ജന്‍ഔഷധി പദ്ധതിയിലും ബിജെപി കൈയ്യിട്ടുവാരി; ഒരു ഷോപ്പിന് നാലുലക്ഷം പോക്കറ്റില്‍

0
1472

ജന്‍ഔഷധി ഷോപ്പുടമകളില്‍ പണം പിരിക്കുന്നതില്‍ ആര്‍.എസ്.എസിലും പരാതി

മാസങ്ങള്‍ക്ക് മുന്‍പേ വിവരം അറിഞ്ഞിട്ടും നടപടി എടുക്കാതെ സംസ്ഥാന ബിജെപി

മെഡിക്കല്‍ കോളജ് കോഴവിവാദം കത്തിനില്‍ക്കേ പ്രധാനമന്ത്രിയുടെ ജന്‍ ഔഷധി പദ്ധതി നടത്തിപ്പിലും സംസ്ഥാനത്ത് വ്യാപക ക്രമക്കേട് നടന്നതായുള്ള ആരോപണം ബിജെപിക്കുള്ളില്‍ പുകയുന്നു. ഒരു ജന്‍ഔഷധി ഷോപ്പിന് നാലുലക്ഷം രൂപവരെ ‘സംഭാവന’ വാങ്ങുന്നതായാണ് ആരോപണം. ഇതുസംബന്ധിച്ചു ചിലര്‍ പരാതിയുമായി അടുത്തദിവസം നേതൃത്വത്തെ സമീപിക്കുമെന്നാണ് സൂചന. പദ്ധതിയുടെ സംസ്ഥാന കോഒാര്‍ഡിനേറ്റര്‍ അറിയാതെയാണ് ഈ ഇടപാടുകള്‍. ഒരു സംസ്ഥാന നേതാവിന്റെ നേതൃത്വത്തില്‍ ഏജന്റുമാര്‍ വഴി പണം വാങ്ങുന്നുവെന്നാണ് പരാതി.

വിവിധ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്നുവര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ നിന്നു മാറ്റിനിര്‍ത്തുകയും പിന്നീട് തിരിച്ചെടുത്തവരുമായ ചിലരാണു ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം. പാര്‍ട്ടിയുടെ മലപ്പുറത്തെ ഒരു ജില്ലാനേതാവിനോടു നാലുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നാലുമാസം മുന്‍പ് എറണാകുളത്ത് നടന്ന ആര്‍എസ്എസ് ഉന്നതതല യോഗത്തില്‍ ഒരു പ്രചാരകനാണ് ജന്‍ഔഷധി നടത്തിപ്പിലെ ക്രമക്കേട് ആരോപണം നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് നടത്തിപ്പ് പദ്ധതി നിരീക്ഷിച്ചു കേന്ദ്രത്തിനു റിപ്പോര്‍ട്ടു നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആരോപണത്തിന്റെ ഗൗരവം നേരത്തെത്തന്നെ ചില നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അന്വേഷണം നടത്താന്‍ തയാറാകാത്തത് സംഘടനക്കുളളില്‍ അമര്‍ഷം ഉയര്‍ത്തിയിട്ടുണ്ട്.

ഈ നേതാവ് ഉള്‍പ്പെടെ വിവിധ ആരോപണവിധേയരോടു കാണിക്കുന്ന മൃദുസമീപനം പിന്നീട് സംഘടനയ്ക്ക് ബാധ്യതയാകുമെന്ന് നേതാക്കളില്‍ ചിലരും ആര്‍എസ്എസും മുന്നറിയിപ്പും നല്‍കിയിരുന്നു. ആരോപണങ്ങള്‍ വിഭാഗീയതയുടെ ഭാഗമാണെന്നു വരുത്തിതീര്‍ക്കാനാണ് ഇവരുടെ ശ്രമമെന്നും വിലയിരുത്തലുണ്ടായി. എന്നാല്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് മറുപക്ഷത്തിന്റെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here