭിണി ആയ ഘട്ടത്തില്‍ എങ്കിലും ഇത്തരം പരാതികെട്ടുകള്‍ ഒന്ന് മാറ്റി വെച്ച് കൂടെ ? ഒരു കാര്യം പ്രത്യേകം മനസിലാക്കുക ; ഉദരത്തില്‍ കുഞ്ഞുവാവ വളര്‍ന്നു വലുതാകുന്നതിന് ഒപ്പം അവളുടെ ശരീരത്തില്‍ ചില മാറ്റങ്ങളും ഉണ്ടാകുന്നുവെന്നത്. നേരത്തെ ഓടി നടന്ന് കാര്യങ്ങള്‍ ചെയ്തു തീര്‍ത്തു സമയത്തിന് ഓഫീസില്‍ പോകാന്‍ ഇറങ്ങിയിരുന്ന അവള്‍ക്കു ഇപ്പോള്‍ കൂടുതല്‍ സമയം വേണ്ടി വരും. ഞാന്‍ ഇത്ര നേരം കാത്തു നിന്നു എന്താ ഇത് എന്ന മട്ടിലുള്ള പ്രതികരണത്തിന് ഒന്നും നില്‍ക്കാതെ ഇരിക്കുക. പാട്ട് കേള്‍ക്കാനോ ടിവി കാണാനോ നിങ്ങളുടെ ജോലിയില്‍ മുന്‍കാലത്തെ പോലെ കൂട്ടിരിക്കാനോ ഇടയ്ക്ക് കട്ടന്‍ ഉണ്ടാക്കി തരാനോ ഒന്നും അവള്‍ക്കു കഴിഞ്ഞു എന്ന് വരില്ല. ഇതെല്ലാം മനസിലാക്കുക, ഇവയ്ക്കു അനുസൃതമായി ജീവിതം അല്‍പ്പമൊന്നു ചിട്ടപ്പെടുത്തുക. രണ്ടാമത്തെ കുട്ടിയെ ആണ് പ്രതീക്ഷിക്കുന്നത് എങ്കില്‍ മൂത്തകുട്ടിയുടെ പരിചരണം ഏറ്റെടുക്കുന്നത് ഉത്തമം ആകും.

അവളുടെ ശരീര മാറ്റങ്ങളെക്കുറിച്ചുള്ള കമന്റുകള്‍ വേണ്ട

നിങ്ങളുടെ ഗര്‍ഭിണിയായ ഭാര്യ വിവാഹ-മധുവിധു കാലത്തെ ഭാര്യ അല്ല എന്നത് ആദ്യം ഓര്‍മിക്കുക. ശരീരം വണ്ണം വെക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടി ആണെങ്കില്‍ പോലും അവള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുകയാണ്. ദേ, നീ വല്ലാതെ തടിച്ചു കേട്ടോ, തക്കാളി കവിള്‍ ആയി, ഇങ്ങനെ പോയാല്‍ നീ അമ്മച്ചി ആകും എന്ന തരത്തില്‍ ഉള്ള നിര്‍ദോഷമായ കമന്റുകള്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. ഒരു കാര്യം മനസിലാക്കുക. അത്ര വലിയ തമാശകള്‍ ഒന്നും ആസ്വദിക്കാന്‍ ഉള്ള മൂഡില്‍ ആയിരിക്കില്ല അവള്‍. പലപ്പോഴും മുന്‍കാലത്ത് നിന്നും വ്യത്യസ്തമായി അല്‍പ്പം ദേഷ്യക്കാരിയും ആയിരിക്കും. ഈ കാലത്ത് കൊമേഡിയനേക്കാള്‍ കാര്യപ്രാപ്തിയുള്ള എന്തിനും ഏതിനും തണല്‍ ആകുന്ന ഒരാളെ ആണ് അവള്‍ കാംക്ഷിക്കുന്നത് എന്നത് സുവ്യക്തമായ കാര്യമാണ്.

ലൈംഗീകബന്ധം അവളുടെ മനസ്ഥിതിക്ക് അനുസരിച്ചാക്കാം

ഗര്‍ഭകാലത്തെ ലൈംഗീക ബന്ധം അല്‍പ്പം പ്രയാസം ഏറിയതാണ്, പ്രത്യേകിച്ച് അവള്‍ക്ക്. അത് മറക്കാതെ ഇരിക്കുക. ആദ്യ മൂന്നു മാസങ്ങളിലും അവസാന മാസങ്ങളിലും പരമാവധി ലൈംഗീക ബന്ധം പൂര്‍ണമായും ഒഴിവാക്കുന്നത് ആണ് നല്ലത്. ഇതൊന്നും പ്രശ്‌നമായി എടുക്കാത്ത ദമ്പതികള്‍ ഉണ്ട്. അവരെ പാട്ടിനു വിടുക, അത്തരം ഉപദേശങ്ങളും. പകരം ഭാര്യയുടെ മനോവ്യാപാരത്തിനും അവളുടെ മൂഡിനും പ്രാധാന്യം കൊടുക്കുക. ഭാര്യയെ നെഞ്ചില്‍ ചേര്‍ത്ത് കിടക്കുന്നത് നിങ്ങളുടെ ശീലമാണെങ്കില്‍ പോലും അതൊന്നു മാറ്റി വയര്‍ വലുതാകുന്ന ഘട്ടത്തില്‍ പകരം ഒന്നോ രണ്ടോ തലയിണകള്‍ കൊടുത്തു നോക്കൂ അവള്‍ക്ക് സുഖകരമായി വയര്‍ താങ്ങി കിടക്കാന്‍…ജീവിതകാലം മുഴുവന്‍ നിങ്ങളെ ശ്രദ്ധിക്കുന്നത് അല്ലേ അവള്‍, ഗര്‍ഭകാലത്ത് എങ്കിലും തിരിച്ചു കെയര്‍ ചെയ്തു കൂടെ നമുക്ക് ?

LEAVE A REPLY

Please enter your comment!
Please enter your name here