ശബരിമല സീസണല്‍ തീര്‍ഥാടനകേന്ദ്രം; സ്വകാര്യ വിമാനത്താവളത്തിന് സര്‍ക്കാര്‍ ഭൂമി എന്തിന് ?

0
326

ശബരിമല വിമാനത്താവളം എന്ന പേരില്‍ എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ 2263 ഏക്കറില്‍ ഒരു വിമാനത്താവളം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചിരിക്കുന്നു. ഒരു വിമാനത്താവളം എരുമേലിയില്‍ ആവശ്യമുണ്ടോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ശബരിമല സീസണല്‍ ആയ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ അഞ്ചാമത്തെ വിമാനത്താവളത്തിന്റെ സാധ്യതകള്‍ എങ്ങനെ ആയിരിക്കും എന്നത് സംബന്ധിച്ചു പഠനങ്ങള്‍ നടത്തേണ്ടതുണ്ട്.

തത്കാലം അതിനേക്കാള്‍ പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ട്. നിര്‍ധിഷ്ഠമായ ചെറുവള്ളി എസ്റ്റേറ്റ് എന്ന സ്ഥലം ഒട്ടനവധി നിയമ കുരുക്കുകളില്‍ കുടുങ്ങി കിടക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് പാട്ടത്തിനു എടുത്ത വിദേശ കമ്പനിയായ മലയാളം പ്ലാന്റേഷന്‍ യുകെ നടത്തിയിരുന്ന ഒരു എസ്റ്റേറ്റ് ഒരു ഇന്ത്യന്‍ കമ്പനിക്ക് കൈമാറ്റം ചെയ്തത് വഴിയാണ് ഹാരിസണ്‍ എന്ന ഉടമസ്ഥന്‍ അതിന് ഉണ്ടാവുന്നത്. ഹാരിസണ്‍ തന്റെ എസ്റ്റേറ്റില്‍ വലിയൊരു പങ്ക് ബിലിവേഴ്സ് ചര്‍ച്ച് എന്ന മത സ്ഥാപനത്തിന് വില്‍ക്കുകയായിരുന്നു 2005 ല്‍. പാട്ട ഭൂമി അങ്ങനെ വില്‍ക്കാന്‍ അവകാശമുണ്ടോ എന്ന ചോദ്യം വളരെ മുന്‍പേ ഉന്നയിക്കപ്പെട്ടിരുന്നു.

കേരളത്തിലെ ഭൂപരിഷ്‌കരണ നിയമങ്ങളെ മറികടന്ന് കൊണ്ടു നിരവധി വിദേശി, സ്വകാര്യ കമ്പനികള്‍ അഞ്ചര ലക്ഷത്തോളം ഏക്കര്‍ ഭൂമി കയ്യില്‍ വെച്ചിട്ടുണ്ട് എന്ന് നിരവധി പഠന റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ലാന്‍ഡ് റെവന്യൂ കമ്മീഷണറും സെക്രട്ടറിയുമായിരുന്ന നിവേദിത പി ഹരന്‍ മുതല്‍ ഏറ്റവും ഒടുവില്‍ രാജമാണിക്യം IAS ഇറക്കിയ റിപ്പോര്‍ട്ട് അടക്കം ഇതില്‍ പ്രസക്തമാണ്. ഈ റിപ്പോര്‍ട്ടുകളില്‍ കൃത്യമായി പറയുന്നത് സര്‍ക്കാരിന്റെ ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം എന്നാണ്. ഇതിന് വേണ്ടി ഏറ്റവും അധികം പ്രവര്‍ത്തിച്ച സുശീല ആര്‍ ഭട്ട് എന്ന സര്‍ക്കാര്‍ പ്ലീഡറെ മാറ്റുകയാണ് ഈ സര്‍ക്കാര്‍ ആദ്യം ചെയ്തത്. അതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി. സമാനമായ ഒരു പ്രതിഷേധം UDF സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിരുന്നു. അന്ന് സുശീല ആര്‍ ഭട്ടിനെ സര്‍ക്കാര്‍ അതേ പദവിയില്‍ നിയമിക്കുകയായിരുന്നു.

