ഇന്ത്യന്‍ സൈന്യം ആയുധങ്ങളുടേയും യുദ്ധസാമഗ്രികളുടേയും ദൗര്‍ലഭ്യം നേരിടുന്നുവെന്ന് സിഎജി റിപ്പോര്‍ട്ട്. പാര്‍ലമെന്റില്‍ ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിഎജി ഇക്കാര്യം വ്യക്തമാക്കിയത്.
ദീര്‍ഘനാള്‍ നീണ്ടു നില്ക്കുന്ന ഒരു യുദ്ധസാഹചര്യം നേരിടേണ്ടി വന്നാല്‍ അത് പ്രതിരോധിക്കാന്‍ സൈന്യത്തിന് സാധിച്ചേക്കില്ലെന്നും, ആയുധത്തിന്റെ കാര്യക്ഷമതയും ലഭ്യതയും വര്‍ധിപ്പിക്കാനുള്ള യാതൊരു വിധത്തിലുള്ള ശ്രമങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.
ആയുധശേഖരത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടുന്ന പ്രതിരോധ സേനയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സിഎജി പുറത്തു വിട്ടിരിക്കുന്നത്. 2013 ഓടെ സൈന്യത്തിന്റെ ആയുധശേഖരത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
15-20 ദിവസം നീണ്ടു നില്ക്കുന്ന ഒരു യുദ്ധം ഉണ്ടായാല്‍ അതിനെ പൂര്‍ണമായും പ്രതിരോധിക്കാന്‍ പോരുന്ന ആയുധങ്ങള്‍ സൈന്യത്തിനില്ലെന്ന് ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ സിഎജി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര നേതൃത്വത്തിലുള്ള ആയുധസംഭരണ ശാലയായ ഒഎഫ്ബി (ഓര്‍ഡ്നന്‍സ് ഫാക്ടറി ബോര്‍ഡ്) ആണ് സൈന്യത്തിന് ആവശ്യമായതിന്റെ 90 ശതമാനം ആയുധങ്ങളും വിതരണം ചെയ്യുന്നത്.
എന്നാല്‍ 2009 ന് ശേഷം സൈന്യം മുന്‍കൈ എടുത്ത് വാങ്ങാന്‍ ആവശ്യപ്പെട്ട ആയുധങ്ങളുടെ ലിസ്റ്റിന് ഇതുവരെ അനുമതിയോ പരിഗണനയോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദൗര്‍ലഭ്യം പരിഹരിക്കാനായി 16500 കോടി രൂപ പ്ലാന്‍ 2013ല്‍ പ്രതിരോധ മന്ത്രാലയം മുന്നോട്ട് വച്ചിരുന്നു എങ്കിലും ഇതില്‍ യാതൊരു തരത്തിലുമുള്ള നടപടിയും കൈകൊണ്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.