കുഞ്ഞു മാലാഖയെ സ്മാര്‍ട്ടായി മാറ്റണ്ടേ ?

0
351

കുട്ടി സ്മാര്‍ട്ടാണല്ലോ? സ്വന്തം കുഞ്ഞിനെ കുറിച്ച് മറ്റുള്ളവര്‍ ഇങ്ങനെ പറയുന്നതു കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. മക്കളുടെ സന്തോഷത്തിനുവേണ്ടി എന്തും ചെയ്തുകൊടുക്കുന്ന മാതാപിതാക്കളുടെ ലോകമാണ് ഇന്നിത്. അതിനുവേണ്ടി അവര്‍ പെടാപാട് ചെയ്യുകയാണ്. അവര്‍ സ്നേഹിക്കുന്നവരും ഏറെ സ്നേഹിക്കപ്പെടുന്നവരുമായിരിക്കണം; ജീവിതവിജയം നേടുന്നവരാകണം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവര്‍ സന്തോഷമുള്ളവരായിരിക്കണം. എന്നാല്‍ സ്വന്തം കുട്ടിക്ക് സന്തോഷകരമായ ജീവിതമാണോ കിട്ടുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നുണ്ടോ? ഇവരുടെ ജീവിതം സന്തോഷകരമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?

ഒരാളുടെ സന്തോഷപ്രകൃതത്തിന് ജനിതക കാരണങ്ങള്‍ കാണാം എന്നിരുന്നാലും ജീവിതസാഹചര്യങ്ങള്‍ കൊണ്ട് ഒരുവന്റെ പ്രകൃതത്തെ ഒത്തിരിയേറെ മാറ്റാനാവും. സന്തോഷവാന്മാരും ശുഭാപ്തിവിശ്വാസികളുമായ കുട്ടികള്‍ സന്തോഷം നിറഞ്ഞ കുടുംബത്തിന്റെ സമ്പത്താണ്. സന്തോഷവാനായ കുഞ്ഞിനെ വളര്‍ത്തിയെടുക്കാവുന്ന നന്മനിറഞ്ഞൊരു കുടുംബം നിങ്ങള്‍ക്കും സൃഷ്ടിച്ചെടുക്കാനാകും. അത്തരമൊരു കുടുംബാന്തരീക്ഷം സൃഷ്ടിക്കാനുള്ള ഏഴു മാര്‍ഗ്ഗങ്ങളിലേക്ക്…

1. സ്നേഹബന്ധങ്ങള്‍ വളര്‍ത്തുക
കുട്ടിക്കാലത്ത് കുഞ്ഞുങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമാണ് ജീവിതകാലം മുഴുവന്‍ അവനില്‍ നിലനില്‍ക്കുന്നത്. ജീവിതത്തില്‍ ഒരു വൈകാരിക പക്വത അനുഭവിക്കണമെങ്കില്‍ കുഞ്ഞുനാള്‍ മുതലേ അതിനുള്ള അന്തരീക്ഷം കുട്ടിക്ക് ലഭിച്ചിരിക്കണം. ഏറ്റവും പ്രധാനമാര്‍ഗ്ഗം ചുറ്റുമുള്ളവരുമായി നല്ല സ്നേഹബന്ധത്തിലായിരിക്കുക എന്നതാണ്.

സ്വന്തം മാതാപിതാക്കള്‍ അയല്‍ക്കാരോടും കുടുംബാംങ്ങളോടും സുഹൃത്തുക്കളോടും എന്തിനു വളര്‍ത്തുമൃങ്ങളോടുപോലും കാണുക്കുന്ന സ്‌നേഹം കുട്ടികള്‍ സ്വീകരിക്കുന്നു. അവരുടെ ജീവിതത്തിലും അവര്‍ അത് പ്രാപ്തമാക്കുന്നു. ഇത്തരം നല്ല സ്‌നേഹബന്ധത്തിലാകുന്ന കുട്ടികള്‍ വൈകാരിക സന്തുഷ്ടിയിലേക്ക് വളര്‍ന്നു കയറും. താന്‍ സ്‌നേഹിക്കപ്പെടുന്നുയെന്നും, മനസ്സിലാക്കപ്പെടുന്നുവെന്നും, അംഗീകരിക്കപ്പെടുന്നുവെന്നുമുള്ള അനുഭവം നല്ല നല്ല സ്നേഹബന്ധങ്ങള്‍ സമ്മാനിക്കുന്നു. കുഞ്ഞുനാളിലെ ഇത്തരം സ്‌നേഹബന്ധങ്ങള്‍ നിരാശ, ആത്മഹത്യാ പ്രവണത, മദ്യപാനം, മയക്കുമരുന്ന് എന്നിവയില്‍ നിന്നൊക്കെയുള്ള ഏറ്റവും വലിയ സംരക്ഷണ വലയമാണ് ലഭ്യമാകുന്നത്.