ഹാരിസണ്‍ അടക്കമുള്ളവരുടെ ഭൂമി സര്‍ക്കാര്‍ ഭൂമി ആണെന്ന് വാദിക്കുന്ന എല്ലാവരെയും സര്‍ക്കാര്‍ വക്കീലിന്റെ സ്ഥാനത്ത് നിന്നും മാറ്റുക എന്നത് ഈ സര്‍ക്കാരിന്റെ ഒരു രീതിയായി കാണേണ്ടിയിരിക്കുന്നു. ഇപ്പോള്‍ നിര്‍ദിഷ്ട വിമാനത്താവളത്തിനുള്ള ഭൂമിയെ കുറിച്ച് പറയുമ്പോള്‍ ആ ഭൂമി ആരുടെ ഭൂമി ആണ്, എങ്ങനെയാണ് ആ ഭൂമി ഏറ്റെടുക്കുന്നത് എന്നു സര്‍ക്കാര്‍ കൃത്യമായി പറയണം. ഈ ഭൂമി ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്നു എന്നു പറയുന്ന ബിലിവേഴ്സ് ചര്‍ച്ചിന്റെതാണ് എന്നു സര്‍ക്കാര്‍ അംഗീകരിച്ച് അവരുമായി ചര്‍ച്ചക്ക് ഒരുങ്ങിയാല്‍ ഉണ്ടാകാവുന്ന പ്രത്യഘാതം വളരെ വലുതാണ്. രാജമാണിക്യം റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് കൊണ്ട് അവര്‍ കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നു. ആ ഹര്‍ജിയില്‍ എന്തായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്നത് നിര്‍ണായകമാണ്. അവിടെ ബിലിവേഴ്സ് ചര്‍ച്ചുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിന്റെ അര്‍ത്ഥം ഈ ഭൂമി അവര്‍ക്ക് വിറ്റതിനെന്റെ ന്യായീകരിക്കുന്നു എന്നതാണ് . അങ്ങനെ വന്നാല്‍ ഹാരിസണ് ഭൂമി വില്‍ക്കാന്‍ അവകാശമുണ്ട് എന്നിടത്തേക്കും അത് വഴി രാജമാണിക്യം റിപ്പോര്‍ട്ട് അടക്കമുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് കടക വിരുദ്ധമായി അത് മാറും. അങ്ങനെ സംഭവിക്കുമ്പോള്‍ സര്‍ക്കാരിന് അവകാശപ്പെട്ട അഞ്ചര ലക്ഷം ഏക്കര്‍ ഭൂമിയാണ് ഇല്ലാതാവുക.

വിമാനത്താവളം എന്ന ഒറ്റ വികസന ആവശ്യം മുന്നില്‍ കാണിച്ച് ഹാരിസന്റേയും അവര്‍ വിറ്റവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം എന്നു വ്യക്തമായി കാണാന്‍ കഴിയും. കോടതിയില്‍ ഇത് സംബന്ധിച്ച് വ്യവഹാരം നില നില്‍ക്കുന്നുണ്ട്. ഈ വ്യവഹാരത്തില്‍ ഈ ഭൂമി സര്‍ക്കാരിന്റെ ആണെന്ന് കണ്ടെത്തിയാല്‍ തങ്ങള്‍ സുപ്രീം കോടതിയില്‍ എന്നും പറയുന്നു ഈ കൂട്ടര്‍. അങ്ങനെയെങ്കില്‍ ആ വ്യവഹാരം പതിറ്റാണ്ടുകള്‍ നീണ്ട് പോവാം എന്നു തന്നെയാണ് കാണുക. അങ്ങനെയെങ്കില്‍ അതിന് തീരുമാനം ആകാതെ ശബരിമല വിമാനത്താവളം ഉണ്ടാവില്ല എന്നാണ് അതിനര്‍ത്ഥം. ഇവിടെ രണ്ട് തലത്തില്‍ ആയാലും കേരള സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നു പറയേണ്ടി വരും.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദിവാസികളും ദളിതരും ഭൂ രഹിതരും കൃഷിഭൂമിക്ക് വേണ്ടി നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ചെയ്തിട്ടുള്ളത്. ദളിത് ഭൂ അവകാശം എന്നും ആദിവാസി ഭൂ അവകാശം എന്നതും കേരളത്തിന്റെ കൃത്യമായ നയമാവണം. അവര്‍ കൃഷിഭൂമിക്ക് വേണ്ടി ചെങ്ങറയിലും അരിപ്പയിലും നടത്തുന്ന സമരങ്ങളെ സര്‍ക്കാര്‍ അവഗണിക്കാന്‍ പാടില്ല.

അത് കൊണ്ട് അടിയന്തിരമായി സര്‍ക്കാര്‍ ചെയ്യേണ്ടത് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതയെ സംബന്ധിച്ചു തങ്ങളുടെ ഉടമസ്ഥ വ്യാകതമാക്കുക എന്നതാണ്. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് അത് അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കണം. കൃഷിഭൂമിക്ക് അവകാശപ്പെട്ടവര്‍ക്ക് കൃഷിഭൂമി നല്‍കാനും ബാക്കി ഭൂമി വന ഭൂമി ആണെങ്കില്‍ വന ഭൂമി ആയി സംരക്ഷിക്കാനും പൊതു ആവശ്യങ്ങള്‍ക്കും ഭൂമി കണ്ടെത്താന്‍ കഴിയണം. മാത്രവുമല്ല ഇത്രയധികം സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് സ്വകാര്യ കുത്തകകള്‍ക്ക് വിമാനത്താവളം നിര്‍മിക്കാന്‍ നല്‍കുക എന്നത് കേരളത്തില്‍ നീതിക്ക് നിരക്കാത്ത കാര്യമാണ്. ശബരിമല വിമാനത്താവളം സര്‍ക്കാര്‍ വിമാനത്താവളം ആയിരിക്കും എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇതു വരെയില്ല. ഇത് വിദേശികളും സ്വദേശികളും ആയ ചില കുത്തക മുതളിമാര്‍ക്ക് മൂലധനം മുടക്കാന്‍ ഉള്ള ഒരു പദ്ധതി എന്ന രൂപത്തില്‍ ആണ് വരുന്നത് എങ്കില്‍ ക്രോണി മുതലാളിത്തത്തിന്റെ നയങ്ങളെ ആം ആദ്മി പാര്‍ട്ടി ശക്തമായി എതിര്‍ക്കും എന്നു കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍മിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here