2011ലേത് ക്വട്ടേഷനല്ല; നടിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത് സുനി ഒറ്റയ്ക്ക്

0
123

2011ല്‍ സുനില്‍കുമാറും (പള്‍സര്‍ സുനി) സംഘവും ചേര്‍ന്ന് കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിനു പിന്നില്‍ ക്വട്ടേഷനില്ലെന്ന് അന്വേഷണ സംഘം. നടിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്യാന്‍ പദ്ധതിയിട്ടത് സുനി ഒറ്റയ്ക്കാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സുനിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലെത്തിയ ഈ നിഗമനങ്ങള്‍ സ്ഥിരീകരിക്കാന്‍ കൂട്ടുപ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചു.

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു സ്ഥിരീകരിച്ചതിനു പിന്നാലെയാണ് 2011ല്‍ നടന്ന സംഭവത്തെ കുറിച്ചും പൊലീസ് അന്വേഷണം നടത്തിയത്. കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനെത്തിയ നടിയെ തട്ടിക്കൊണ്ടു പോകാന്‍ പള്‍സര്‍ സുനിയും സംഘവും ശ്രമിച്ചെന്ന നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയിലായിരുന്നു അന്വേഷണം.

ഈ സംഭവവും ക്വട്ടേഷന്‍ പ്രകാരമാണു നടപ്പാക്കാന്‍ ശ്രമിച്ചതെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തതോടെയാണു സംഭവത്തിനു പിന്നിലെ ക്വട്ടേഷന്‍ സാധ്യതകള്‍ അന്വേഷണസംഘം തള്ളിക്കളയുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താനും പിന്നീട് ഇതുപയോഗിച്ചു ബ്ലാക്‌മെയില്‍ ചെയ്യാനുമുളള പദ്ധതിയിട്ടതു സുനി ഒറ്റയ്ക്കാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.

പൊന്നുരുന്നിയിലെ വാടകവീടു കേന്ദ്രീകരിച്ചാണു തട്ടിക്കൊണ്ടു പോകലിനുളള ഗൂഢാലോചന സുനിയും കൂട്ടരും ചേര്‍ന്ന് നടത്തിയതെന്നും കണ്ടെത്തി. നടിയെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിച്ച ദിവസം നടിക്കൊപ്പം മറ്റൊരു ചലച്ചിത്ര നടി കൂടി അപ്രതീക്ഷിതമായി എത്തിയതാണ് സുനിയുടെ പദ്ധതി പൊളിയാന്‍ കാരണമായത്.അതേസമയം ഈ സംഭവത്തെ പറ്റി സുനി നടന്‍ ദിലീപിനോടു പറഞ്ഞിരുേന്നാ എന്ന കാര്യം വ്യക്തമായിട്ടില്ല. സുനിയുടെ കൂട്ടുപ്രതികളായ മറ്റു നാലുപേരെ കൂടി ചോദ്യം ചെയ്യുന്നതിലൂടെ ഇതടക്കം ചില കാര്യങ്ങളിലുള്ള അവ്യക്തത അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണു പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here