കുട്ടികുറ്റവാളികള്‍ക്കു കാരണം മാതാപിതാക്കളോ?

0
523

ഇന്നു സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഏറെയും ഉള്‍പ്പെടുന്നത് 10നും 18നും ഇടയ്ക്കു പ്രായമുള്ള കുട്ടികളാണ്. പല മോഷണ കേസിലും കഞ്ചാവു മയക്കുമരുന്നു കടത്തല്‍ കേസിലും ഇവ ഉപയോഗിക്കുന്നതിലും മുന്നില്‍ നില്‍ക്കുന്നത് കുട്ടികള്‍ തന്നെ.

കുട്ടികളില്‍ കുറ്റവാസന എങ്ങനെയുണ്ടാകുന്നു? എവിടെനിന്നും ഉണ്ടാകുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ക്കുത്തരം തേടി മറ്റെങ്ങും പോകേണ്ട. സ്വന്തം കുടുംബത്തിലേക്കുതന്നെ നോക്കിയാല്‍ അതിനുള്ള ഉത്തരം നമുക്ക് ലഭിക്കും. ദാരിദ്രമാണ് കുട്ടികളെകൊണ്ട് കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്നത് എന്ന് വിശ്വസിക്കുന്നെങ്കില്‍ അതു തെറ്റി. ഭൂരിഭാഗം കുട്ടികുറ്റവാളികളും സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ളവരാണ്. ഇതില്‍ പല കുട്ടികളുടെയും മാതാപിതാക്കള്‍ സമൂഹത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരുമാണ്. ജീവിത സൗകര്യങ്ങള്‍ ഏറെ ഉണ്ടായിട്ടും എന്തുകൊണ്ടാണ്ട് കുട്ടിക്കുറ്റവാളികള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നു?

ഒറ്റപ്പെടല്‍

ഇന്ന് പലകുട്ടികളുടേയും പ്രശ്‌നമാണ് ഒറ്റപ്പെടല്‍. അച്ഛനും അമ്മയും ഒരു കുട്ടിയും അടങ്ങുന്നതായിരിക്കും ഇന്നത്തെ ഒട്ടുമിക്ക കുടുംബങ്ങളും. ഇതില്‍ മാതാപിതാക്കള്‍ കുടുംബം ഭദ്രമാക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ വീട്ടില്‍ ഒറ്റപ്പെടുന്നത് ഈ കുട്ടിയാണ്. നാലുവയസ്സു പ്രായംവരെ കുട്ടികള്‍ മാതാപിതാക്കളുടെ സ്‌നേഹവയത്തിലാണ് കഴിയേണ്ടത്. ഈ സമയത്താണ് കുട്ടികള്‍ നല്ല സ്വഭാവങ്ങള്‍ പഠിക്കുന്നതും.

എന്നാല്‍ ഇന്ന് കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നതിനുമുന്‍പേ ‘ഡെ കെയര്‍’ എന്ന സ്ഥാപനങ്ങളില്‍ കൊണ്ടുതള്ളുന്നു. ഇതിനു മാതാപിതാക്കള്‍ക്ക് പറയുവാന്‍ കാരണം ‘ജോലിക്കു പോകണം” എന്നാണ്. ഇത്തരം കുട്ടികള്‍ക്ക് കളിക്കാന്‍ കളിപ്പാട്ടങ്ങളും പരിചരിക്കാന്‍ ആയമായും ഉണ്ടായേക്കാം എന്നാല്‍ സ്‌നേഹം, കരുതല്‍ ഇതൊക്കെ ഇവിടെ നിന്നും കിട്ടുന്നുണ്ടോ?

സ്‌കൂളില്‍ നിന്നും വരുന്ന കുട്ടികള്‍ പലപ്പോഴും മാതാപിതാക്കള്‍ വരുന്നതുവരെ വീടുകളില്‍ ഒറ്റക്കായിരിക്കും. ഇത് അവരെ ഒറ്റപ്പെടലിന്റെ ലോകത്തേക്ക് തള്ളിവിടുന്നു. ഈ ഒറ്റപ്പെടല്‍ ഒരു പ്രതികാരാഗ്നി മനസ്സില്‍ സൃഷ്ടിക്കുന്നു. ഇരു പല കുറ്റകൃത്യങ്ങള്‍ ചെയ്യാനുമുള്ള ആദ്യ പ്രേരണയാണ്.