കുഞ്ഞിന്റെ ആദ്യസ്‌നേഹം അവര്‍ അറിയുന്നത് അമ്മയില്‍ നിന്നാണ്. അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്‌നേഹം അന്ധമാണ്. കളങ്കമറ്റതാണ്. ഉപാധികളില്ലാതെ സ്നേഹിക്കുമ്പോള്‍ അത് കുഞ്ഞിന് നല്‍കുന്നത് ഒരുതരം പ്രതിരോധവലയമാണ്. ജീവിതത്തിന്റെ എല്ലാ കഷ്ടതകളില്‍ നിന്നുമുള്ള സംരക്ഷണവലയം. എന്നാല്‍ ചില അമ്മമാര്‍ സ്‌നേഹം പുറത്തുകാണിക്കില്ല. പുറത്തുകാണിക്കാത്ത സ്‌നേഹം കുഞ്ഞ് തിരിച്ചറിയാതെ പോകുന്നു. അനുഭവിക്കാത്ത സ്‌നേഹം അവര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കും? അത്തരമൊരു സ്നേഹം നിങ്ങളുടെ ഉള്ളില്‍ ഉണ്ടായിരുന്നാല്‍ മാത്രം പോരാ, മറിച്ച് നിങ്ങളുടെ സ്നേഹം കുഞ്ഞിന് അനുഭവിക്കാനാകണം. അവനെ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുക, അവന്‍ കരയുമ്പോള്‍ കരുണയോടെ പ്രതികരിക്കുക, അവന്റെ കൂടെ കളിക്കുക, ഒരുമിച്ചു ഭക്ഷണം കഴിക്കുക ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ അവന്‍ നിങ്ങളുടെ സ്നേഹം അനുഭവിച്ചറിയും.
അതേസമയം തന്നെ മറ്റുള്ളവരുമായി സ്നേഹബന്ധം വളര്‍ത്തിയെടുക്കാനുള്ള അവസരം കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാക്കി കൊടുക്കണം. സന്തോഷകരമായ ജീവിതത്തിന്റെ ഏറെ പ്രധാനപ്പെട്ട ഘടകം തന്നെയാണ് ഒരുവന്റെ സാമൂഹ്യ ബന്ധങ്ങള്‍. ഒരു കുഞ്ഞ് എത്രയധികം ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നുവോ അത്രയധികം അവന്‍ മെച്ചപ്പെടുകയാണ് ചെയ്യുന്നത്.

2. സന്തോഷിപ്പിക്കാന്‍ പരിശ്രമിക്കരുത്
കുഞ്ഞിന്റെ സന്തോഷത്തിനായി എന്തും ചെയ്തുകൊടുക്കുന്ന മാതാപിതാക്കളാണ് ഇന്ന് സമൂഹത്തിലേറെയും. കുഞ്ഞുങ്ങള്‍ എന്ത് ആവശ്യപ്പെടുന്നുവോ അത് അപ്പോള്‍തന്നെ സാധിച്ചുകൊടുക്കുന്നു. നിങ്ങളുടെ കുട്ടിയുടെ സന്തോഷത്തിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കല്ലെന്ന സത്യം അംഗീകരിക്കുകയാണ് പ്രധാനകാര്യം. കുഞ്ഞ് സന്തോഷിക്കുന്നതിന്റെയോ സങ്കടപ്പെടുന്നതിന്റെയോ ഉത്തരവാദിത്വം തനിക്കാണെന്ന് കരുതുന്ന രക്ഷിതാവ് സങ്കടം, കോപം മുതലായ സന്തോഷകരമല്ലാത്ത വികാരങ്ങള്‍ അനുഭവിക്കാന്‍ സ്വന്തം കുട്ടിയെ അനുവദിച്ചെന്നുവരില്ല. അത്തരം വികാരങ്ങളില്‍ നിന്നെല്ലാം സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കും. അവന് സന്തോഷം പകരുന്നതെല്ലാം ഉടനുടന്‍ കൊടുത്തുകൊണ്ടിരിക്കും. അത് അവന്റെ ഒരു ശീലമായിമാറുന്നു. വളര്‍ന്നു വരുന്ന അവന്‍ സമൂഹത്തില്‍നിന്നും ഇതു തന്നെ പ്രതീക്ഷിക്കും. അവര്‍ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാന്‍ ശ്രമിക്കും. ഇതിന്റെ ഫലമായി നിഷേധാത്മകമായ വികാരങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് അവന് ആര്‍ജിക്കാന്‍ സാധിക്കാതെ വരുന്നു. ഇങ്ങനെ വളര്‍ന്നുവരുന്ന കുട്ടികള്‍ കൌമാരത്തിലോ, യൌവനത്തിലോ നിഷേധാത്മക വികാരങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ തകര്‍ന്നു പോകുന്നു.

