നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ക്കഴിയുന്ന ദിലീപിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങള്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയില്‍നിന്ന് അന്വേഷണസംഘത്തിനു ലഭിച്ചതായി സൂചന. അപ്പുണ്ണി ഉപയോഗിച്ച ഫോണുകള്‍ ശാസ്ത്രീയപരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പകല്‍ 11 നാണ് ചോദ്യംചെയ്യലിനായി അപ്പുണ്ണി എന്ന സുനില്‍ രാജ് ആലുവ പൊലീസ് ക്ളബ്ബില്‍ എത്തിയത്. ആറുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന തെളിയിക്കുന്ന ഫോണ്‍വിളികളുടെ വിവരങ്ങളടക്കം പൊലീസിനു ലഭിച്ചതായാണ് വിവരം.
തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും മാനേജര്‍ എന്ന നിലയില്‍ പലരും തന്നെ വിളിക്കാറുണ്ടെന്നും ദിലീപിനൊപ്പം സഞ്ചരിക്കാറുണ്ടെന്നുമാണ് അപ്പുണ്ണി അറിയിച്ചത്. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകാമെന്ന ഉറപ്പിലാണ് അപ്പുണ്ണിയെ വിട്ടയച്ചത്. പരസ്യചിത്രങ്ങളുടെ സംവിധായകന് ശ്രീകുമാര്‍ മേനോനെയും അന്വേഷണസംഘം വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചു.ദിലീപിന്റെ അറസ്റ്റോടെ ഒളിവില്‍പ്പോയ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന്ശേഷം പൊലീസ് നോട്ടീസ് നല്‍കിയാണ് വിളിച്ചുവരുത്തിയത്.
പള്‍സര്‍ സുനി ജയിലില്‍നിന്ന് തന്നെ വിളിച്ചതായും ജയിലില്‍ സുനിക്കുവേണ്ടി എഴുതിയ കത്ത് വിഷ്ണു തനിക്ക് വാട്സ്ആപ് ചെയ്തിരുന്നതായും അപ്പുണ്ണി സമ്മതിച്ചു. അപ്പുണ്ണിയും സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവും ഏലൂരിലെ ടാക്സിസ്റ്റാന്ഡിനടുത്ത് കണ്ടതിന്റെ തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. ദിലീപ് അഭിനയിച്ച 10 സിനിമകളുടെ സെറ്റില്‍ പള്‍സര്‍ സുനി എത്തിയതായി പൊലീസിന് വിവരം ലഭിച്ചു. 2013 മാര്‍ച്ച്മുതല്‍ 2016 നവംബര്‍വരെയുള്ള മൂന്നരവര്‍ഷം ദിലീപ് അഭിനയിച്ച ചിതങ്ങളാണിത്. ഇക്കാലത്ത് 17 സിനിമകളില്‍ ദിലീപ് അഭിനയിച്ചു. ഇതില്‍ ചില സിനിമകളുടെ സെറ്റില്‍വച്ചായിരുന്നു ഗുഢാലോചനയെന്നാണ് പൊലീസ് പറയുന്നത്. സുനി എത്തിയ സിനിമകളുടെ അണിയറപ്രവര്‍ത്തകരില്‍നിന്ന് മൊഴിയെടുത്തിട്ടുണ്ട്. ഇവയില്‍ ചില ചിത്രങ്ങളില്‍ കാവ്യയും നായികയായിരുന്നു. എന്നാല്‍, സുനിയെ കണ്ടിട്ടില്ലെന്നാണ് കാവ്യയുടെ മൊഴി. അതുകൊണ്ടാണ് കാവ്യയെ വീണ്ടും ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ശേഖരിച്ച മൊഴികളില്‍ പരാമര്‍ശമുള്ളതിന്റെ അടിസ്ഥാനത്തിലാണ് സംവിധായകന് ശ്രീകുമാര്‍ മേനോന്റെ മൊഴിയെടുത്തത്. വിവാഹമോചനത്തിനുശേഷം തിരിച്ചെത്തിയ മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച പരസ്യചിത്രത്തിന്റെ സംവിധായകനായിരുന്നു ഇദ്ദേഹം.