ഒറ്റയ്ക്കായി എന്ന തോന്നലിനെ അതിജീവിക്കാന്‍ കുട്ടികള്‍ ഇന്റര്‍നെറ്റിനെ കൂട്ടുപിടിക്കുന്നു. ഒപ്പം കൂട്ടുകാരെയും ചേര്‍ക്കുന്നു. ഇത്തരം രഹസ്യകൂട്ടുകൂടല്‍ ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും ദുരുപയോഗത്തിലേക്കും ലഹരിവസ്തുക്കളുടെ ഉപയോഗത്തിലേയ്ക്കും കുട്ടികളെ നയിക്കുന്നു. ടെലിവിഷനും കംപ്യൂട്ടറും മൊബൈല്‍ ഫോണും പകര്‍ന്നു നല്‍കുന്ന വിവരങ്ങളാണ് ശരിയെന്ന് കുട്ടികള്‍ തെറ്റിദ്ധരിക്കുന്നു.

തെറ്റായ വഴികാട്ടികള്‍

എല്ലാ അറിവിന്റേയും ആദ്യപാഠം കുടുംബത്തില്‍ നിന്നാണ്. ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭിക്കേണ്ടതും കുടുംബത്തില്‍ നിന്നുതന്നെയാണ്. ദൃശ്യമാധ്യമങ്ങളില്‍ കാണുന്ന ലൈംഗിക ചുവയുള്ള ദൃശ്യങ്ങള്‍ കുട്ടികളില്‍ നിന്നും മറച്ചുവയ്ക്കാനാണ് മിക്ക മാതാപിതാക്കളും ശ്രമിക്കുന്നത്.

എന്നാല്‍ കുട്ടി ഇതെന്താണെന്ന് ചോദിക്കുമ്പോള്‍ ‘ഇതൊക്കെ തെറ്റാണെന്നും, ഇതൊന്നും നീ അറിയേണ്ടതില്ലെന്നും” പറഞ്ഞ് കുട്ടിയെ വഴക്കുപറയുകയും തല്ലുകയും ചെയ്താല്‍ ഇത് എന്തോ വലിയ കാര്യമാണെന്ന് കുട്ടി കരുതുകയും ഇത് അറിയാനുള്ള ജിജ്ഞാസ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഇതിന്റെ കണ്ടെത്തലാകട്ടെ ചെന്ന് അവസാനിക്കുന്നത് ഇന്റര്‍നെറ്റിലും. ഇന്റര്‍നെറ്റില്‍ നിന്നും കിട്ടുന്ന അറിവുകള്‍ പലപ്പോഴും തെറ്റിലേക്ക് കുട്ടികളെ നയിക്കുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് ഒരു പ്രാധാന്യവും കല്പിക്കാത്ത തെറ്റായ അറിവുകളായിരിക്കും ഇന്റര്‍നെറ്റ് വഴി കുട്ടികള്‍ക്ക് ലഭിക്കുക. പത്തു വയസ്സുകാരനായ മകള്‍ സ്വന്തം അമ്മ വസ്ത്രം മാറുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത് ഈ അടുത്തകാലത്താണ്.

