വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എംഎല്‍എ എം. വിന്‍സന്റ് മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപേക്ഷ നല്കി. കേസില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ജാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്.
ജനപ്രതിനിധി ആയതിനാല്‍ സ്പീക്കറുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാനാകൂ. എന്നാല്‍, എം.വിന്‍സന്റിനെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ ഏതു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു.
പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു വിന്‍സന്റ് എം.എല്‍.എയെ രണ്ടര മണിക്കൂറോളം ഇന്ന് ചോദ്യം ചെയ്തത്. പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. മാനസികവും ശാരീരികവുമായി എംഎല്‍എ പീഡിപ്പിച്ചതിനെ തുടര്‍ന്നാണു ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന ഗൃഹനാഥന്റെ പരാതിയിലാണു കേസ്.
ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎല്‍എക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീട് വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എംഎല്‍എ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായി.