ഗ്രൂപ്പ് പോര് മടുത്തു, കേരളാ ബിജെപിയെ നിയന്ത്രിക്കാന്‍ കേന്ദ്ര ഉപസമിതി

0
755

ഗ്രൂപ്പ് പോര് രൂക്ഷമായ കേരളാ ബിജെപി ഘടകത്തെ നിയന്ത്രിക്കാന്‍ ഉപസമിതിക്ക് കേന്ദ്ര നേതൃത്വം രൂപം നല്‍കും. മൂന്നു ഗ്രൂപ്പുകള്‍ ആയി ചേരിപ്പോര് നടത്തുന്ന കേരളാ ബിജെപി ഘടകം കേന്ദ്ര സര്‍ക്കാറിനും പാര്‍ട്ടിക്കും തന്നെ നാണക്കേട് സൃഷ്ടിച്ച് കേന്ദ്ര ഭരണത്തിന് കീഴില്‍ കോഴ വാങ്ങിയതും സ്വന്തം പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് തന്നെ ചോര്‍ത്തിയതും ആണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇന്ന് നടക്കുന്ന കോര്‍ കമ്മറ്റി യോഗത്തിന് മുന്‍പേ തന്നെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വിളിച്ചു ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന നേതാക്കള്‍ സുഖലോലുപരായി തീരുന്നു എന്ന ആക്ഷേപം കേന്ദ്ര നേതാക്കള്‍ക്ക് പൊതുവില്‍ ഉണ്ട്. അതുകൊണ്ട് തന്നെയാണ് മൂന്നു മാസം കൂടുമ്പോള്‍ സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്തി മുന്നോട്ടു പോകാം എന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയത്. നേമത്തെ വിജയത്തിലൂടെ സംസ്ഥാന ബിജെപിക്ക് കിട്ടിയ ഉണര്‍വ് നേതാക്കള്‍ ഇല്ലായ്മ ചെയ്യുകയാണ് എന്നും ഇത് പാര്‍ട്ടി അണികളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കും എന്നും വളര്‍ച്ച തടയും എന്നുമാണ് കേന്ദ്രത്തിന്റെ പ്രാഥമീക നിരീക്ഷണം.മുന്‍ സംസ്ഥാന അധ്യക്ഷന്‍ വിഭാഗീയത വളര്‍ത്തുന്നു എന്ന നിഗമനം വി.മുരളീധരനെ ഉദ്ദേശിച്ചു ഉള്ളതാണ്.ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ മുരളീധര പക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. നേരത്തെ രണ്ടു ഗ്രൂപ്പ് മാത്രം ഉണ്ടായിരുന്ന സംസ്ഥാന ബിജെപിയില്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ മൂന്നാണ്. മുരളീധര പക്ഷം, കൃഷ്ണദാസ് പക്ഷം, പുതുതായി ഉദയം കൊണ്ട കുമ്മനം പക്ഷം.ഇതില്‍ കുമ്മനം പക്ഷം മുരളീധര പക്ഷത്തെ ഒതുക്കാന്‍ നോക്കുന്നതാണ് നിലവിലെ ചേരിപ്പോരിന്റെ അടിസ്ഥാനം.
സ്ഥാനമാനങ്ങള്‍ക്കും സീറ്റിനും വേണ്ടി കരുക്കള്‍ നീക്കുന്ന സംസ്ഥാന പാര്‍ട്ടി നേതാക്കള്‍ ഗ്രൂപ്പ് തിരിഞ്ഞു എതിര്‍ ഗ്രൂപിന് എതിരായി ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. മെഡിക്കല്‍ കോളേജ് കോഴ വിവാദം പുറത്തു വന്നതും ഈ സാഹചര്യത്തില്‍ ആണ്. കുമ്മനത്തിന്റെ അടുത്ത അനുയായി ആയ എം.ടി രമേഷിന് എതിരെ തെളിവ് നല്‍കാന്‍ അന്വേഷണ കമ്മീഷന്‍ തന്നെ ആവശ്യപെട്ടു എന്ന പുറത്താക്കപ്പെട്ട ആര്‍.എസ് വിനോദിന്റെ വെളിപ്പെടുത്തല്‍ തന്നെ സംസ്ഥാന തലത്തില്‍ ഉയര്‍ന്നു വരുന്ന, ഒരു പക്ഷേ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരെ പരിഗണിക്കപെടാവുന്ന ഒരു നേതാവിനെ ഒതുക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായി വേണം കരുതാന്‍. അന്വേഷണ കമ്മീഷനിലെ ശ്രീശന്‍ മാസ്റ്റര്‍ കടുത്ത മുരളീധര പക്ഷക്കാരനും എ.കെ നസീര്‍ മുരളീധര പക്ഷ അനുകൂലിയും ആണ്. റിപ്പോര്‍ട്ട് ചോര്‍ത്തിയതിന് ആരോപണം നേരിടുന്ന വി.വി രാജേഷ് ആകട്ടെ തലസ്ഥാനത്തെ പ്രമുഖ മുരളി പക്ഷക്കാരനും.
റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ വി.വി. രാജേഷ്, എ.കെ. നസീര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന. അന്വേഷണ കമ്മിഷന്‍ അംഗമായിരുന്ന എ.കെ. നസീറിന്റെ ആലുവയിലെ ഹോട്ടലില്‍നിന്നാണു വി. മുരളീധരന്‍ പക്ഷ നേതാക്കള്‍ക്കു റിപ്പോര്‍ട്ടു ചോര്‍ന്നുകിട്ടിയതെന്നാണു പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിക്കുന്നത്. മാധ്യമങ്ങള്‍ക്കു റിപ്പോര്‍ട്ടു നല്‍കിയതു വി.വി. രാജേഷാണെന്നും പറയുന്നു. നസീറിന്റെ ഇമെയില്‍ വഴിയാണു റിപ്പോര്‍ട്ടിന്റെ പകര്‍പ്പു പുറത്തുപോയതെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ നിഗമനം. പാര്‍ട്ടി ഔദ്യോഗീക രഹസ്യം ചോര്‍ന്നു എന്നതാണ് ഈ വിവാദത്തില്‍ കേന്ദ്രം ഗൌരവതരമായി കാണുന്ന ഒന്ന്. സ്വന്തം കാര്യ സാധ്യത്തിനു വേണ്ടി പാര്‍ട്ടിയെ ചിലര്‍ ഒറ്റുകൊടുക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്തു എന്നാണു എം.ടി രമേശ് കേന്ദ്രത്തിനു നല്‍കിയ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here