വേതന പരിഷ്ക്കരണം : മൂന്നര ലക്ഷം വരുന്ന അണ്‍ എയ്ഡഡ് അധ്യാപകരും സമരപാതയിലേക്ക്

0
82

സ്വകാര്യ നഴ്‌സുമാരുടെ വേതന വര്ധനയ്ക്കുള്ള സമരം ആവേശകരമായ വിജയം നേടിയതിന് പിന്നാലെ  സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരും ജീവനക്കാരും സമരത്തിലേക്ക് നീങ്ങുന്നു. കൂടിയാലോചനകള്‍ക്കായി കേരള അണ്‍ എയ്ഡഡ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ ഓഗസ്റ്റില്‍ യോഗം വിളിച്ചിട്ടുണ്ട്. സമരത്തിന്റെ തുടക്കമെന്ന നിലയില്‍ ജില്ലാതലത്തില്‍ ധര്‍ണ സംഘടിപ്പിക്കും.

മുഖ്യധാരാപാര്‍ട്ടികളുടെ പിന്തുണയൊന്നുമില്ലാതെ നഴ്സുമാര്‍ സമരത്തിലേക്ക് നീങ്ങിയപ്പോള്‍ സര്‍ക്കാരിന് മറ്റുവഴിയില്ലാതെ ആവശ്യം അംഗീകരിക്കേണ്ടിവന്നു. അവരേക്കാള്‍ വേദനാജനകമായ സ്ഥിതിയിലാണ് മൂന്നരലക്ഷത്തോളം വരുന്ന അണ്‍ എയ്ഡഡ് അധ്യാപകര്‍. സി.പി.എമ്മിന്റെ പിന്തുണയോടെ ജില്ലാതലത്തില്‍ യൂണിറ്റ് രൂപവത്കരിച്ച് യൂണിയന്‍ ശക്തമാക്കാനും നീക്കമുണ്ട്.

സര്‍ക്കാരിന് ഒരുബാധ്യതയുമില്ലാതെ 20 ലക്ഷത്തിലധികം കുട്ടികളെ പഠിപ്പിക്കുന്ന ഈ അധ്യാപകര്‍ ഉണ്ടാക്കിക്കൊടുക്കുന്ന ലാഭം ശതകോടികളുടേതാണ്. എയ്ഡഡ് സ്ഥാപനങ്ങളിലാണ് ഇത്തരം കുട്ടികള്‍ ഉണ്ടായിരുന്നതെങ്കില്‍ എത്രശമ്പളം സര്‍ക്കാരിന് നല്‍കേണ്ടിവരുമായിരുന്നുവെന്ന് അസോസിയേഷന്‍ ചോദിക്കുന്നു. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകര്‍ക്ക് കിട്ടുന്നത് 5000 രൂപയാണെന്നോര്‍ക്കണം -അവര്‍ പറയുന്നു.

സാധാരണ അധ്യാപകര്‍ക്കുള്ള ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിരുദവും ബിരുദാനന്തരബിരുദവും ബി.എഡും എം.ഫിലും മറ്റുമുള്ളവര്‍ ജോലിചെയ്യുന്ന ഈ മേഖലയില്‍ ചൂഷണമാണ് നടക്കുന്നത്. പ്രതിമാസം 3500 രൂപ മുതല്‍ 10,000 രൂപവരെയാണ് പലര്‍ക്കും ശമ്പളം. മിക്കസ്ഥലത്തും പി.എഫോ മറ്റാനൂകൂല്യങ്ങളോ ഇല്ല. 80 ശതമാനവും സ്ത്രീകള്‍ ജോലിചെയ്യുന്ന ഈ മേഖലയില്‍ സര്‍ക്കാരിന്റെയോ കോടതിയുടെയോ നിര്‍ദേശങ്ങള്‍ ഒന്നും നടപ്പായിട്ടില്ല.

ചെക്കില്‍ കൂടിയ തുക ശമ്പളമായി എഴുതിക്കൊടുത്ത് അതില്‍ പകുതിയില്‍ താഴെ ശമ്പളം കൊടുക്കുന്നത് മിക്ക സ്ഥാപനങ്ങളിലും സാധാരണമാണ്. ശിക്ഷ കിട്ടാവുന്ന ഗുരുതരമായ തൊഴില്‍ നിയമലംഘനമാണിതെങ്കിലും ആരും പരാതിപ്പെടാറില്ലെന്ന് കേരള അണ്‍ എയ്ഡഡ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടി വേണു കക്കട്ടില്‍ പറയുന്നു.

ഇപ്പോഴത്തെ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനായിരുന്നു നേരത്തേ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ്. ഇപ്പോള്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ. എം.രാജഗോപാലനാണ് പ്രസിഡന്റ്. സ്?പീക്കര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, തൊഴില്‍മന്ത്രി എന്നിവര്‍ക്ക് അസോസിയേഷന്‍ പരാതി നല്‍കുന്നുണ്ട്. അടുത്ത നിയമസഭയില്‍ കരട്ബില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനിടെ സംസ്ഥാനത്തെ ആയിരക്കണക്കിന് അനംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. അതോടെ നിരവധി അധ്യാപകര്‍ക്ക് ജോലിയും നഷ്ടപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here