ബിജെപി നേതാക്കളുടെ കോഴ : കുമ്മനം, റിച്ചാര്‍ഡ് ഹേ എം.പി എന്നിവരുടെ പങ്കെന്ത് ?

0
1766

by വെബ്‌ ഡസ്ക്

ബിജെപി സംസ്ഥാന സഹകരണ സെല്‍ അധ്യക്ഷന്‍ വിനോദും സംസ്ഥാന നേതാക്കളും ഉള്‍പെട്ട മെഡിക്കല്‍കോളേജ് അംഗീകാര കോഴ കേസില്‍ സംശയമുന നീളുന്നത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, റിച്ചാര്‍ഡ് ഹേ എം.പി എന്നിവരുടെ ഓഫീസിലേക്ക്. കുമ്മനത്തിന്റെ സന്തത സഹചാരിയായി അറിയപ്പെടുന്ന രാകേഷ് ശിവരാമന്‍, റിച്ചാര്‍ഡ് ഹേയുടെ പി.എ കണ്ണദാസന്‍ എന്നിവര്‍ നേരിട്ട് കോഴ ഇടപാടില്‍ ബന്ധ്പെട്ടത്‌ ആണ് ഇരു ബിജെപി നേതാക്കളെയും സംശയ മുനയില്‍ നിര്‍ത്തുന്നത്.

ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴയില്‍ ഇടനിലക്കാരനായ രാകേഷ് ശിവരാമന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വിശ്വസ്തന്‍. വര്‍ഷങ്ങളായി ബിജെപി സംസ്ഥാന ഓഫീസിലെ ജീവനക്കാരനായ ഇയാള്‍ കുമ്മനത്തിന്റെ സന്തതസഹചാരിയാണ്. കുമ്മനത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി എന്ന നിലയിലാണ് രാകേഷ് ഇടനിലക്കാരെയും കോളേജ് ഉടമകളെയും പരിചയപ്പെട്ടത്. ഇയാളോടൊപ്പം പരാതിക്കാരനായ എസ്ആര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ആര്‍ ഷാജി പലതവണ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി കുമ്മനത്തെ കണ്ടു. ഇതിനെതിരെ ചില സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ വിമര്‍ശമുന്നയിച്ചു. പ്രസിഡന്റ് എന്ന നിലയില്‍, തന്നെ കാണാന്‍ പലരും വരുമെന്നും അവരെയൊന്നും തടയാന്‍ കഴിയില്ലെന്നുമാണ് കുമ്മനത്തിന്റെ മറുപടി.

കേസൊതുക്കാന്‍ കുമ്മനം ഇടപെടുന്നു എന്ന സംശയത്താലാണ് മുരളീധരപക്ഷം ഷാജിയുടെ വരവിനെ ചോദ്യംചെയ്തത്. ഷാജിക്കുപുറമെ ആരോപണവിധേയരായ മറ്റു പലരും സംസ്ഥാനകമ്മിറ്റി ഓഫീസില്‍ എത്താറുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഷാജിയുടെ മൊഴിമാറ്റത്തിനുപിന്നില്‍ കുമ്മനത്തിന്റെ ഇടപെടലാണെന്ന് ഉറപ്പായി. ആര്‍ എസ് വിനോദ് വഴിയാണ് ഷാജിയെ താന്‍ പരിചയപ്പെട്ടതെന്ന് രാകേഷ് ശിവരാമന്‍ അന്വേഷണ കമീഷന് നല്‍കിയ മൊഴിയിലുണ്ട്.

ബിജെപിയുടെ എംപി റിച്ചാര്‍ഡ് ഹേയ്ക്കും അഴിമതിയില്‍ പങ്കുള്ളതായി സംശയിക്കേണ്ട വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. എംപിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് കണ്ണദാസനും രാകേഷും ഷാജിയോടൊപ്പം കോളേജിന് അംഗീകാരം കിട്ടാന്‍ ലോധ കമീഷനുമുമ്പാകെ പോയിരുന്നു. ‘കണ്ണദാസന്റെ പിന്‍ബലം ഉപയോഗിച്ച് ഒന്ന് ശ്രമിച്ചുനോക്കാം’ എന്ന് താന്‍ കരുതിയെന്ന് രാകേഷ് മൊഴിനല്‍കിയിട്ടുണ്ട്.അഴിമതിയെക്കുറിച്ച് തനിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് കുമ്മനം കഴിഞ്ഞയാഴ്ചവരെ പറഞ്ഞത്. അഴിമതി അറിഞ്ഞപ്പോള്‍ത്തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നാണ് കുമ്മനം വ്യാഴാഴ്ച പറഞ്ഞത്. എം ടി രമേശ് അഴിമതിക്കാരനല്ലെന്ന് പ്രചരിപ്പിക്കാനും കുമ്മനം രംഗത്തുണ്ടായിരുന്നു. 50 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന ബിജെപി ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണച്ചുമതല എം ടി രമേശിന് നല്‍കിയതും കുമ്മനമാണ്.കോഴക്കേസ് അന്വേഷിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവര്‍ ഗ്രൂപ്പുകളിക്കുകയാണെന്ന് ആരോപിച്ച് എം ടി രമേശ് അനുകൂലികള്‍ രംഗത്തുവന്നിട്ടുണ്ട്. തങ്ങള്‍ പറഞ്ഞതൊന്നുമല്ല റിപ്പോര്‍ട്ടിലുള്ളതെന്നും ചിലര്‍ പറഞ്ഞുകൊടുത്തത് എഴുതിപ്പിടിപ്പിക്കുകയായിരുന്നുവെന്നുമാണ് വിമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here