എം.പിമാര്‍ മുങ്ങി: രാജ്യസഭയില്‍ എന്‍.ഡി.എ വോട്ടെടുപ്പില്‍ തോറ്റു

0
110

മന്ത്രിമാരുള്‍പ്പടെയുള്ള ബിജെപി എം.പിമാര്‍ കൂട്ടമായി മുങ്ങിയതിനെത്തുടര്‍ന്ന് പിന്നാക്കവിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ ഭരണപക്ഷം തോറ്റു.മന്ത്രിമാര്‍ ഉള്‍പ്പടെ 30 ഓളം എം.പിമാര്‍ കൂട്ടത്തോടെ സഭയില്‍ ഹാജരാകാതിരുന്നതാണ് ഭേദഗതി പാസാകുന്നതിന് ഇടവരുത്തിയതും. സംഭവം ബിജെപിയെ വെട്ടിലാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ഷം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

വോട്ടെടുപ്പില്‍ 74 വോട്ടുകളാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 52 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 86 അംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 63 അംഗങ്ങളുമാണുള്ളത്. മറ്റു പാര്‍ട്ടികള്‍കൂടി പിന്‍തുണച്ചതോടെയാണ് പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചത്.ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ബില്‍. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സര്‍ക്കാര്‍ എതിര്‍ത്തു. ഈ ഘട്ടത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഈ സമയം ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവായതിനാല്‍ ഭേദഗതികളോടെ ബില്‍ പാസായത് സര്‍ക്കാരിന് ക്ഷീണമായി. ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ബില്ലിനെ തത്വത്തില്‍ പ്രതിപക്ഷവും പിന്തുണച്ചിരുന്നു. ഭേദഗതി പാസായതോടെ ബില്‍ വീണ്ടും ലോക്സഭയുടെ പരിഗണനയ്ക്ക് അയക്കും.

പിന്നാക്ക വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും കമ്മീഷന് കോടതിയ്ക്ക് തുല്യമായ അധികാര പദവി നല്‍കുന്നതായിരുന്നു ബില്‍. എന്നാല്‍, കമ്മീഷനിലെ എല്ലാം അംഗങ്ങളും ഒബിസി വിഭാഗത്തില്‍നിന്നായിരിക്കണമെന്നും അതില്‍ ഒന്ന് സ്ത്രീ ആയിരിക്കണമെന്നുമുള്ള ഭേദഗതിയാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് സ്വീകരിച്ചത്. അങ്ങനെ ചെയ്താല്‍ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അതിനെ എതിര്‍ത്തു.

അംഗങ്ങള്‍ ഹാജരാകാതിരുന്നത് മൂലം തിങ്കളാഴ്ച അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ല് പ്രതിപക്ഷത്തിന്റെ ഭേദഗതികളോടെ പാസ്സാക്കേണ്ടിവന്ന സംഭവത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ബിജെപി എംപിമാരോട് വിശദീകരണം ചോദിച്ചു. തിങ്കളാഴ്ച രാജ്യസഭയില്‍ ഹാജരാകാതിരുന്ന എംപിമാരെ ഓരോരുത്തരെയും നേരില്‍ കണ്ടാണ് വിശദീകരണം ചോദിക്കുക. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ താക്കീത് നല്‍കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.സഭ ചേരുമ്പോള്‍ ആവശ്യത്തിന് ബിജെപി അംഗങ്ങള്‍ ഹാജരാകാത്തത് നേരത്തെയും വിമര്‍ശനത്തിനിടയാക്കിയിരുന്നു. ബിജെപി എംപിമാര്‍ പാര്‍ലമെന്റില്‍ കൃത്യമായി ഹാജരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here