സൈബര്‍ ആക്രമണം: സംഘപരിവാറിനെതിരെ ദീപ നിശാന്ത് പരാതി നല്‍കി

0
105

സംഘപരിവാര്‍ സംഘടനകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപകീർത്തികരമായ ചിത്രങ്ങൾക്കും പോസ്റ്റുകൾക്കുമെതിരെ കേരള വർമ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകി. തന്റെ മോർഫ് ചെയ്ത അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന കാവിപ്പട, ഔട്‌സ്‌പോക്കൺ എന്നീ ഫെയ്ബുക്ക് ഗ്രൂപ്പുകൾക്കെതിരെയാണ് സ്‌ക്രീൻ ഷോട്ടുകൾ സഹിതം പരാതി നൽകിയത്. കുടുംബത്തെ ഒന്നാകെ അപായപ്പെടുത്തുമെന്നു കാട്ടി സംഘപരിവാർ സംഘടനകൾ ഭീഷണിമുഴക്കുന്നതായും പരാതിയുണ്ട്.

ചിത്രകാരൻ എം.എഫ് ഹുസൈൻ വരച്ച സരസ്വതിയുടെ പെയ്ന്റിംഗ് കേരള വർമ കോളേജിൽ സ്ഥാപിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ആർഎസ്എസ് സംഘടനകൾ സൈബർ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഇതിനെതിരെ ദീപാ നിശാന്ത് ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. പൌരാണിക ഹൈന്ദവ ദൈവങ്ങൾ നഗ്‌നരായിരുന്നുവെന്ന് കാട്ടി ക്ഷേത്രശിലകളുടെ ചിത്രങ്ങൾ സഹിതമാണ് ദീപ നിശാന്ത് നിലപാട് വ്യക്തമാക്കിയത്.ഇതോടെയാണ് സംഘപരിവാർ സംഘടനകൾ ദീപ നിശാന്തിനെതിരെ തിരിഞ്ഞത്.

എന്നാൽ അശ്‌ളീല ചിത്രങ്ങൾക്കൊപ്പം തല വെട്ടി ചേർത്ത അപകീർത്തികരമായ പോസ്റ്റുകളാണ് ദീപ നിശാന്തിന് മറുപടിയെന്നോണം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എബിവിപിക്കും സംഘപരിവാർ സംഘടകൾക്കും പുറമെ ഔട് സ്‌പോക്കൺ, കാവിപ്പട എന്നീ ഫേസ്ബുക്ക് ഗ്രൂപ്പുകളും അശ്‌ളീല ചുവയുള്ള സന്ദേശം നിരന്തരം പോസ്റ്റ് ചെയ്യുകയാണ്. കൂടാതെ ദീപ നിശാന്തിനെതിരെ ആസിഡ് ആക്രമണം നടത്തിയോ, മുറിവേൽപ്പിച്ചോ അപായപ്പെടുത്തണമെന്ന ആഹ്വാനങ്ങൾവരെ  നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here