നിങ്ങളുടെ കുട്ടി സന്തോഷവാനായിരിക്കുന്നതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കല്ലെന്ന് തിരിച്ചറിയുന്നതോടെ അവന്റെ വികാരങ്ങളെയെല്ലാം ഉടനടിശരിയാക്കാനുള്ള പരാക്രമം നിങ്ങള്‍ അവസാനിപ്പിക്കും. നിങ്ങള്‍ അല്‍പംപിന്നോട്ടു മാറുന്നതോടെ സ്വന്തം വികാരങ്ങളെ കൈകാര്യം ചെയ്യാനുള്ളകഴിവ് അവന്‍ ആര്‍ജിച്ചെടുക്കാന്‍ തുടങ്ങും. അങ്ങനെ ജീവിതത്തിന്റെ പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള കഴിവുകള്‍ അവന്‍ പടിപടിയായി വളര്‍ത്തിയെടുക്കും.

3. സ്വന്തം സന്തോഷം പരിപോഷിപ്പിക്കുക

നിങ്ങളുടെ മക്കളുടെ സന്തോഷം നിങ്ങളുടെ നിയന്ത്രണത്തിലല്ല. എന്നാല്‍ നിങ്ങളുടെ സന്തോഷത്തിന്റെ മേല്‍ നിങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. എന്നു മാത്രമല്ല, കുട്ടികള്‍ പലതും മാതാപിതാക്കളില്‍ നിന്നാണ് പഠിക്കുന്നത്. അതിനാല്‍ നിങ്ങളുടെ സന്തോഷവും സങ്കടവും കോപവുമൊക്കെ അവരെ സ്വാധീനിക്കും.
സന്തുഷ്ടരായ മക്കളുണ്ടാകാന്‍ ഏറ്റവും പ്രധാന ഘടകം സന്തുഷ്ടരായ മാതാപിതാക്കള്‍ തന്നെയാണ്. വിഷാദക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ അതിലേറെ വിഷാദക്കാരായി മാറുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാല്‍ നിങ്ങളുടെ മക്കള്‍ വൈകാരിക സന്തുഷ്ടിയുള്ളവരാകാന്‍ നിങ്ങള്‍ക്കു ചെയ്യാവുന്ന ഏറ്റം പ്രധാന കാര്യം സ്വന്തം വൈകാരികസുസ്ഥിതി മെച്ചപ്പെടുത്തുക എന്നതാണ്. വിശ്രമത്തിനും ഉല്ലാസത്തിനും സമയം മാറ്റി വയ്ക്കണം; അതോടൊപ്പം പങ്കാളിയുമായുള്ള പ്രണയത്തിനും. അച്ഛനമ്മമാര്‍തമ്മില്‍ ഊഷ്മളബന്ധമുണ്ടെങ്കില്‍ മക്കള്‍ സ്വാഭാവികമായിതന്നെ സന്തോഷമുള്ളവരായിരിക്കും.

4. ശരിയായ പ്രശംസ

ഒരാളുടെ ആത്മാഭിമാനവും അവന്റെ സന്തോഷവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഒന്നില്ലാതെ മറ്റത് ഉണ്ടാവില്ല. ഇത് എല്ലാവര്‍ക്കും തന്നെ അറിയാവുന്ന സാധാരണ കാര്യമാണ്. അതുകൊണ്ടു തന്നെ മക്കളെ പ്രശംസിച്ച് അവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ധിപ്പിക്കാന്‍ ഇന്നത്തെ മാതാപിതാക്കള്‍ അതീവ ശ്രദ്ധാലുക്കളാണ്. സ്വന്തം കുട്ടി വെറുതെ കുത്തിവരച്ചാല്‍ മതി അവനെ പിക്കാസോ ആയി പ്രഖ്യാപിക്കാനായിരിക്കും പിന്നത്തെ ശ്രമം. ഒരു ഗോളടിച്ചാല്‍ മതി മറഡോണയുടെ പത്താംനമ്പര്‍ ജേഴ്‌സി അണിയിക്കുകയായിരിക്കും പിന്നത്തെ പരിപാടി. സൂക്ഷിക്കുക, ഇത്തരം പ്രശംസകള്‍ വിപരീതഫലം ഉണ്ടാക്കാനാണ് സാധ്യത.

