വീട്ടമ്മയുടെ ലൈംഗിക പീഡന പരാതിയിൽ കോവളം എം.എല്‍.എ എം. വിന്സെൻറിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. അഞ്ച് മാസത്തിനിടെ 900 തവണ എം.എൽ.എയുടെ ഫോണിൽ നിന്ന് വീട്ടമ്മയെ വിളിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടമ്മയുടെ ഫോണിൽ നിന്ന് തിരിച്ച് കൂടുതൽ കോളുകൾ വിളിച്ചിട്ടില്ല. മാത്രമല്ല, വീട്ടമ്മ വിൻസന്റിന്റെ നമ്പർ ബ്ളോക്ക് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, എ.വിന്‍സന്റിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പുകളാണ് എം.എൽ.എക്ക് മേൽ ചുമത്തിയിട്ടുള്ളത്. എം.എൽ.എയെ ചോദ്യംചെയ്യുന്നതിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥ അജീതാബീഗത്തിന് അനുമതിനൽകി.
വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചശേഷം കേസ് ഒതുക്കിത്തീർക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ സഹോദരനെ എം.എൽ.എ ബന്ധപ്പെടുകയും ആത്മഹത്യശ്രമത്തിന് കാരണം കുടുംബവഴക്കാണെന്ന് പൊലീസിനോട് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ മൊബൈൽ സംഭാഷണം സഹോദരൻ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. കൂടാതെ ആത്മഹത്യശ്രമത്തിന് ദിവസങ്ങൾക്ക് മുമ്പ് വീട്ടമ്മ സഹോദരനോട് താൻ മരിച്ചാൽ അതിന് ഉത്തരവാദി വിൻെസൻറായിരിക്കുമെന്നും വിൻെസൻറ് ചതിച്ചെന്നും പറഞ്ഞിരുന്നു. ഈ ഫോൺ സംഭാഷണവും ബന്ധുക്കൾ പൊലീസിനെ ഏൽപിച്ചിട്ടുണ്ട്.
ഇതുകൂടാതെ വീട്ടമ്മയുമായി വിൻെസൻറ് നടത്തിയ ഫോൺ സംഭാഷണങ്ങളുടെ രേഖകളും സംഘം ശേഖരിച്ചിട്ടുണ്ട്. അറസ്റ്റ് മുൻകൂട്ടിക്കണ്ട് എം.എൽ.എ മുൻകൂർജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച വീട്ടമ്മയുടെ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന് വൈദ്യപരിശോധന നടത്തി. നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരുന്നു പരിശോധന. മജിസ്ട്രേറ്റിനും പൊലീസിനും നൽകിയമൊഴി ഡോക്ടറിന് മുന്നിലും ഇവർ ആവർത്തിച്ചു. നവംബർ, സെപ്റ്റംബർ മാസങ്ങളിലാണ് ലൈംഗികമായി പീഡിപ്പിച്ചത്. വസതിയിൽ അതിക്രമിച്ച് കയറി രണ്ടുതവണ ബലാത്സംഗംചെയ്ത എം.എൽ.എ കടയിൽ കയറി പീഡിപ്പിച്ചതായും മൊഴിയിലുണ്ട്. പിന്നീട് ഫോണിലൂടെ ശല്യപ്പെടുത്തിയെന്നും പറയുന്നു.