ക്രിമിനല്‍ മനസ്സ്

ചെറുതും വലുതുമായ കുറ്റകൃത്യങ്ങള്‍ നടത്തുന്നതും കുട്ടികളില്‍ ക്രിമിനല്‍ മനസ്സ് രൂപപ്പെടാനും കാരണം മാതാപിതാക്കള്‍ തന്നെയാണ്. ഇതിനു പ്രധാനകാരണവും മാതാപിതാക്കളുടെ ജോലിത്തിരക്കാണ്. രാവിലെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ വൈകുന്നേരം വീട്ടില്‍ ഒറ്റപ്പെടും എന്നു കരുതി ട്യൂഷന്‍ ക്ലാസ്സുകള്‍ ഏര്‍പ്പെടുത്തുകയാണ് മാതാപിതാക്കള്‍. സ്‌കൂളും ട്യൂഷനും കഴിഞ്ഞു വീട്ടില്‍ എത്തുന്ന കുട്ടി വിശേഷങ്ങള്‍ പറയാന്‍ അമ്മയുടെ അടുക്കലേക്ക് എത്തുമ്പോള്‍ അമ്മ ആ സമയം സീരിയലില്‍ മുഴുകിയിരിക്കും. അമ്മയ്ക്ക് ശല്യമാകാതിരിക്കാന്‍ തന്റെ മൊബൈല്‍ ഫോണ്‍ കുട്ടിക്കു നല്കും. കുട്ടി അതില്‍ നിന്നും കാണുന്ന കാഴ്ചകള്‍ പലതാണ്.

നിരന്തരം ഇത് ആവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ കണ്ട ദൃശ്യങ്ങള്‍ പരീക്ഷിക്കാനുള്ള ശ്രമം അവരിലുണ്ടാകുന്നു. ഇതിനുവേണ്ടി അവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗം സഹപാഠികളോ, അടുത്ത വീട്ടിലെ കുട്ടിയോ, ബന്ധുവോ ആകാം. ഇതിനായി അവര്‍ പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നു. അതിനായി ഏതു കുറ്റകൃത്യങ്ങളും ചെയ്യ്തുകൂട്ടുന്നു.

മറ്റുള്ളവരെ അനുകരിക്കല്‍

അനുകരണ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് കുട്ടികളിലാണ്. ഇഷ്ടപ്പെടുന്ന നായക കഥാപാത്രങ്ങളെ അനുകരിക്കാന്‍ കുട്ടികളില്‍ വാസന കൂടുതലാണ്. നായകന്‍ ഓടിക്കുന്ന ബൈക്ക്, ഡ്രസ്സ്, വാച്ച് ഇതെല്ലാം. ഇതിനായി അവര്‍ വീട്ടില്‍ നിന്നും പണം ആവശ്യപ്പെടുന്നു. ഇതിന് വീട്ടുകാര്‍ തയ്യാറാകാതെ വരുമ്പോള്‍ അവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗം മോഷണമാണ്. ബൈക്ക് മോഷണക്കേസുകളിലെല്ലാം തന്നെ പതിനെട്ട് അല്ലെങ്കില്‍ ഇരുപത് വയസിന് താഴെയുള്ള വിദ്യാര്‍ഥികളാണ് പിടിയിലാകുന്നതും.

ചിലര്‍ക്ക് പലതരം ബൈക്കുകള്‍ മാറി മാറി ഓടിക്കാനുള്ള താല്‍പര്യമാണ് മോഷണത്തിന് പിന്നിലെങ്കില്‍, മറ്റ് ചിലരില്‍ പെട്ടെന്ന് കോടീശ്വരനാകാനുള്ള ആഗ്രഹമാണ് കാരണം. മോഷ്ടിക്കുന്ന ബൈക്കുകള്‍ മറിച്ച് വില്‍പ്പന നടത്തിയാണ് ഇവര്‍ കാശുണ്ടാക്കുന്നത്. മറ്റു ചിലരാകട്ടെ മോഷ്ടിക്കുന്ന ബൈക്കുകള്‍ കഞ്ചാവ് കടത്തിനും വിലപ്പനയ്ക്കുമായി ഉപയോഗിക്കുന്നു. മോഷ്ടിക്കുന്ന ബൈക്കില്‍ ആകുമ്പോള്‍ പേലീസ് പിടിച്ചാലും ബൈക്ക് ഉപേക്ഷിച്ചു കടന്നു കളയാമല്ലോ.