നിങ്ങളുടെ പ്രശംസ കിട്ടണമെങ്കില്‍ നേട്ടങ്ങള്‍ ഉണ്ടാക്കണമെന്ന ധാരണ കുട്ടികളിലേക്കു കടന്നുകൂടും. വിജയിക്കാനായില്ലെങ്കില്‍ മാതാപിതാക്കളുടെ സ്നേഹവും താല്‍പര്യവും നഷ്ടപ്പെട്ടേക്കുമെന്ന ഭയത്തിലേക്ക് കുട്ടി വഴുതിവീഴും. പൂര്‍ണ്ണമായും സ്വന്തം നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളാണ് ഒരുവന്റെ ബുദ്ധിയും സൌന്ദര്യവും കായിക ക്ഷമതയും. നിങ്ങളുടെ പ്രശംസ ഇവയെ കേന്ദ്രീകരിച്ചുള്ളതാണെങ്കില്‍ കുട്ടിയുടെ ആത്മവിശ്വാസം പിന്നീട് തകര്‍ന്നു പോകാന്‍ സാധ്യതയുണ്ട്. പ്രശംസകള്‍ അധികമാകുമ്പോള്‍ അവരില്‍ പേടിയും ഉളവാകുന്നു. ബുദ്ധിയുടെ പേരില്‍ പ്രശംസ കിട്ടിക്കൊണ്ടിരുന്ന കുട്ടികള്‍ ഒരുതരം പേടിയിലേക്ക് വഴുതിവീഴാന്‍ ഇടയുണ്ട്. എപ്പോഴെങ്കിലും പഠനത്തില്‍ പുറകോട്ടുപോയാല്‍ താന്‍ വേണ്ടപ്പെട്ടവന്‍ അല്ലാതായിത്തീരുമോ എന്ന ഭയം. പ്രശംസയും പ്രോത്സാഹനവും പാടേ നിര്‍ത്തുക എന്നതല്ല. മറിച്ച് അവയുടെ രീതി മാറ്റുക എന്നതാണ്. പ്രശംസിക്കേണ്ടത് കുട്ടിയുടെ പരിശ്രമത്തെയാണ്; അല്ലാതെ അതില്‍ നിന്ന് ഉണ്ടാകുന്ന ഫലത്തെയാകരുത്. കുട്ടി കൈവരിക്കുന്ന നേട്ടത്തെക്കാളുപരി അവന്റെ കഠിനാദ്ധ്വാനത്തെയും, ക്രിയാത്മകതയെയും, സ്ഥിരോത്സാഹത്തേയും പ്രോത്സാഹിപ്പിക്കുക.

”വളര്‍ച്ചാ മനോഭാവം” കുട്ടികളില്‍ കരുപിടിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. കഠിനാധ്വാനത്തിലൂടെയും സ്ഥിരമായ പരിശീലനത്തിലൂടെയും ജീവിതവിജയം നേടാനാവുമെന്ന വിശ്വാസത്തെ വളര്‍ച്ചാ മനോഭാവമെന്ന് നമുക്ക് വിളിക്കാം. ഇത്തരം വളര്‍ച്ചാ മനോഭാവം കൈവശമുള്ളകുട്ടികള്‍ തങ്ങളുടെ കടമകള്‍ മെച്ചമായി ചെയ്യുകയും അവ ആസ്വദിക്കുകയും ചെയ്യും. പരാജയപ്പെട്ടാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്നതിനെക്കുറിച്ച് അവര്‍ക്ക് ആശങ്കയില്ല. ഇത്തരം മനോഭാവം വളര്‍ത്തിയെടുക്കാനുള്ള മാര്‍ഗ്ഗം കുട്ടികളുടെ പരിശ്രമത്തിലേക്ക് നിങ്ങളുടെ പ്രശംസ തിരിച്ചു വിടുക എന്നതാണ്. ”മോന്‍ നന്നായി ചെയ്തു. നീ ശരിക്കും പരിശ്രമിച്ചു കാണണം.”

