700 ടാങ്ക് ട്രക്ക് ഡ്രൈവർമാർക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു

0
115

ഇരുമ്പനം:  കേരളത്തിലെ ഐഒസി കേന്ദ്രങ്ങളിൽനിന്ന് പെട്രോളിയം ഉത്പന്നങ്ങൾ കയറ്റിയ ടാങ്ക് ട്രക്കുകൾ ഓടിക്കുന്ന 700 ഡ്രൈവർമാർക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു.
മുൻ എം.പി. പി. രാജീവ് പരിപാടി ഉദ്ഘാടനം ചെയ്തു. അതോടൊപ്പം ഡ്രൈവർമാർക്ക് കണ്ണടകളും വിതരണം ചെയ്തു. തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്‌സൺ ചന്ദ്രികാദേവി അധ്യക്ഷയായിരുന്നു. ഐഒസിഎൽ കൊച്ചിൻ ടെർമിനൽ ഡിജിഎം ആർ. കുമാർ, ജിഎം – ഓപ്പറേഷൻസ് മനോജ് കുമാർ, ഡിജിഎം – സിഎസ്ആർ ബോസ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
സാമൂഹ്യക്ഷേമത്തിനായി ഐഒസിഎൽ നടത്തുന്ന ശ്രമങ്ങളെ പി. രാജീവ് അഭിനന്ദിച്ചു. ലാഭം നേടുക എന്നതിന് അപ്പുറം സമൂഹത്തിനായി ഐഒസിഎൽ മികച്ച സേവനങ്ങൾ നടത്തുന്നുണ്ട്. സർക്കാരുമായി കരാറില്ലെങ്കിൽപോലും ഐഒസിഎൽ ലാഭത്തിന്റെ രണ്ട് ശതമാനം സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്. ലക്ഷ്യസ്ഥാനങ്ങളിൽ സുരക്ഷിതമായി പെട്രോളിയം ഉത്പന്നങ്ങൾ എത്തിക്കുന്ന ഡ്രൈവർമാരെയും അദ്ദേഹം അഭിനന്ദിച്ചു.
സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ കമ്പനി തുടർന്നുകൊണ്ടുപോകണമെന്ന് ചന്ദ്രികാദേവി അഭ്യർത്ഥിച്ചു. പോലീസുകാർക്കായി മഴക്കോട്ടുകൾ വിതരണം ചെയ്യുക, മരം വച്ചുപിടിപ്പിക്കുക, മാമല ചിത്രപ്പുഴ റോഡിനായി സ്ഥലം വിട്ടുകൊടുക്കുക തുടങ്ങിയ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഐഒസിഎൽ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ടെന്ന് ജിഎം ഓപ്പറേഷൻസ് മനോജ് കുമാർ പറഞ്ഞു. കമ്പനിയുടെ നിലവിലുള്ള സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾ (സിഎസ്ആർ) ബോസ് ജോസഫ് വിശദീകരിച്ചു.
പെട്രോളിയം ടാങ്കറുകൾ അപകടത്തിൽപ്പെടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ വ്യക്തമായത് ഇത്തരം അപകടങ്ങളുടെ ഒരു മൂലകാരണം ഡ്രൈവർമാരുടെ കാഴ്ചശക്തിയിൽ ഉള്ള പ്രശ്‌നങ്ങളാണ്. ഇക്കാര്യത്തിന് പരിഹാരം കാണാനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരളത്തിൽ അങ്ങോളമിങ്ങോളമായി രണ്ടായിരത്തിലധികം പെട്രോളിയം ടാങ്കറുകൾ, എൽപിജി വാഹനങ്ങൾ എന്നിവയിലെ ഡ്രൈവർമാർക്ക് സൗജ്യന്യമായി നേത്രപരിശോധന നടത്തി. ഐഒസി ഇരുമ്പനം ടെർമിനലിലെ 467 ഡ്രൈവർമാർക്ക് കണ്ണടകൾ ആവശ്യമാണെന്നും പത്ത് പേർക്ക് തിമിര ശസ്ത്രക്രിയ നടത്തണമെന്നും കണ്ടെത്തിയിരുന്നു.
കേരളത്തിൽ എണ്ണ ഉത്പാദക കമ്പനികളിൽ ഐഒസിഎൽ മാത്രമാണ് 100 ശതമാനം ഡ്രൈവർമാരുടേയും നേത്രപരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി രണ്ടുലക്ഷം രൂപ ചെലവിൽ 700 ഡ്രൈവർമാർക്ക് ഐഒസിഎൽ സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. കൂടാതെ 10 ടാങ്ക് ട്രക്ക് ഡ്രൈവർമാർക്ക് പ്രമുഖ നേത്രരോഗ ആശുപത്രികളുടെ സഹകരണത്തോടെ തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തും. സാമൂഹിക പ്രതിബദ്ധതാപ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യരക്ഷ, ശുചീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലായി കേരളത്തിൽ ഐഒസിഎൽ ഇതുവരെ മൂന്നുകോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here