സൈബര്‍ കുറ്റകൃത്യങ്ങള്‍

മാതാവിന്റെ നഗ്‌നചിത്രം മൊബൈലില്‍ പകര്‍ത്തി നെറ്റില്‍ പ്രദര്‍ശിപ്പിച്ച് പണം സമ്പാദിച്ച പതിനാലു വയസുകാരനെ കേരളം മറന്നിരിക്കില്ല. സഹപാഠിയുടെയും കാമുകിയുടെയും ഒക്കെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് ഇന്ന് പുതുമയുള്ള വാര്‍ത്തയല്ല. സ്‌കൂള്‍ വിദ്യാര്‍ഥിനി കാമുകന് വേണ്ടി കുട്ടുകാരിയുടെ ചിത്രം കുളിമുറിയില്‍ നിന്ന് പകര്‍ത്തി നല്‍കിയതും ഇതേ കേരളത്തില്‍ തന്നെ.

അധ്യാപിക വഴക്ക് പറഞ്ഞതിന് അവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭര്‍ത്താവിന് കൈമാറിയതും വിദ്യാര്‍ഥി.
ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം അവര്‍ വളര്‍ന്നു വരുന്ന സാഹചര്യങ്ങളാണ്. ഇന്നത്തെ ന്യൂ ജെനറേഷന്‍ സിനിമകളും കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ പങ്ക് വഹിക്കുന്നു.

സൈക്കോളജിക്കല്‍ കാരണങ്ങള്‍

കൊച്ചുകുട്ടികളില്‍ ആറ് വയസ് മുതല്‍ അക്രമസ്വഭാവം കാണാന്‍ സാധിക്കും. അതായത് മറ്റ് കുട്ടികളുമായി വഴക്ക് കൂടുക, അനുസരണയില്ലായ്മ എന്നിവയൊക്കെ. കുട്ടികള്‍ വളരുന്നതനുസരിച്ച് ഇതില്‍ മാറ്റം വരുന്നുണ്ടെങ്കിലും ഇരുപത്തിനാല് വയസ്സ് ആകുന്നതോടെയേ ഇത് പുര്‍ണമായി വെളിപ്പെട്ടു വരുന്നു. ചെറുപ്പകാലത്ത് കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന മോശം സംഭവങ്ങളാണ് അവരെ ക്രിമിനല്‍ സ്വഭാവത്തിലേക്ക് നയിക്കുന്നത്.

തകര്‍ന്ന കുടുംബം, മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തര വഴക്ക്, വിവാഹമോചനം, ദമ്പതികള്‍ക്കിടയിലുള്ള സംശയങ്ങള്‍ ഇതെല്ലാം വളര്‍ന്നു വരുന്ന കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റെ വ്യക്തിത്വത്തെ തകിടം മറിക്കുന്നതാണ്. കുട്ടിയോട് സദാ ദേഷ്യത്തോടെ പെരുമാറുക എന്നിവയെല്ലാം കുട്ടികളുടെ മനസിന് ആഴത്തില്‍ മുറിവ് സമ്മാനിക്കുന്നു. ഇത് അവരെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനുള്ള മാനസികാവസ്ഥയിലെത്തിക്കുന്നു.

മയക്കുമരുന്നിന് വേണ്ടി

സ്‌കൂള്‍, കോളേജ് തലത്തിലുള്ള ആണ്‍ക്കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഇടയില്‍ മയക്കുമരുന്നു ഉപയോഗം ഇന്ന് വ്യാപകമാണ്. ആര്‍ക്കും വേണ്ടെന്ന വിചാരത്തില്‍ നിന്നും സ്വയം നശിക്കാനായി മയക്കുമരുന്നിനെ കൂട്ടുപിടിക്കുന്നവര്‍.

കൂട്ടുകാരുടെ ഒപ്പം തമാശയ്ക്ക് കൂടി ‘ഇല്ലാതെ വയ്യ’ എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നവര്‍. ഉപയോഗത്തേടൊപ്പം മയക്കുമരുന്നിന്റെ വിപണനവും കുട്ടികള്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണ്.