കുട്ടികളെ പ്രശംസിക്കരുതെന്നല്ല; പ്രശംസിക്കുക തന്നെ വേണം. നിങ്ങളുടെ പ്രശംസയുടെ ഫോക്കസ് കുട്ടിയുടെ പരിശ്രമത്തിലും സ്ഥിരോത്സാഹത്തിലുമായിരിക്കണം. അതൊക്കെയാണ് അവന് നിയന്ത്രിക്കാവുന്നതും, വളര്‍ത്തിക്കൊണ്ടുവരാവുന്നതും. അല്ലാതെ അവന്റെ ടാലന്റിന്റെയും, നൈസര്‍ഗിക വാസനകളുടെയും മേല്‍ അവന് യാതൊരു നിയന്ത്രണവുമില്ലെന്ന് എപ്പോഴും ഓര്‍ക്കണം.

5. ജയിക്കാനും തോല്‍ക്കാനും അനുവദിക്കുക

പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയാണ് അവരുടെ ആത്മവിശ്വാസം വളര്‍ത്താനുള്ള എളുപ്പവഴി. ഓരോ രംഗത്തും അവന്‍ നേടുന്നകഴിവും പ്രാവീണ്യവുമാണ് കുട്ടിയുടെ ആത്മവിശ്വാസത്തെ വളര്‍ത്തുന്നത്. കൊച്ചുകുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ ചെയ്യുന്ന ഏതുകാര്യത്തി ലും പ്രാവീണ്യം നേടാനുള്ള സാധ്യത അവര്‍ക്കുണ്ട്. കാരണം എല്ലാം അവര്‍ക്ക് പുതിയതാണ് പിച്ചവച്ചുനട ക്കാനും, ഉടിപ്പിടാനും, സൈക്കിള്‍ ചവിട്ടാനും, സ്വന്തമായി പല്ലുതേക്കാനുമുള്ള കഴിവുകള്‍ തുടങ്ങിയവ എല്ലാം. ഇവയെല്ലാം സ്വയം ചെയ്യാന്‍ കുട്ടികളെ അനുവദിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. പലപ്പോഴും രക്ഷിതാക്കള്‍ ചെയ്യുന്ന ഏറ്റവും വലിയതെറ്റ് മക്കള്‍ക്കുവേണ്ടി അവര്‍ ഒത്തിരിക്കാര്യങ്ങള്‍ ചെയ്തുകൊടുക്കു ന്നു എന്നതാണ്.

സ്വന്തം മക്കള്‍ കഷ്ടപ്പടുന്നത് കണ്ടുനില്‍ക്കുക അച്ഛനമ്മമാര്‍ക്ക് ബുദ്ധിമുട്ടാണ്. പക്ഷേ അവരെ പരാജയപ്പെടാന്‍ അനുവദിച്ചില്ലെങ്കില്‍ ഒരു കാര്യം ചെയ്തു പ്രാവീണ്യം ചെയ്യുന്നതിന്റെ സന്തോഷം അനുഭവിക്കാന്‍ അവര്‍ക്ക് ഒരിക്കലും സാധിക്കുകയില്ല. ഒരു കാര്യത്തിലും ആദ്യപരിശ്രമം വിജയത്തില്‍ എത്തില്ല. ആവര്‍ത്തിച്ചുള്ള പരിശ്രമങ്ങളിലൂടെയും തുടര്‍ച്ചയായ പരിശീലനത്തിലൂടെയുമാണ് ഒരുകാര്യത്തിന് കഴിവും പ്രാവീണ്യവും ആര്‍ജിക്കാനാവുന്നത്. ഇത്തരം അനുഭവങ്ങള്‍ കൂടിവരുന്നതോടെ കുട്ടിയുടെ ആത്മവിശ്വാസം വര്‍ധിച്ചു വരും. ഭാവിയില്‍ ഉണ്ടാകാവുന്ന വെല്ലുവിളികളെ ശുഭാപ്തി വിശ്വാസത്തോടും ആത്മധൈര്യത്തോടും അഭിമുഖീകരിക്കാന്‍ സാധിക്കുന്നത് ഇങ്ങനെയാണ്. സന്തോഷകരമായ ജീവിതത്തിനുള്ള മാര്‍ഗ്ഗമിതാണ്.

