
എന്നാല്‍ അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് അമീര്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തിനെതിരെ ശക്തമായ പ്രചരണങ്ങളായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും സംരക്ഷിക്കാനായി ധാര്‍മികതയോടെയും ഐക്യത്തോടെയും ജനങ്ങള്‍ നിലകൊള്ളുന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണെന്ന് പറഞ്ഞാണ് അമീര്‍ പ്രസംഗത്തിന് തുടക്കമിട്ടത്.
ഇതിനെ ജനങ്ങള്‍ നേരിട്ടത് രാജ്യത്തിനെതിരെയുള്ള വിദ്വേഷപരമായ പ്രചരണത്തെ ഉയര്‍ന്ന ധാര്മികതയോടെയാണ്. ഈ ധാര്‍മികത ജനങ്ങള്‍ മുറുകെ പിടിക്കണമെന്നും അമീര്‍ പറഞ്ഞു. എന്നാല്‍ ഖത്തറിനെതിരെ പ്രവര്‍ത്തിച്ച രാജ്യങ്ങളോടോ വ്യക്തികളോടോ വിദ്വേഷവുമില്ലെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. ഏതാനും അയല്‍ രാജ്യങ്ങളുമായി ഖത്തറിന് വ്യത്യാസമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരുകള്‍ തമ്മിലുള്ള രാഷ്ട്രീയ ഭിന്നതകളില്‍ നിന്ന് ജനങ്ങളെ ഒഴിവാക്കാന്‍ സമയമായെന്നും, ഐക്യവും സമാധാനവും ആജ്ഞാപിച്ചു കൊണ്ടല്ല, മറിച്ച് കൂട്ടായ പ്രതിജ്ഞകളിലൂടെയാണ് നേടിയെടുക്കേണ്ടതെന്നും അമീര്‍ ചൂണ്ടിക്കാട്ടി. രാജ്യം കടന്നുപോകുന്നത് പരീക്ഷണഘട്ടത്തിലൂടെയാെന്നും രാജ്യത്തെ ജനജീവിതം സാധാരണനിലയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും അമീര്‍ പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിച്ചത് ആഡംബരത്തിന് വേണ്ടിയല്ലെന്നും രാജ്യത്തിന്റെ അനിവാര്യതയാണ് സാമ്പത്തിക വൈവിധ്യവത്കരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് പ്രതിസന്ധി എല്ലാ ജി.സി.സി. രാജ്യങ്ങളുടേയും അന്തസ്സിന് കോട്ടം വരുത്തി. സങ്കീര്‍ണമായ സാഹചര്യത്തില്‍ എല്ലാ മേഖലയിലും സ്വയം പര്യാപ്തത കൈവരിച്ച് മുന്നോട്ടു നീങ്ങാനുള്ള പോരാട്ടമാണ് രാജ്യം നടത്തുന്നത്.
ജെറുസലേമിലെ അല്‍ അഖ്്വസാ പള്ളി അടച്ച് പൂട്ടിയതിനെ വിമര്‍ശിക്കുകയും പലസ്തീന് ജനങ്ങള്‍ക്ക് അമീര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം നടത്തുന്ന കുവൈത്ത് അമീറിനോടും തുര്‍ക്കി ഉള്‍പ്പെടെ ഖത്തറിനെ പിന്തുണക്കുന്ന രാജ്യങ്ങളോടുമുള്ള നന്ദിയും അമീര്‍ അറിയിച്ചു. തീവ്രവാദത്തിനെതിരെ രാജ്യത്തിന്റെ വ്യക്തമായ നിലപാട് ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ച ശേഷമാണ് അമീര്‍ പ്രസംഗം അവസാനിപ്പിച്ചത്.