കുട്ടികള്‍ രാത്രിയില്‍ വൈകി വീട്ടില്‍ എത്തുമ്പോഴും ആളൊഴിഞ്ഞ കോണുകള്‍ തേടിപ്പോകുമ്പോഴും മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കാതെ പോകുന്നതിന്റെ ഫലം. കുട്ടികളെ കുട്ടികളായി കാണാനും വളര്‍ത്താനും മാതാപിതാക്കള്‍ക്ക് കഴിയാതെ വരുന്നതാണ് ഇവിടെ സംഭവിക്കുന്ന തെറ്റ്.

ഇന്നത്തെ മാതാപിതാക്കള്‍ക്ക് കുട്ടികളെ ഭയക്കുന്നു. പണ്ടൊക്കെ കുട്ടികള്‍ മാതാപിതാക്കളെ പേടി കലര്‍ന്ന ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. ഇന്ന് മകള്‍ അല്ലെങ്കില്‍ മകന്‍ സൂക്ഷിച്ചൊന്നു നോക്കിയാല്‍ പല മാതാപിതാക്കളും മക്കളുടെ തെറ്റുകളെ ശരിവച്ച് കണ്ണടയ്ക്കും.

പരിഹാരമാര്‍ഗ്ഗങ്ങള്‍

കുട്ടികളിലെ ക്രിമിനല്‍ വാസനയെ മാതാപിതാക്കള്‍ക്കുതന്നെ മാറ്റാവുന്നതാണ്.

1. ദൃശ്യമാധ്യമങ്ങളില്‍ കാണുന്ന ലൈംഗികചുവയുള്ള ദൃശ്യങ്ങക്കുള്ള സംശയം മാതാപിതാക്കള്‍ ലളിതമായ ഭാഷയില്‍ കുട്ടികള്‍ക്ക് പറഞ്ഞുമനസ്സിലാക്കി കൊടുക്കണം. ലൈംഗിക അവയവങ്ങളെക്കുറിച്ചുള്ള ആണ്‍-പെണ്‍ വ്യത്യാസവും പകര്‍ന്നു കൊടുക്കണം. ഇതിലൂടെ നല്ല അറിവാണ് കുട്ടിക്ക് കിട്ടുന്നത്. ഇത് സമൂഹത്തിലെ പീഡനം ഒരുപരിധിവരെ ഒഴുവാക്കാന്‍ സാധിക്കും.

2. മാതാപിതാക്കള്‍ കുട്ടികളെ കേള്‍ക്കാന്‍ തയ്യാറാകണം. സ്‌കൂളില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് പറയാന്‍ ഒരുപാട് വിശേഷങ്ങള്‍ ഉണ്ടായിരിക്കും. അതെല്ലാം കേള്‍ക്കാന്‍ തയ്യാറായാല്‍ അവരുടെ നല്ല സുഹൃത്താവും മാതാപിതാക്കള്‍ അത്. കുട്ടികള്‍ എല്ലാം തുറന്നു പറയാനുള്ള പേടിയും മാറികിട്ടും.

3. നാലുവയസ്സുവരെയെങ്കിലും കുട്ടികള്‍ മാതാപിതാക്കളുടെ പരിചരണത്തിലായിരിക്കണം.

4. കുട്ടികളുടെ മുന്നില്‍ വെച്ച് മാതാപിതാക്കള്‍ വഴക്കുകൂടുന്നതും തല്ലുണ്ടാക്കുന്നതും ഒഴിവാക്കണം.

5. സമയം കിട്ടുമ്പോഴെല്ലാം കുട്ടിക്കൊപ്പം സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇത് ഇവര്‍ ഒറ്റക്കല്ലായെന്ന തോന്നല്‍ ഇവരില്‍ ഇല്ലാതാക്കും.

ഇതെല്ലാം ഒരു പരിധിവരെ വൃദ്ധസദനങ്ങള്‍ പണിയുന്നതും ഒഴിവാക്കാം…

LEAVE A REPLY

Please enter your comment!
Please enter your name here