6. ഉത്തരവാദിത്വങ്ങള്‍ഏല്‍പ്പിക്കുക

ഞാന്‍ വേണ്ടപ്പെട്ടവനാണ്, എന്നെ എല്ലാവരും വിലമതിക്കുന്നു, എന്ന ചിന്തയാണ് സന്തുഷ്ട ജീവിതത്തിന് അടിസ്ഥാനം. ഇതില്ലെങ്കില്‍ പുറന്തള്ളപ്പെട്ടതായും ഒറ്റപ്പെടുത്തപ്പെട്ടതായും ഒരുവന് അനുഭവപ്പെടാം. മനുഷ്യന്‍ ഏറ്റവുംകൂടുതല്‍ ഭയപ്പെടുന്നത് ഒറ്റപ്പെടുത്തലിനെയാണ്.
ഇത് വിരല്‍ചൂണ്ടുന്നത് ഏതൊരു മനുഷ്യന്റെയും പ്രധാനപ്പെട്ടൊരു അടിസ്ഥാന ആവശ്യത്തിലേക്കാണ്. അതായത് എന്നെക്കൊണ്ട് മറ്റുള്ളവര്‍ക്ക് ആവശ്യമുണ്ട് എന്ന തോന്നല്‍. കുഞ്ഞുന്നാള്‍ മുതലേ ഇത് വളര്‍ത്തിയെടുക്കാന്‍ പറ്റും. വീട്ടുജോലികളില്‍ കുട്ടികളെയും പങ്കെടുപ്പിക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. തന്റേതായ സംഭാവന വീട്ടുകാര്യങ്ങളില്‍ നല്‍കുന്നുണ്ടെന്ന ബോധം കുട്ടികളില്‍ അങ്ങനെ വളര്‍ന്നു വരും.
മൂന്നുനാലു വയസ്സുള്ള കുട്ടികളെ പോലും വീട്ടുജോലികളില്‍ പങ്കെടുപ്പിക്കാം. ഓരോരുത്തരുടെയും പ്രായവും കഴിവും നോക്കി വേണംജോലികള്‍ ഏല്‍പ്പിക്കാന്‍. ചെടിനനക്കുക; വളര്‍ത്തു മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുക, മുറി വൃത്തിയാക്കുക തുടങ്ങിയ വീട്ടുജോലികളിലൊക്കെ കുട്ടികളെ പങ്കെടുപ്പിക്കാവുന്നതാണ്. വീട്ടിലെ കാര്യങ്ങള്‍ക്ക് അവരും സംഭാവന ചെയ്യുന്നുവെന്ന് നിങ്ങള്‍ അംഗീകരിക്കുമ്പോള്‍ അവരുടെ ആത്മ വിശ്വാസം വര്‍ധിക്കും, വേണ്ടപ്പെട്ടവനാണെന്ന തോന്നലും ഉണ്ടാകും. നീണ്ടുനില്‍ക്കുന്ന സന്തോഷത്തിന് ഇത് നിദാനമാകുകയും ചെയ്യും.

7. നന്ദിയുടെ ശീലം

നന്ദിയും സന്തോഷവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഹൃദയത്തില്‍ നിറയെ നന്ദിയുടെ വികാരമുള്ളവര്‍ സന്തുഷ്ടരുമായിരിക്കും. ദൈവത്തില്‍ നിന്നും മറ്റുളളവരില്‍നിന്നും പ്രകൃതിയില്‍ നിന്നും അനേകം കാര്യങ്ങള്‍ അനുദിനം നാം സ്വീകരിക്കുന്നുണ്ട്. അവരോടൊക്കെ നമ്മള്‍ കടപ്പെട്ടവരുമാണ്. ചെറുപ്പം മുതലേ നന്ദിയുടെയും കടപ്പാടിന്റെയും രീതികള്‍ കുട്ടികളെ പരിശീലിപ്പിക്കണം. നന്ദിപറയേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കാനും നന്ദിപറയാനും കുട്ടികളെ പരിശീലിപ്പിക്കണം.
ഒരു കുടുംബം. അച്ഛനും അമ്മയും മൂന്നു മക്കളും. അത്താഴ നേരത്ത് ഓരോരുത്തരും പറയും അന്നയാള്‍ക്ക് കിട്ടിയ ഏറ്റവും വലിയനന്മ. അഥവാ, നന്ദിയോടെ ഓര്‍ക്കുന്ന കാര്യം. ഇത് ആ കുടുംബത്തിലെ മുടങ്ങാത്ത പതിവാണ്. ഓര്‍ത്തിരിക്കുക നന്ദിയുള്ള മനസ്സ് നിങ്ങളെ നീണ്ടുനില്‍ക്കുന്ന സന്തോഷത്തിലേക്ക് നയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here