വ്യവസായത്തിനും വാണിജ്യത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണം: കെഎസ്‌ഐഡിസി

0
110

കൊച്ചി: വ്യവസായത്തിനും വാണിജ്യത്തിനും അനുകൂലവും പ്രായോഗികവുമായ അന്തരീക്ഷം രൂപീകരിക്കാന്‍ ഭരണകൂടവും വ്യവസായികളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഒത്തൊരുമിച്ച് വഴിയൊരുക്കണമെന്ന് കെഎസ്‌ഐഡിസി ചെയര്‍മാന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് പറഞ്ഞു. സര്‍ക്കാരിന്റെ വ്യവസായ-വാണിജ്യ നയത്തിന് അന്തിമരൂപം നല്കാനായി വ്യവസായ-വാണിജ്യ രംഗത്തെ പ്രതിനിധികളുമായി താജ് ഗെയ്റ്റ്‌വെയില്‍ നടന്ന യോഗത്തില്‍ അദ്ധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. അഡീഷണല്‍ ചീഫ് സെക്രട്ടറി (വ്യവസായം) പോള്‍ ആന്റണി സന്നിഹിതനായിരുന്നു.
സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള റെഗുലേറ്ററി നടപടികള്‍ ലഘൂകരിക്കുക, പൊതുമേഖലാ വ്യവസായങ്ങള്‍ ശാക്തീകരിക്കുക, പ്രാദേശികവിഭവങ്ങള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണമേഖലയില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങി നയത്തിന്റെ ഉദ്ദേശ്യങ്ങളും വീക്ഷണവുമടങ്ങുന്ന കരട് രേഖ യുടെ സംഗ്രഹം കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ എം ബീന അവതരിപ്പിച്ചു. വ്യവസായ സംരംഭങ്ങളുടെ ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി നിജപ്പെടുത്താനുള്ള കരടുനയത്തിലെ തീരുമാനത്തെ വ്യവസായികളടങ്ങിയ സദസ്യര്‍ അനുമോദിച്ചു.
വ്യവസായ പാര്‍ക്കുകളില്‍ നിലവിലുള്ള വ്യവസായികളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്ന് കേരളാ സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രതിനിധി രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കരാറിലേര്‍പ്പെട്ട് തുക നല്കിയശേഷം വ്യവസായ പാര്‍ക്കില്‍ വ്യവസായമാരംഭിച്ചവര്‍ക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ലഭിക്കണം. വ്യവസായ എസ്റ്റേറ്റുകള്‍ക്ക് കുറഞ്ഞത് 50 എക്കര്‍ ഭൂമി വേണമെന്ന നിര്‍ദേശം ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂമി ലഭ്യത കുറവായതിനാല്‍ ഇത് പത്തേക്കറായി കുറയ്ക്കണം.
വ്യാവസായ പാര്‍ക്കില്‍ 30-40 വര്‍ഷമായി വ്യവസായം നടത്തുന്നവരെ സഹായിക്കുന്ന തരത്തിലുള്ള എക്‌സിറ്റ് നയവും പരിഗണിക്കണമെന്ന് വ്യവസായികള്‍ യോഗത്തില്‍ നിര്‍ദേശിച്ചു. സൂക്ഷ്മ-ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ പൊതുമേഖലാ സ്ഥാപനങ്ങളും കൈക്കൊള്ളണം.
പൂട്ടിക്കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളല്ലാത്ത വന്‍കിട സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുകയോ പുതിയ വ്യവസായങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യണമെന്ന് കേരളാ സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കോട്ടയം) പ്രതിനിധി സേവ്യര്‍ തോമസ് അഭിപ്രായപ്പെട്ടു. ജിഎസ്ടി നിലവില്‍ വന്നതോടെ ചെറുകിട വ്യവസായികള്‍ മാര്‍ക്കറ്റിംഗ് രംഗത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണം.
സര്‍ക്കാരിന്റെ വ്യവസായ വാണിജ്യ നയ#ം സംബന്ധിച്ച് വര്‍ഷത്തിലൊരിക്കല്‍ ഇത്തരം യോഗങ്ങള്‍ സംഘടിപ്പിച്ച് വ്യവസായികളില്‍ നിന്നുകൂടി നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
വ്യവസായ-വാണിജ്യ ഡയറക്ടര്‍ കെ എന്‍ സതീഷ്, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ കെ എ സന്തോഷ്‌കുമാര്‍, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്) സിഇഒ വി രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യവസായികളുടെയും വ്യാപാരി, വ്യവസായ സംഘടനകളുടെയും ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെയും മറ്റു പ്രൊഫഷണല്‍ സമിതികളുടെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here