കല സമൂഹവുമായി നിരന്തരം സംവദിക്കണമെന്ന് ടി. എം. കൃഷ്ണ

0
86


കൊച്ചി: കല സമൂഹവുമായി നിരന്തരം സംവദിക്കണമെന്നും സംഭാഷണത്തിൽ ഏർപ്പെടണമെന്നും അല്ലാത്തതെല്ലാം ഏകപക്ഷീയമായ കൊടുക്കൽ മാത്രമാണെന്നും ജനാധിപത്യത്തിന്റെ സാന്നിധ്യത്തിൽ മാത്രമാണ് കല സുന്ദരമാകുന്നതെന്നും സംഗീതജ്ഞനും ആക്റ്റിവിസ്റ്റുമായ ടി. എം. കൃഷ്ണ പറഞ്ഞു. കൊച്ചിയിൽ ഇടത് സൈദ്ധാന്തികനും ചിന്തകനുമായിരുന്ന ഡോ. ടി. കെ. രാമചന്ദ്രൻ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു കൃഷ്ണ. കലാകാരൻ പൗരനേക്കാൾ ഉയരത്തിലല്ല, പൗരൻ കലാകാരനേക്കാൾ താഴെയുമല്ല. അതുപോലെ കാലാകാരനും ആക്റ്റിവസ്റ്റും വ്യത്യസ്ത വ്യക്തിത്വങ്ങളല്ല. ശരിയായ കലാപ്രവർത്തനം ആക്റ്റിവിസം തന്നെയാണ്. വെറും പാസ്പോർട്ട് ഉടമയല്ല പൗരൻ. ചുറ്റുപാടുകളോട് പ്രതികരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ആളാണ്.

തമിഴ്നാട്ടിലെ മീൻപിടുത്തക്കാരുടെ ഗ്രാമത്തിൽ കർണാടക സംഗീതം ആലപിച്ച അനുഭവം കൃഷ്ണ വിവരിച്ചു. കേൾവിക്കാർ ചിലപ്പോൾ കൃഷ്ണയുടെ ആലാപനത്തെ വെറും ശബ്ദജാലം എ്ന്ന് പുച്ഛിച്ചിരിക്കാം. തിരസ്‌കാരത്തിലും ഉന്നതമായ സൗന്ദര്യമുണ്ട്. കലാപങ്കാളികളും കല ആവിഷ്‌കരിക്കുന്ന വേദികളും മാറ്റത്തിന് വിധേയമാകണം. ആചാരങ്ങൾപോലും പരസ്പരം വെച്ചു മാറാൻ തയ്യാറുള്ള ഒരു സമൂഹം രൂപപ്പെടണം.

വധഭീഷണിക്ക് വിധേയനായ പെരുമാൾ മുരുകന്റെ കവിതകൾ കോയമ്പത്തൂരിൽ പെരുമാൾ മുരുകനെ ഏറ്റവും രൂക്ഷമായി എതിർത്ത ഗൗണ്ടർ സമുദായക്കാർ സംഘടിപ്പിച്ച സംഗീതപരിപാടിയിൽ ആലപിച്ച അനുഭവവും കൃഷ്ണ വിശദീകരിച്ചു. പെരുമാൾ മരുകന്റേതാണെന്ന് തിരിച്ചറിയാതെ അവർ സംഗീതം മാത്രം ആസ്വദിക്കുകയായിരുന്നു. ആശയങ്ങൾ കലാപരമായി ആവിഷ്‌കരിക്കപ്പെടുമ്പോൾ സമൂഹത്തിന്റെ സമീപനം മാറുമെന്നതിന് തെളിവാണിത്. കല ആത്യന്തികമായി മതേതരവും ജനാധിപത്യപരവുമാകണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബിടിഎച്ച് ഹോട്ടലിൽ പ്രശസ്ത എഴുത്തുകാരൻ എൻ. എസ്. മാധവൻ ഉൾപ്പെട്ട ടി. കെ. രാമചന്ദ്രന്റെ സുഹൃദ്സംഘമാണ് പരിപാടി സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here