ആ വിവരങ്ങള്‍ ഒരിക്കലും പുറത്തു വരികയും ഇല്ലെന്ന് ശിവഗിരിം മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ
മോദി പ്രകാശാനന്ദ കൂടിക്കാഴ്ചയ്ക്ക് വഴി ഒരുക്കിയത് മെഡിക്കല്‍കോളേജ് വിവാദത്തിലെ സതീഷ് നായര്‍
പ്രകാശാനന്ദസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് ശിവഗിരി മഠത്തിന്റെ പക്കല്‍ യാതൊരു വിവരങ്ങളും ഇല്ലെന്നു ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ 24 കേരളയോട് പറഞ്ഞു.ബിജു രമേശ് എന്തിനു പ്രകാശാനന്ദസ്വാമിയെ പ്രധാനമന്ത്രിയുടെ അടുക്കല്‍ എത്തിച്ചുവെന്ന് യാതൊരു അറിവും ഇല്ല. എന്തുകൊണ്ട് പ്രകാശാനന്ദസ്വാമികള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു എന്നും, ആരാണ് അദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിച്ചതും എന്നും മഠത്തിനു ഒരറിവും ഇല്ല. അത് സ്വാമികള്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്.
ഇപ്പോള്‍ ആ സന്ദര്‍ശനം വിവാദമാകുമ്പോള്‍ അതിനു വിശദീകരണം നല്കാന് ശിവഗിരി മഠത്തിനു കഴിയുകയുമില്ല. ആ അറിവുകള്‍ ശിവഗിരി മഠത്തിനു ഒരിക്കലും ശേഖരിക്കാനും സാധ്യമല്ല.കാരണം ശിവഗിരി മഠത്തിനു ഈ വിവരം ലഭ്യമാകാന്‍ രണ്ടു മാര്‍ഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് പ്രകാശാനന്ദസ്വാമിയോട് വിവരങ്ങള്‍ ചോദിച്ച് അറിയുക. നിലവിലെ അവസ്ഥയില്‍ അതിനു സാധ്യതയില്ല. കാരണം സ്വാമിക്ക് ഓര്‍മ്മക്കുറവ് പ്രകടമാണ്. സ്വാമിയില്‍ നിന്നും ആ വിവരം ഒരിക്കലും ലഭ്യമാകില്ല.
മുന്‍പ് ശിവഗിരി മഠം പ്രസിഡന്റ് ആയിരുന്ന സ്വാമി ഇപ്പോള്‍ പരിപൂര്‍ണ്ണ വിശ്രമത്തിലാണ്. അദ്ദേഹത്തിനു പല കാര്യങ്ങളും ഓര്‍മ്മയില്‍ നില്ക്കുന്നില്ല. അതുകൊണ്ട് തന്നെ സ്വാമിയോട് ഈ കാര്യങ്ങള്‍ ചോദിച്ച് അറിയാന്‍ ഒരു നിര്‍വാഹവുമില്ല.രണ്ടാമത് അന്ന് സ്വാമിയുടെ സഹായിയായി ദില്ലിയില്‍ പോയിരുന്ന ശ്രീകുമാറിനോട് ചോദിച്ച് അറിയുക എന്നതാണ്. അദ്ദേഹം ഇപ്പോള്‍ ജീവനോടെയില്ല. രണ്ടു മാസം മുന്‍പ് അദ്ദേഹം മരിച്ചു. ശിവഗിരിയില്‍ നിന്ന് തന്നെയായിരുന്നു അന്ത്യം. രക്തത്തിലെ ഷുഗര്‍ ലെവലില്‍ വലിയ അന്തരം വന്നപ്പോള്‍ അദ്ദേഹം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.അന്‍പത്തിയഞ്ച് വയസോളം പ്രായമുള്ള ശ്രീകുമാറിന് ഷുഗര്‍ പ്രശ്നം അലട്ടിയിരുന്നു. ശ്രീകുമാര്‍ ആണ് സ്വാമിക്ക് ഒപ്പം ഉണ്ടായിരുന്നത്. സാന്ദ്രാനന്ദ പറയുന്നു.
ശിവഗിരി മഠാധിപതി പ്രകാശാനന്ദയെ പ്രധാനമന്ത്രിക്ക് അടുക്കലേക്ക് എത്തിച്ചത് ബാര്‍ ഉടമ ബിജു രമേശായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രകാശാനന്ദയ്ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതു ഇപ്പോഴത്തെ ബിജെപി മെഡിക്കല്‍ കോളേജ് കോഴവിവാദത്തില്‍ ആരോപണ വിധേയനായ സതീഷ് നായരായിരുന്നു.തിരുവനന്തപുരത്തേക്കു കൊണ്ടു പോകുകയാണെന്ന് അറിയിച്ചാണ് അന്നു പ്രകാശാനന്ദയെ ബിജു രമേശ് ഡല്‍ഹിയിലെത്തിച്ചത്. ശിവഗിരി മഠത്തിന്റെ ലെറ്റര്‍ ഹെഡില്‍ പ്രകാശാനന്ദയ്ക്കു വേണ്ടി കൂടിക്കാഴ്ചയ്ക്കായി കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിനു നല്കിയതു സതീഷ് നായരായിരുന്നു.
കൂടിക്കാഴ്ചയ്ക്കിടെ ബിജു രമേശിനെ മന്ത്രിയാക്കണമെന്നു പ്രകാശാനന്ദയുടെ ഒപ്പിട്ട കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറുകയും ചെയ്തു. എന്നാല്‍ കൂടിക്കാഴ്ചയില്‍ പ്രകാശാനന്ദ ഉന്നയിക്കാത്ത ആവശ്യം കത്തിലുണ്ടായതിനെത്തുടര്ന്നു പ്രധാനമന്ത്രി ഇക്കാര്യം ഐബിയുടെ അന്വേഷണത്തിനു വിട്ടിരുന്നു.ശിവഗിരി മഠത്തില്‍ അറിയാതെയാണു സന്ദര്‍ശനമെന്നും പ്രകാശാനന്ദയെ തെറ്റിദ്ധരിപ്പിച്ചാണു കത്തില്‍ ഒപ്പിടീച്ചതെന്നും അന്നത്തെ ഐബി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ആ കൂടിക്കാഴ്ചയിലെ ഫോട്ടോ കാണിച്ചാണ് സതീഷ് നായര്‍ ഇത്തവണ മെഡിക്കല്‍ കോളജ് അനുമതി കോഴയ്ക്കായി മാനേജ്മെന്റുകളെ സമീപിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്.