തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്ര ടി-ട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യമെന്ന് ബി.സി.സി.ഐ. കൊല്‍ക്കത്തയില്‍ നടന്ന ബി.സി.സി.ഐ. ടൂര്‍സ് ആന്‍ഡ് ഫിക്സ്ചേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്. ഈ വര്‍ഷം സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ടി-ട്വന്റി മത്സരവും ബി.സി.സി.ഐ. അനുവദിച്ചു.
ഈ വര്‍ഷം മെയില്‍ തന്നെ സ്റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ബി.സി.സി.ഐ.യുടെ സാങ്കേതിക വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നു. ദേശീയ ഗെയിംസിനുശേഷം ഇവിടെ കാര്യമായ മത്സരങ്ങളൊന്നും നടക്കാത്തതിനാല്‍ സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് ഏറ്റെടുക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇവിടെ ബി.സി.സി. ഐ.യുടെ സാങ്കേതിക സമിതി പരിശോധന നടത്തിയത്.
സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ 23 രാജ്യാന്തര മല്‍സരങ്ങളാണ് ടീം ഇന്ത്യ നാട്ടില്‍ കളിക്കുന്നത്. ഓസ്ട്രേലിയയാണ് ആദ്യം ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ടീം. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 11 വരെയാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഏഴു വരെ ന്യൂസീലന്‍ഡും നവംബര്‍ 15 മുതല്‍ ഡിസംബര്‍ 24 വരെ ശ്രീലങ്കയും ഇന്ത്യയില്‍ പര്യടനം നടത്തും.
240 കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരേ സമയം അമ്പതിനായിരം പേര്‍ക്ക് കളി കാണാം.