മെഡിക്കല്‍ കോളേജ് സീറ്റ് അനുവദിക്കാന്‍ 5.60 കോടി രൂപ കോഴ വാങ്ങിയ വിവാദത്തില്‍ കുടുങ്ങിയ ബിജെപി ഇന്ന് നടക്കേണ്ട സംസ്ഥാനകമ്മിറ്റി യോഗവും റദ്ദാക്കി. ഇന്ന് സംസ്ഥാന ഭാരവാഹികളുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ ദേശീയ സെക്രട്ടറിമാരായ എച്ച് രാജയും എല്‍ സന്തോഷും പങ്കെടുക്കും.ഏഴു ജില്ലാ കമ്മറ്റികള്‍ ഫണ്ട് അടിച്ചു മാറ്റിയതായി കേന്ദ്ര നേതൃത്വത്തിന് പരാതി പോയ സാഹചര്യത്തില്‍ ജില്ലാ പ്രസിഡന്റുമാരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
കോഴയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ ഉപരി അന്വേഷണ റിപ്പോര്‍ട്ട് ചോര്ന്നതിനെക്കുറിച്ചാകും പ്രധാന ഊന്നല്‍.ആര് എസ് വിനോദിനെ പുറത്താക്കിയെങ്കിലും കോഴ ഇടപാട് നടന്നില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. അഴിമതി നടന്നതായി അംഗീകരിച്ചാല്‍ ദേശീയ നേതൃത്വവും കേന്ദ്ര സര്‍ക്കാരും വെട്ടിലാകുമെന്ന് ഉറപ്പായതിനാലാണ് ഈ ചുവടുമാറ്റം. പാര്‍ടിയെ പ്രതിക്കൂട്ടിലാക്കിയ ‘റിപ്പോര്‍ട്ട് ചോര്‍ച്ച’യാകും പ്രധാന ചര്‍ച്ച.
അന്വേഷണ കമീഷന് അംഗം എ കെ നസീറിനെതിരെ നടപടി എടുക്കാനും നീക്കമുണ്ട്. നസീര്‍ റിപ്പോര്‍ട്ട് മുരളീധരന്ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് കൈമാറിയെന്നും അവരാണ് ചോര്‍ത്തിയതെന്നുമാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആരോപണം. നിരപരാധിത്വം തെളിയിക്കുന്നതിനും തനിക്കെതിരായ പരാമര്‍ശം അനാവശ്യമായി എഴുതിച്ചേര്ത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും അമിത്ഷായെ കാണുമെന്ന് എം ടി രമേശും പ്രതികരിച്ചു. ബിജെപിയില്‍ രണ്ടുനീതിയാണെന്ന് ആര് എസ് വിനോദ് പ്രതികരിച്ചു. മലപ്പുറത്ത് കോഴവാങ്ങിയതിന് പൊലീസ് കേസെടുത്ത ജില്ലാസെക്രട്ടറിയെ സംരക്ഷിച്ചപ്പോള്‍ വെറും ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ നടപടി എടുത്തുവെന്നാണ് വിനോദിന്റെ ആക്ഷേപം.
റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവരാണ് സംസ്ഥാന കമ്മിറ്റി ഓഫീസ് ജീവനക്കാരനും കുമ്മനം രാജശേഖരന്റെ വലംകൈയുമായ രാകേഷ് ശിവരാമനും റിച്ചാര്‍ഡ് ഹേ എംപിയുടെ പി എ കണ്ണദാസും. ഇവര്‍ക്കെതിരെ ഒരു നടപടിയുമില്ല. കുമ്മനത്തിന്റെ ഡല്‍ഹിയിലെ വിശ്വസ്തനായ സതീശ്നായര്ക്കാണ് തുക കൈമാറിയതെന്ന് പറയുന്നു. സതീശ്നായരും ‘സുരക്ഷിത’നാണ്.ഡല്‍ഹിവരെ നീളുന്ന വന്‍ കണ്ണികള്‍ കുംഭകോണത്തിന് പിന്നിലുള്ളതിനാല് അതീവ സൂക്ഷ്മതയോടെയാകും വിജിലന്‍സ് അന്വേഷണം നടത്തുക. പ്രധാന കണ്ണിയായ ആര് എസ് വിനോദിനെ പുറത്താക്കിയതിലൂടെ കുംഭകോണം നടന്നതായി ബിജെപി സംസ്ഥാന നേതൃത്വവും സമ്മതിച്ചു.