സംസ്ഥാന ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍ കോളജ് കോഴ ആരോപണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന് ലോക്സഭ അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സിപിഎം അംഗം എം ബി രാജേഷ് എം പിയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍ ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കാന്‍ അനുവദിക്കാം എന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും കേരളാ എം.പിമാര്‍ അംഗീകരിച്ചില്ല. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.
കോഴ ഇടപാടിന് തെളിവുണ്ടെന്നും ദേശീയ തലത്തില്‍ നടന്ന വന്‍ അഴിമതിയാണ് ഇതെന്നും എം ബി രാജേഷ് പറഞ്ഞു. ആരോപണത്തെ തുടര്‍ന്ന് ബിജെപിയുടെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. കൈപ്പറ്റിയ കോഴപ്പണം ഡല്‍ഹിയില്‍ ഹവാല പണമായി എത്തിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും എം ബി രാജേഷ് പറഞ്ഞു.
വര്‍ക്കലയിലെ എസ് ആര് കോളജ് ഉടമ ആര് ഷാജിയില്‍ നിന്ന് ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര് എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. വിഷയത്തില്‍ പോലീസ് അന്വേഷണം ഉണ്ടായേക്കുമെന്ന ഭയത്തിലാണ് കേരളത്തിലെ ബിജെപി നേതാക്കള്‍. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചൊല്ലി ബിജെപിയില്‍ കലഹം മൂര്‍ഛിക്കുകയാണ്. കുമ്മനം അറിയാതെ റിപ്പോര്‍ട്ട് ചോരില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.